
പ്രൊട്ടീന്റെ അഭാവം ശരീരത്തില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൈകാലുകളിലെ വീക്കം,മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം, മുടികൊഴിച്ചിലും ചര്‍മ്മ പ്രശ്‌നങ്ങളും ഒക്കെ പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യത്തിന് പ്രൊട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരം മുന്നറിയിപ്പ് ലക്ഷണങ്ങള്‍ കാണിക്കും. പല ആദ്യകാല ലക്ഷണങ്ങളും മറ്റ് പല പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ശ്രദ്ധിക്കാതെ പോവുകയും ചെയ്യുന്നു. ഒരിക്കലും അവഗണിക്കരുതാത്ത പ്രൊട്ടീന്‍ കുറവിന്റെ ചില ലക്ഷണങ്ങള്‍ ഇവയാണ്.
എഡിമ
പ്രൊട്ടീന്‍ കുറവിന്റെ ഒരു സാധാരണ ലക്ഷണമാണ് എഡിമ. ശരീരകലകളില്‍ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന വീക്കം ആണ് ഇത്. കൈകാലുകളിലും വയറിലും നീര്‍വീക്കം ഉണ്ടായേക്കാം. പ്രോട്ടീന്റെ അളവ് കുറയുമ്പോള്‍, രക്തക്കുഴലുകളില്‍ നിന്ന് ദ്രാവകം ചുറ്റുമുള്ള കലകളില്‍ അടിഞ്ഞുകൂടുകയും ഇത് വീക്കം ഉണ്ടാക്കുകയും ചെയ്യും. നീര്‍വീക്കത്തിന് മറ്റ് പല കാരണങ്ങള്‍ കൂടി ഉള്ളതുകൊണ്ട് ഡോക്ടറെ കണ്ട് പരിശോധിച്ച് ശരിക്കുള്ള കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്.
മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍
പ്രൊട്ടീന്‍ പേശികളെ വളര്‍ത്താനും കലകള്‍ നന്നാക്കാനും മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രൊട്ടീന്റെ അഭാവം മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താനും ചിന്തിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാനും ഇടയാക്കും. പ്രൊട്ടീനുകള്‍ അമിനോ ആസിഡുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവ സെറോടോണിന്‍, ഡോപാമൈന്‍, നോര്‍പിനെഫ്രിന്‍ തുടങ്ങിയ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ നിര്‍മ്മാണത്തിന് സഹായിക്കുന്നു. ഈ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ മാനസികാവസ്ഥ, ശ്രദ്ധ, വൈകാരിക സ്ഥിരത എന്നിവയെ നിയന്ത്രിക്കുന്നു. പ്രൊട്ടീന്‍ അളവ് കുറയുന്നത് വിഷാദം, ക്ഷോഭം, ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമായേക്കാം.
നിരന്തരമായ ക്ഷീണം
എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? എങ്കില്‍ ശരീരത്തിലെ പ്രൊട്ടീന്‍ അളവ് പരിശോധിക്കേണ്ട സമയമായി എന്നാണ് അര്‍ഥം. മതിയായ വിശ്രമത്തിനു ശേഷവും ക്ഷീണം തോന്നുന്നത് പ്രൊട്ടീന്‍ കുറവിന്റെ ഒരു മുന്നറിയിപ്പാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഊര്‍ജ്ജത്തിന് ആവശ്യമായ എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും പ്രൊട്ടീന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രൊട്ടീന്‍ അളവ് കുറയുമ്പോള്‍, അത് വിട്ടുമാറാത്ത ക്ഷീണം, മന്ദത, മാനസിക വ്യക്തതയില്ലായ്മ എന്നിവയിലേക്ക് നയിച്ചേക്കാം. ഊര്‍ജ്ജക്കുറവും ക്ഷീണവും അനുഭവപ്പെടുകയാണെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
മുടിയുടെയും നഖത്തിന്റെയും ആരോഗ്യം, ചര്‍മ്മ പ്രശ്‌നങ്ങള്‍
ശരീരത്തിലെ പ്രൊട്ടീന്‍ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലും, നഖത്തിലും, മുടിയിലും പ്രത്യക്ഷപ്പെടുന്നു. കെരാറ്റിന്‍, കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങിയ പ്രോട്ടീനുകള്‍ ആരോഗ്യമുള്ള മുടി, നഖങ്ങള്‍, ചര്‍മ്മം എന്നിവയ്ക്ക് വളരെ പ്രധാനമാണ്. അതിനാല്‍ പ്രൊട്ടീന്റെ അഭാവം മുടി കൊഴിച്ചില്‍, മുടി കനം കുറയല്‍, നഖങ്ങള്‍ പൊട്ടുക, വരണ്ടതും അടര്‍ന്നുപോകുന്നതുമായ ചര്‍മ്മം എന്നിവയ്ക്ക് കാരണമാകും.
വിശപ്പ്
ആവശ്യത്തിന് പ്രൊട്ടീന്‍ കഴിക്കുന്നില്ലെങ്കില്‍ വിശപ്പ് അനുഭവപ്പെടും. കാര്‍ബോഹൈഡ്രേറ്റുകള്‍ക്കും കൊഴുപ്പുകള്‍ക്കും ഒപ്പം ഊര്‍ജ്ജത്തിന്റെ മൂന്ന് സ്രോതസ്സുകളില്‍ ഒന്നായതിനാല്‍ പ്രോട്ടീന്‍ ശരീരത്തിന് ഇന്ധനമായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിന് പ്രൊട്ടീന്‍ ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ സമയം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഊര്‍ജ്ജത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
Content Highlights :You can find out if your body is lacking protein. These are the symptoms of protein deficiency.