
അനിയന്ത്രിതമായ കോശ വളര്‍ച്ച മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. വിവിധ കാരണങ്ങള്‍ കൊണ്ട് കാന്‍സര്‍ വന്നേക്കാം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജീവിത ശൈലി. ചിട്ടയോടെയുള്ള ജീവിതശൈലി നിങ്ങളെ ഒരുവിധപ്പെട്ട രോഗത്തില്‍ നിന്നെല്ലാം അകറ്റിയേക്കാം. എന്നാല്‍ ചിട്ടയായ ജീവിത ശൈലി സ്വീകരിച്ചിട്ടും കാന്‍സര്‍ രോഗം തനിക്ക് വന്നത് തന്നെ ഞെട്ടിച്ചുവെന്നാണ് 29 കാരിയായ മോണിക്ക ചൗധരി എന്ന യുവതി പറയുന്നത്. സമ്മര്‍ദ്ദം മൂലം എപ്പോഴോ തന്റെ ആരോഗ്യത്തില്‍ ശ്രദ്ധ നഷ്ടപ്പെട്ടതായും, ഒടുവില്‍ താന്‍ കാന്‍സര്‍ ബാധിതയായെന്നുമാണ് യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തിയായിരുന്നു താനെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ഭക്ഷണക്രമം നന്നായി ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെന്നും യുവതി പറയുന്നു. 'വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണങ്ങള്‍ എനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ല. എന്റെ സ്വന്തം വെബ്സൈറ്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍, അത് എന്നെ ഇത്രത്തോളം അവശയാക്കുമെന്ന് കരുതിയില്ല. നീണ്ട ജോലി സമയം, സ്‌ക്രീന്‍ ടൈം, സമ്മര്‍ദ്ദം എന്നിവ എന്നെ പതുക്കെ മാനസികമായും ശാരീരികമായും ബാധിക്കാന്‍ തുടങ്ങി.
ഞാന്‍ വളരെ ക്ഷീണിതയായി. ഇതിനിടയില്‍ ഞാന്‍ ശീലിച്ച് വന്ന ദിനചര്യകളുമായുള്ള ബന്ധം പൂര്‍ണ്ണമായും എനിക്ക് നഷ്ടപ്പെട്ടു. മുമ്പ് ഞാന്‍ വളരെ സജീവമായിരുന്നു. വൈകുന്നേരത്തെ ഓട്ടങ്ങള്‍ എന്റെ ദൈനംദിന ദിനചര്യയുടെ ഭാഗമായിരുന്നു. പക്ഷെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ആരോഗ്യം ശ്രദ്ധിക്കാതെയായി. താമസിയാതെ തന്റെ ശരീരം ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി' മോണിക്ക വ്യക്തമാക്കി. നാലാം ഘട്ട കൊളോറെക്ടല്‍ കാന്‍സര്‍ ബാധിതയാണ് മോണിക്ക. സമ്മര്‍ദ്ദം, ക്ഷീണം, കാലക്രമേണ പൂര്‍ണ്ണമായ ശാരീരിക അവഗണന എന്നിവയുടെ ഫലമായിരുന്നു രോഗമെന്നാണ് മോണിക്ക പറയുന്നത്.
സമ്മര്‍ദ്ദം
വിട്ടുമാറാത്ത സമ്മര്‍ദ്ദം ഉത്കണ്ഠയ്ക്കും അപകടകരമാണ്. ജീവിതത്തിൽ ഉണ്ടാവുന്ന കടുത്ത സമ്മര്‍ദ്ദം ശരീരത്തെ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ (സ്‌ട്രെസ് ഹോര്‍മോണുകള്‍) എന്നിവ ഉത്പാദിപ്പിക്കുന്നു. ഇത് അസാധാരണമായ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാവും. സമ്മർദ്ദ ഹോർമോണുകളുടെ സാന്നിദ്ധ്യം ഡിഎൻഎ നാശത്തിനും കാൻസർ കോശ വികസനത്തെ ചെറുക്കുന്ന അവശ്യ പ്രോട്ടീനുകളുടെ തടസ്സങ്ങൾക്കും കാരണമായേക്കാം
അമിത ജോലി
അമിതമായി ജോലി ചെയ്യുന്നവരിലും ആവശ്യത്തിന് വിശ്രമം ലഭിക്കാത്തവരിലും കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കൃത്യമല്ലാത്ത ഭക്ഷണക്രമം, വ്യായാമ കുറവ്, കൂടുതൽ സമയത്തെ ജോലി എന്നിവ ശരീരത്തിൻ്റെ താളം തെറ്റിച്ചേക്കാം. ഇതുകൂടാതെ പുകവലി, മദ്യപാന ശീലങ്ങൾ എന്നിവ കാൻസർ സാധ്യതാ ഘടകങ്ങളായി മാറാം. ജോലി സംബന്ധമായ സമ്മർദ്ദവും ദീർഘമായ ജോലി സമയവും സ്തന, ശ്വാസകോശ, വൻകുടൽ കാൻസർ നിരക്കുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ശാസ്ത്രീയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു,
ഉറക്കക്കുറവ്
ശരീരത്തിന് സ്വയം സുഖപ്പെടുത്താനും രോഗപ്രതിരോധ സംവിധാനത്തെ കേടുപാടുകളില്ലാതെ സംരക്ഷിക്കാനും ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവരിൽ ഉറക്ക രീതികള്‍ നിയന്ത്രിക്കാനും കാന്‍സറിനെതിരെ പോരാടാനും സഹായിക്കുന്ന മെലറ്റോണിന്‍ ഹോര്‍മോണിന്റെ ഉത്പാദനം തടസ്സപ്പെട്ടേക്കാം. മതിയായ ഉറക്കം ലഭിക്കാത്തത് കാൻസർ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നും ഗവേഷണങ്ങള്‍ പറയുന്നു. ഉറക്കക്കുറവ് പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇവ കാന്‍സര്‍ കോശങ്ങളെ വികസിപ്പിക്കാന്‍ സഹായിക്കുന്നു.
Content Highlights- Overtime work, stress, lack of sleep; may cause cancer