ചൊറിച്ചിലും, ചര്‍മ്മത്തിന്റെ മടക്കുകളില്‍ കറുപ്പും ഉണ്ടോ? കരള്‍ അപകടത്തിലാണെന്നതിന്റെ സൂചനയാകാം

ഗുരുതരമായ കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തിലെ ചില മാറ്റങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും

ചൊറിച്ചിലും, ചര്‍മ്മത്തിന്റെ മടക്കുകളില്‍ കറുപ്പും ഉണ്ടോ? കരള്‍ അപകടത്തിലാണെന്നതിന്റെ സൂചനയാകാം
dot image

നിങ്ങളുടെ കരള്‍ തകരാറിലാണോ എന്ന് എങ്ങനെ തിരിച്ചറിയാം. കാലുകളിലുണ്ടാകുന്ന നീര് മാത്രമല്ല ചര്‍മ്മത്തിലുണ്ടാകുന്ന ചില മാറ്റങ്ങളിലൂടെയും കരള്‍ തകരാറുകള്‍ തിരിച്ചറിയാന്‍ സാധിക്കും. രക്തപരിശോധനകള്‍ നടത്തുന്ന ഘട്ടത്തിന് മുന്‍പ് തന്നെ ശരീരം വ്യത്യസ്ത രീതിയില്‍ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. വിഷവസ്തുക്കളെ ഇല്ലാതാക്കാനും പോഷകങ്ങളുടെ സംസ്‌കരണത്തിനും ശരീരത്തിന്റെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതിനും കരള്‍ സഹായിക്കുന്നു. പക്ഷേ കരള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ ചര്‍മ്മത്തില്‍ പലതരം മാറ്റങ്ങള്‍ സംഭവിക്കാം.

ചര്‍മ്മത്തിലേയും കണ്ണുകളിലേയും മഞ്ഞനിറം

മഞ്ഞപ്പിത്തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ചര്‍മ്മത്തിലും കണ്ണുകളിലും ഉണ്ടാകുന്ന മഞ്ഞ നിറമാണ്. കരള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞുകൂടുന്നതിനാല്‍ ചര്‍മ്മവും കണ്ണുകളും മഞ്ഞനിറമാകും. ഈ ലക്ഷണം എപ്പോഴും വലിയ രീതിയില്‍ പ്രത്യക്ഷപ്പെടണമെന്നില്ല. കടും മഞ്ഞനിറത്തിന് പകരം ഇളം മഞ്ഞനിറമായിരിക്കും ചിലപ്പോള്‍ കാണുന്നത്. നേരിയ രീതിയിലുള്ള മഞ്ഞ നിറത്തിന് പോലും വിലയിരുത്തല്‍ ആവശ്യമാണ്.

ചര്‍മ്മത്തില്‍ നിരന്തരമായ ചൊറിച്ചില്‍

കരള്‍ തകരാറുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ ലക്ഷണം ചര്‍മ്മത്തിലെ വിട്ടുമാറാത്ത ചൊറിച്ചിലാണ്. കരള്‍ സംബന്ധമായ പ്രശ്‌നം ഉണ്ടെങ്കില്‍ ചര്‍മ്മത്തിനടിയില്‍ പിത്തരസം അടിഞ്ഞുകൂടാം. ഇത് വളരെയധികം ചൊറിച്ചില്‍ ഉണ്ടാക്കും. പ്രത്യേകിച്ച് രാത്രിയില്‍.

നെഞ്ചിലോ മുഖത്തോ തെളിഞ്ഞുകാണുന്ന ഞരമ്പുകള്‍

ചെറിയ ചുവന്ന ശാഖകളുള്ള രക്തക്കുഴലുകളാണ് സ്‌പൈഡര്‍ ആന്‍ജിയോമകള്‍. അവ പലപ്പോഴും നെഞ്ചിലോ കഴുത്തിലോ കവിളിലോ പ്രത്യക്ഷപ്പെടുന്നു. കരള്‍ രോഗത്തിന്റെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ രക്തക്കുഴലുകളുടെ സ്വഭാവത്തെ മാറ്റുന്നതാണ് ഇതിന് കാരണം.

ചര്‍മ്മത്തിന്റെ മടക്കുകളിലെ കറുപ്പ് നിറം

കഴുത്ത്, കക്ഷം എന്നിവയ്ക്ക് ചുറ്റുമുളള ഭാഗങ്ങളില്‍ കറുപ്പ് നിറം കാണപ്പെടുന്നത് സാധാരണയായി ചര്‍മ്മത്തിന്റെ ഉരസല്‍ മൂലമാണെന്ന് പറയാറുണ്ട്. എന്നിരുന്നാലും പെട്ടെന്ന് നിറം മാറ്റം ഉണ്ടാവുകയോ അത് കൂടിവരികയോ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശരീരത്തിലുണ്ടാകുന്ന ചതവുകള്‍,മുറിവുകളില്‍നിന്ന് രക്തം വരുന്നതിലെ വ്യത്യാസങ്ങള്‍

കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കുറഞ്ഞ കട്ടപിടിക്കല്‍ പ്രോട്ടീനുകള്‍, ചെറിയ മുറിവുകളില്‍നിന്ന് പതിവിലും കൂടുതല്‍ സമയം രക്തസ്രാവം ഉണ്ടാക്കുന്നതിനോ അല്ലെങ്കില്‍ വലിയ ചതവുകള്‍ ഉണ്ടാകുന്ന രീതിയിലുള്ള ചെറിയ മുഴകള്‍ ഉണ്ടാകുന്നതിനോ കാരണമാകുന്നു. പരിക്കുകളൊന്നും ഇല്ലാതെയാണ് ഇത്തരത്തിലുളള വയലറ്റ് നിറമുള്ള പാടുകള്‍ കാണപ്പെടുന്നത്.

ഈ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ഗുരുതരമായ കരള്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അര്‍ഥമാക്കുന്നില്ല. എന്നിരുന്നാലും ലക്ഷണങ്ങള്‍ നിലനില്‍ക്കുകയോ വഷളാവുകയോ ചെയ്താല്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്. രോഗത്തിന്റെ നേരത്തെയുള്ള കണ്ടെത്തല്‍, ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായിട്ടുള്ള വ്യായാമം, മദ്യത്തിന്റെ അളവ് കുറയ്ക്കല്‍ എന്നിവയും കരളിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും. ഡോ. ഷിഫ യാദവ് ( കണ്‍സള്‍ട്ടന്റ്, ഡെര്‍മറ്റോളജി, ആര്‍ട്ടെമിസ് ഹോസ്പിറ്റല്‍സ്), ഗുരുഗ്രാമിലെ നാരായണ ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി ഡയറക്ടര്‍ ഡോ. സഞ്ജയ് ഗോജ, ഡോ. ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ ഡെര്‍മറ്റോളജി ഡോ. സച്ചിന്‍ ഗുപ്ത എന്നിവര്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍നിന്ന്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :If the liver is not functioning properly, various changes can occur in the skin.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image