OG പാൻ ഇന്ത്യൻ സ്റ്റാർ, ഒടിടിയിലും എതിരില്ലാതെ പൃഥ്വിരാജ്; ഒപ്പം മറ്റൊരു മലയാളം സിനിമയും

ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

dot image

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒടിടിയില്‍ കണ്ട അഞ്ച് സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകളായി ഓര്‍മാക്സ് മീഡിയ. ജൂലൈ 21 മുതല്‍ 27 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ഹിന്ദി ചിത്രം 'സർസമീൻ' ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.

4.5 മില്യൺ പ്രേക്ഷകരാണ് ഈ കാലയളവിൽ സർസമീൻ ഒടിടിയിലൂടെ കണ്ടത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. കജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 25 നാണ് സിനിമ റിലീസ് ചെയ്തത്. അതേസമയം, സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ പ്രകടനങ്ങൾക്കും തിരക്കഥയ്ക്കും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ധനുഷ് ചിത്രം 'കുബേര'യാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. 3.7 മില്യൺ ആളുകളാണ് ആമസോൺ പ്രൈമിലൂടെ സിനിമ കണ്ടത്. മികച്ച പ്രതികരണം നേടിയ സിനിമ തമിഴിലും തെലുങ്കിലുമാണ് സ്ട്രീം ചെയ്യുന്നത്.

മലയാളം ചിത്രം 'റോന്ത്' ആണ് മൂന്നാം സ്ഥാനത്ത്. 2.4 മില്യൺ കാഴ്ചക്കാരനാണ് റോന്ത് നേടിയത്. ചിത്രമിപ്പോൾ ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. റോഷൻ മാത്യു, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷാഹി കബീർ ആണ്. മാധവൻ, ഫാത്തിമ സന ഷെയ്ഖ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ റൊമാന്റിക് കോമഡി ചിത്രം 'ആപ് ജൈസ കോയി' ആണ് നാലാം സ്ഥാനം നേടിയിരിക്കുന്നത്. രണ്ട് മില്യൺ പ്രേക്ഷകരാണ് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കണ്ടത്. മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്. അഥർവ നായകനായി എത്തിയ 'ഡിഎൻഎ' ആണ് അഞ്ചാം സ്ഥാനത്ത്. 1.3 മില്യൺ നേടിയ സിനിമ ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. നിമിഷ സജയൻ, രമേശ് തിലക്, റിത്വിക എന്നിവരും സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്.

Content Highlights: Prithviraj film Sarzameen tops OTT watchlist

dot image
To advertise here,contact us
dot image