കരയാന്‍ തോന്നിയാല്‍ കരഞ്ഞേക്കണം, പൊട്ടി പൊട്ടി കരഞ്ഞേക്കണം; കരച്ചിലിനുമുണ്ട് ധാരാളം ഗുണങ്ങള്‍

കരച്ചില്‍ ശരീരത്തിന് നല്ലതാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കണ്ണുനീരിന് മനസിലെ വിഷമങ്ങള്‍ കഴുകി കളയാനും ഹൃദയ സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും.

dot image

നാണമുണ്ടോ നിനക്കിങ്ങനെ കരയാന്‍, കരഞ്ഞ് കരഞ്ഞ് സ്വന്തം വില കളയല്ലേ.. ഇങ്ങനെയല്ലേ കരയുമ്പോള്‍ ചിലരെങ്കിലും പ്രതികരിച്ചിട്ടുണ്ടാവുക. മുതിര്‍ന്നവര്‍ കരയാന്‍ പാടില്ല, പുരുഷന്മാര്‍ കരയുന്നത് നാണക്കേടാണ് എന്നൊക്കെയാണ് സമൂഹത്തിന്റെ പൊതുധാരണ. എന്നാല്‍ അതൊന്നുമല്ല യാഥാര്‍ഥ്യം. കരയാന്‍ തോന്നിയാല്‍ അങ്ങ് പൊട്ടികരഞ്ഞേക്കണം. അതിലൊരു നാണക്കേടും വിചാരിക്കേണ്ടതില്ല. കരച്ചില്‍ ശരീരത്തിന് നല്ലതാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കണ്ണുനീരിന് മനസിലെ വിഷമങ്ങള്‍ കഴുകി കളയാനും ഹൃദയ സമ്മര്‍ദ്ദം കുറയ്ക്കാനും കഴിയും.

എന്തൊക്കെയാണ് കരയുമ്പോള്‍ ലഭിക്കുന്ന ഗുണങ്ങള്‍

സങ്കടവും സന്തോഷവും അഭിമാനവും ഒക്കെ തോന്നുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറയും. ഏതെങ്കിലും ഒരു വികാരത്തിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് കരച്ചില്‍. കരയുമ്പോള്‍ ശരീരത്തില്‍ ചില പ്രത്യേക രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ശരീരം എന്‍ഡോര്‍ഫിനുകളും ഓക്‌സിടോസിനും പുറത്തുവിടുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് വ്യക്തിക്ക് സമാധാനവും ആശ്വാസവും നല്‍കുന്നു. ഈ പ്രകൃതിദത്ത കെമിക്കല്‍ മെസഞ്ചറുകള്‍ ശാരീരിക വേദനയ്‌ക്കൊപ്പം വൈകാരിക ക്ലേശങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. അതുപോലെ സ്‌ട്രെസ് ഹോര്‍മോണ്‍ നിര്‍മ്മിക്കാന്‍ ശരീരം ഉപയോഗിക്കുന്ന രാസവസ്തുക്കളും കരച്ചിലിലൂടെ പുറംതള്ളപ്പെടുന്നു. ശരീരത്തിന് ഒരു മസാജിലൂടെ ലഭിക്കുന്ന അതേ ഗുണങ്ങള്‍ കരച്ചിലിലൂടെയും ലഭിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനും കൃഷ്ണമണിക്കും കണ്‍പീലികള്‍ക്കും ഒക്കെ നന്നായി പ്രവര്‍ത്തിക്കാനും കരച്ചില്‍ സഹായകമാണ്.

കരച്ചിലിന് ശേഷം നല്ല ഉറക്കം ലഭിക്കും

കരഞ്ഞതിന് ശേഷം ഒരാളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടാറുണ്ട്. കരച്ചിലിന് ശേഷം മസ്തിഷ്‌കം ശാന്തമാകുകയും ശരീരത്തിന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. ഇത് വേഗത്തിലും ആഴത്തിലുമുള്ള ഉറക്കത്തിലേക്ക് നയിക്കുന്നു. സമൂഹത്തില്‍ കരച്ചിലിനെക്കുറിച്ചുള്ള നെഗറ്റീവായുളള കാഴ്ചപ്പാട് മാനസികാരോഗ്യത്തെ ബാധിക്കുന്നു. കുട്ടികളോട് 'ആണ്‍കുട്ടികള്‍ കരയില്ല' എന്നോ 'ഇത്ര ചെറിയ കാര്യത്തിന് എന്തിനാ കരയുന്നത്' എന്നോ ഒക്കെ പറയുമ്പോള്‍ അവര്‍ തങ്ങളുടെ വികാരങ്ങളെ അടിച്ചമര്‍ത്തും. ഈ ശീലം വലുതാകുമ്പോള്‍ ഉത്കണ്ഠ, വിഷാദം, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം.

ചിരിയെപ്പോലെ തന്നെ കരച്ചിലും നമ്മുടെ മാനസികാരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. നമ്മുടെ ഉള്ളില്‍ ഒതുങ്ങിക്കിടക്കുന്ന വികാരങ്ങളെ പുറത്തുവിടാനും സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള ഒരു മാര്‍ഗ്ഗമാണ്. കരച്ചില്‍ ജൈവപരവും മാനസികവുമായ പ്രക്രിയയാണ്. അതിനെ അടിച്ചമര്‍ത്തുന്നത് അപകടകരമാണ്. അതിനാല്‍, ഹൃദയം ഭാരമുള്ളതായി തോന്നുകയും കണ്ണുകള്‍ നിറയുകയും ചെയ്യുമ്പോള്‍ സ്വയം കരയാന്‍ അനുവദിക്കുക.

Content Highlights :Medical science says that crying is good for the body

dot image
To advertise here,contact us
dot image