ചെറിയ മറവികൾ നിസാരമായി തള്ളേണ്ട; ഡിമെൻഷ്യയുടെ തുടക്കമായിരിക്കും: പ്രാരംഭ ലക്ഷണങ്ങളെ കുറിച്ച് പുതിയ പഠനം

13 പഠനങ്ങളിലായി 30,000-ത്തിലധികം വ്യക്തികളിൽ നടത്തിയ ഗവേഷങ്ങളിൽ നിന്ന് എടുത്ത ഡാറ്റ ഉൾപ്പെടുത്തിയാണ് പഠനം

dot image

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗാവസ്ഥകളിൽ ഒന്നാണ് ഡിമെൻഷ്യ. അൽഷിമേഴ്‌സ് അടക്കമുള്ള നിരവധി രോഗങ്ങൾ കാരണം ഡിമെൻഷ്യ എന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ ദൈനംദിന പ്രവർത്തനങ്ങൾ പോലും ഇല്ലാതാവുന്ന അവസ്ഥ കൂടിയാണിത്.

വാസ്‌കുലർ ഡിമെൻഷ്യ, ലെവി ബോഡി ഡിമെൻഷ്യ, ഫ്രോണ്ടോ-ടെമ്പറൽ ഡിമെൻഷ്യ, മിക്‌സഡ് ഡിമെൻഷ്യ നിരവധി രോഗാവസ്ഥകൾ ഉണ്ട്. എന്നാൽ ഇത്തരം ഡിമെൻഷ്യകൾക്ക് മുമ്പായി തന്നെ ആളുകളിൽ ലക്ഷണങ്ങൾ മൂന്നരവർഷങ്ങൾക്ക് മുമ്പ് തന്നെ കാണിച്ചു തുടങ്ങുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.

13 പഠനങ്ങളിലായി 30,000-ത്തിലധികം വ്യക്തികളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് എടുത്ത ഡേറ്റ ഉൾപ്പെടുത്തിയാണ്. ഇന്റർനാഷണൽ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ പുതിയ പഠനം പ്രസിദ്ധീകരിച്ചത്. ചെറുപ്പത്തിൽ തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് സമയമെടുക്കുമെങ്കിലും രോഗം പൂർണമായി ബാധിക്കുന്നതിനും മൂന്ന് മുതൽ നാല് വർഷം മുമ്പ് വരെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമെന്നാണ് പഠനത്തിൽ പറയുന്നത്.

നേരിയ ഡിമെൻഷ്യ ഉള്ളവരിൽ, സമയബന്ധിതമായ രോഗനിർണയം നടത്തുകയും ചികിത്സ തേടുകയും ചെയ്താൽ രോഗലക്ഷണങ്ങൾ വർദ്ധിക്കുന്നത് മന്ദഗതിയിലാക്കുമെന്ന് ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും പ്രമുഖ എഴുത്തുകാരിയുമായ വാസിലികി ഒർഗെറ്റ പറഞ്ഞു.

'സങ്കീർണ്ണമായ നിരവധി ഘടകങ്ങളാൽ ഡിമെൻഷ്യയുടെ സമയബന്ധിതമായ രോഗനിർണയം ആഗോള വെല്ലുവിളിയായി തുടരുകയാണ്, അത് മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ആരോഗ്യ സംരക്ഷണ തന്ത്രങ്ങൾ അടിയന്തിരമായി ആവശ്യമാണ്,' എന്നും വാസിലികി ഒർഗെറ്റ പറഞ്ഞു.

ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഡിമെൻഷ്യ നിർണ്ണയിക്കാൻ എടുക്കുന്ന സമയത്തെക്കുറിച്ചുള്ള ആഗോള ഡാറ്റ പരിശോധിക്കുന്ന ആദ്യ വിശകലനമാണിതെന്ന് ഗവേഷകർ പറഞ്ഞു. പഠനത്തിൽ പങ്കെടുത്തവരിൽ ഡിമെൻഷ്യ ആരംഭിക്കുമ്പോൾ 54 നും 93 നും ഇടയിലായിരുന്നു പ്രായം. ആദ്യകാല ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും ഡിമെൻഷ്യ രോഗനിർണയത്തിനും ഇടയിലുള്ള സമയം അളക്കുന്നതിനുള്ള സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു.

ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ വാർദ്ധക്യമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും പലപ്പോഴും ഇതിനെ കുറിച്ചുള്ള ഭയം, അപമാനം, കുറഞ്ഞ പൊതു അവബോധം എന്നിവ സഹായം തേടുന്നതിൽ നിന്ന് ആളുകളെ മാറ്റി നിർത്തുന്നുണ്ടെന്നും പഠനത്തിൽ ഭാഗമായ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ ഗവേഷകരിൽ ഒരാളായ ഫുവോങ് ല്യൂങ് പറഞ്ഞു.

പുതിയ പഠനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ പൊതുജന അവബോധ കാമ്പെയ്നുകൾ ആരംഭിക്കുമെന്നും ഇത് ആളുകളെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയാനും വേഗത്തിൽ ചികിത്സ തേടുന്നിതും പ്രോത്സാഹിപ്പിക്കാൻ സഹായിക്കുമെന്നും, ഇത് ഡിമെൻഷ്യ രോഗനിർണയം വേഗത്തിലാക്കുമെന്നും ഗവേഷകർ പറഞ്ഞു.

Content Highlights: New Study: Minor Forgetfulness is Not Always Harmless – Could Signal Early Dementia

dot image
To advertise here,contact us
dot image