സ്തനാർബുദം സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും വരും, ഈ ലക്ഷണങ്ങള്‍ തള്ളിക്കളയരുത്

പുരുഷന്മാർക്ക് സ്തനാർബുദ സാധ്യത കുറവാണ് എന്ന അവഗണനയാണ് രോഗനിർണയം വൈകുന്നതിനുള്ള പ്രധാന കാരണം

dot image

സ്തനാർബുദത്തെ പൊതുവെ സ്ത്രീകൾക്ക് മാത്രം വരുന്ന രോഗമായിട്ടാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. എന്നാൽ പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ പുരുഷന്മാരിൽ സ്തന കോശങ്ങൾ കുറവാണ്. അതിനാൽ ചെറിയ മുഴകൾ പുരുഷന്മാർക്ക് സ്തനങ്ങളിൽ ഉണ്ടായാൽ പോലും കോശങ്ങളിലേക്ക് പടർന്ന് അർബുദ സാധ്യത വർധിപ്പിക്കുന്നു.

പുരുഷന്മാർക്ക് വളരെ അപൂർവ്വമായി മാത്രമാണ് സ്തനാർബുദം ഉണ്ടാകുന്നതെങ്കിലും, അവ കണ്ടെത്തുന്നത് പലപ്പോഴും അവസാന ഘട്ടത്തിലായിരിക്കും. പുരുഷന്മാർക്ക് സ്തനാർബുദ സാധ്യത കുറവാണ് എന്ന അവഗണനയാണ് രോഗനിർണയം വൈകുന്നതിനുള്ള പ്രധാന കാരണം. ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാത്തതും മറ്റൊരു കാരണം. എന്തൊക്കെയാണ് പുരുഷന്മാരിലുണ്ടാകുന്ന സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം;

സ്ത്രീകളിലേതിന് സമാനമായി സ്തനങ്ങളിൽ ചെറിയ മുഴകൾ കാണപ്പെടുന്നത് തന്നെയാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്റെയും ആദ്യലക്ഷണം.

മുലക്കണ്ണിന് ചുറ്റുമുള്ള ചർമം വരണ്ടിരിക്കുകയും, ചുവപ്പ് നിറത്തിൽ കാണപ്പെടുകയും ചെയ്യുന്നുവെങ്കിൽ ഉടൻ ചികിത്സയ്ക്ക് വിധേയമാകുക.

മുലക്കണ്ണിൽ നിന്നും ദ്രാവകം വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. മുലക്കണ്ണിൽ നിന്ന് പഴുപ്പോ, രക്തമോ, ചെറിയ അളവിലാണെങ്കിലും മറ്റെന്തെങ്കിലും ദ്രാവകങ്ങളോ വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക.

സ്തനങ്ങളിൽ മുഴ വരികയാണെങ്കിൽ ലിഗമെന്റുകൾ സ്തനത്തിന് അകത്തേക്ക് വലിയുകയും, ഇത് മുലക്കണ്ണുകളും അകത്തേക്ക് വലിയാൻ കാരണമാകുന്നു. ഈ ഭാഗത്ത് ചർമത്തിന് ചെതുമ്പൽ പോലെ മാറുന്നു.

മുഖക്കുരു സ്വന്തമായി പൊട്ടുന്നതല്ലാതെ നമ്മൾ പൊട്ടിക്കുമ്പോൾ പാടുകൾ ഉണ്ടാകുന്നത് പോലെ മുലക്കണ്ണുകളിലുണ്ടാകുന്ന പാടുകൾ കാണപ്പെടുന്നത് സ്തനാർബുദത്തിന്റെ ലക്ഷണമാണ്.

കടുത്ത കരൾ രോഗം സ്തനാർബുദത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലിവർ സിറോസിസ് പോലുള്ള അസുഖങ്ങൾ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുന്നതാണ് ഇതിന് കാരണം. ജനിതക കാരണങ്ങളും ഇതിന് പിന്നിലുണ്ട്.

അമേരിക്കയിലെ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സർവെയിലൻസ്, എപ്പിഡെമോളജി ആൻഡ് എൻഡ് റിസൾട്ട് പ്രോഗ്രാം അനുസരിച്ച് 2005നും 2010നും ഇടയിൽ അവിടെ റിപ്പോർട്ട് ചെയ്ത 2,89,673 സ്തനാർബുദ കേസുകളിൽ 2054 എണ്ണം പുരുഷന്മാരിലായിരുന്നു. ആഗോളതലത്തിൽ പല രാജ്യങ്ങളിലും വ്യത്യസ്ത കണക്കുകളാണ് പുരുഷന്മാരിലെ സ്തനാർബുദത്തെക്കുറിച്ച് പുറത്ത് വിടുന്നത്. ഇന്ത്യയിൽ ആകെയുള്ള സ്തനാർബുദത്തിന്റെ ഒരു ശതമാനമാണ് പുരുഷന്മാരിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പല പുരുഷന്മാരിലും 60-70 വയസിലാണ് കൂടുതലായും സ്തനാർബുദം കാണപ്പെടുന്നത് എന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Content Highlight; Warning Signs and Symptoms of Breast Cancer in Men

dot image
To advertise here,contact us
dot image