
തടി കൂടുതലാണോ? എങ്കില്‍ ചോറ് മാറ്റി ചപ്പാത്തി കഴിച്ചൂടെ.. പലരും കേട്ടിട്ടുള്ള ഒരു ചോദ്യമായിരിക്കും ഇത്. ചപ്പാത്തി കഴിച്ചാല്‍ വണ്ണം കുറയുമെന്ന് കേള്‍ക്കാത്ത ആരും തന്നെയുണ്ടാവില്ല അല്ലെ. ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ച പലരുടെയും ആദ്യത്തെ പരീക്ഷണവും ചപ്പാത്തിയില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ ചപ്പാത്തി പ്രയോഗത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് പരിശോധിക്കാം.
ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചതുകൊണ്ട് വണ്ണം കുറയില്ല. ഭക്ഷണത്തിന്റെ അളവാണ് പ്രധാനം. ഒരു പിടി ചോറ് കഴിക്കുന്നവരാണെങ്കിൽ, 3 ചപ്പാത്തി കഴിക്കുന്നവരെക്കാൾ നല്ലതാണ്. ചോറ് ഒഴിവാക്കി 5 ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയില്ല. ചപ്പാത്തി കഴിക്കുന്ന അളവാണ് ശരീര ഭാരം കുറയ്ക്കുന്നതിൽ നിർണായകമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വർക്ക്ഔട്ട് ചെയ്യുകയും ചെയ്താൽ വണ്ണം കുറയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രോട്ടീൻ കഴിക്കാതിരിക്കുക, അന്നജം കുറയ്ക്കുക, വിശപ്പ് മാറാൻ വേണ്ടി മാത്രം ചപ്പാത്തി പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക, കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും പൂർണമായും ഒഴിവാക്കുക ഇവയൊക്കെ പേശികളുടെ ബലക്കുറവിന് ഇടയാക്കും. ഭക്ഷണക്രമം നിയന്ത്രിക്കുന്നതിനൊപ്പം വർക്ക്ഔട്ടും കൂടി ചെയ്താൽ ആരോഗ്യപരമായ രീതിയിൽ വണ്ണം കുറയ്ക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവിന്റെ തരവും ശരീരഭാരം കൂടുന്നതിനോ കുറയ്ക്കുന്നതിനോ കാരണമാകുന്നു. നാരുകൾ അടങ്ങിയ മാവ് ചപ്പാത്തി തയ്യാറാക്കാനായി തിരഞ്ഞെടുക്കുക, ഇത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നത് മന്ദഗതിയിലാക്കുന്നു. ബാർലി, ജോവർ, പയർവർഗ്ഗങ്ങൾ, മൾട്ടി-ഗ്രെയിൻ മാവ് എന്നിവ പോലുള്ള മാർഗ്ഗങ്ങൾ പരിഗണിക്കുക.
Content Highlight; Rice vs Chapati: Which Is Better for Weight Loss?