അമിത പ്രോട്ടീന്‍ 'ടൈംബോംബ്' ആണെന്ന് വിദഗ്ദര്‍; ഹൃദയമിടിപ്പ് നില്‍ക്കും!

മിടിച്ചു കൊണ്ടിരിക്കുന്ന ടൈംബോംബ് പോലയാണ് അമിതമായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകള്‍ പ്രവര്‍ത്തിക്കുകയത്രേ

dot image

ഫിറ്റ്‌നസ് മസ്റ്റെന്ന് ചിന്തിക്കുന്നവര്‍ പെട്ടെന്ന് തെരഞ്ഞെടുക്കുന്നത് വമ്പന്‍ പ്രൊട്ടീന്‍ ഡയറ്റായിരിക്കും. പക്ഷേ ഇത്തരം രീതികള്‍ നിങ്ങളുടെ ഹൃദയത്തെ ബുദ്ധിമുട്ടിലാക്കും എന്നറിഞ്ഞിരിക്കണം. പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്, പക്ഷേ അമിതമായ ഉപയോഗമാണ് ഹൃദയാരോഗ്യം പ്രശ്‌നത്തിലാക്കുന്നത്. കാര്‍ഡിയോളജിസ്റ്റായ ഡോ ഡിമിട്രി യാരനോവ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അമിതമായ അളവിലുള്ള പ്രോട്ടീന്‍ ഡയറ്റ് വളരെ ചെറുപ്പത്തില്‍ തന്നെ ഹൃദയാഘാതം ഉണ്ടാക്കാനും ദീര്‍ഘകാലത്തേക്കുള്ള ഹൃദ്രോഗത്തിനും കാരണമാകുമെന്ന് ഡോക്ടര്‍ പറയുന്നു.

മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍ വര്‍ഷങ്ങളായി ശരീരത്തിനുള്ളിലേക്ക് എത്തുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കും. അതുപോലെ രക്തകുഴലുകള്‍ക്കുള്ളിലെ എന്‍ഡോതീലിയം പ്രവര്‍ത്തനരഹിതമാകും, നീണ്ടനാളായി ശരീരത്തിന് വീക്കമുണ്ടാകും, രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയും ഇതുമൂലമുണ്ടാകും. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഒരു യന്ത്രം പോലെ ശരീരം പ്രവര്‍ത്തിക്കുന്നുണ്ടാവും. പക്ഷേ ശരീരത്തിനുള്ളിലെ അവസ്ഥ വ്യത്യസ്തമായിരിക്കും. ഒരുതരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ ആരോഗ്യവാനായി നടന്നൊരാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതമുണ്ടാവുകയും അയാളെ ചികിത്സിച്ച അനുഭവത്തിലൂടെയുമാണ് ഡോക്ടര്‍ ഇക്കാര്യം വിശദീകരിക്കുന്നത്. മിടിച്ചു കൊണ്ടിരിക്കുന്ന ടൈംബോംബ് പോലയാണ് അമിതമായി ശരീരത്തിലെത്തുന്ന പ്രോട്ടീനുകള്‍ പ്രവര്‍ത്തിക്കുകയത്രേ.

കായികതാരമാണെന്ന് കരുതി ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാവണമെന്നില്ല, ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതും റിസ്‌ക്ക് കുറയ്ക്കുന്ന ഘടകമല്ല. അടഞ്ഞുപോയ ധമനികളില്‍ നിന്നും ഹൃദയാഘാതത്തില്‍ നിന്നും സിക്‌സ്പാക്കും ആരെയും രക്ഷിക്കില്ലെന്ന് ഓര്‍മ വേണമെന്ന് ഡോ ഡിമിട്രി പറയുന്നു. നിങ്ങളുടെ രക്തകുഴലുകളുടെ എന്‍ടോതീലിയത്തെ നിങ്ങളുടെ ഡയറ്റ് നശിപ്പിക്കുകയാണെങ്കില്‍ നിങ്ങളുടെ ബൈസെപ്‌സ് എത്ര ശക്തമാണെന്ന് പറഞ്ഞിട്ടും കാര്യമില്ലെന്ന് വിശദീകരിച്ച് ഡോക്ടര്‍ വീണ്ടും പറയുന്നത്, മിതമായ ആഹാര രീതിക്കൊപ്പം സസ്യാഹാരവും ജീവിതത്തിന്റെ ഭാഗമാക്കുക എന്നാണ്. ഒപ്പം രക്തപരിശോധനയും കൃത്യമായി നടത്തുക.

(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല്‍ മെഡിക്കല്‍ നിര്‍ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശം തേടുക)

Content Highlights: Too much of protein is bad for your Heart

dot image
To advertise here,contact us
dot image