
2040 ആകുമ്പോഴേക്കും ലോകത്തിൽ ജീവൻ നഷ്ടപ്പെടുന്നതിന് അഞ്ചാമത്തെ പ്രധാന കാരണം വൃക്ക സംബന്ധമായ രോഗങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും വൃക്ക രോഗികളുടെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വൃക്കകൾ ആരോഗ്യമുള്ളവയാണോ, വൃക്ക രോഗങ്ങൾ എങ്ങനെ നേരത്തെ തിരിച്ചറിയാം തുടങ്ങിയ കാര്യങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നേരത്തെ രോഗനിർണയം നടത്തുന്നത് ചികിത്സയ്ക്ക് ഗുണം ചെയ്യുന്നു.
വൃക്ക രോഗം നേരത്തെ തിരിച്ചറിയാം
അമിത ക്ഷീണവും, തളർച്ചയും
വൃക്കകൾ ശരീരത്തിന്റെ അരിപ്പ എന്നാണല്ലോ അറിയപ്പെടുന്നത്. വൃക്കയുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നത് രക്തത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടാൻ കാരണമാകുന്നു. രക്തത്തിലെ അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള വൃക്കയുടെ കഴിവ് നഷ്ടപ്പെടുന്നു എന്നാണ് ഇതിനർത്ഥം. രക്തത്തിൽ ഇത്തരം വസ്തുക്കൾ അടിഞ്ഞ് കൂടുന്നത് ഊർജോൽപ്പാദനത്തെ സാരമായി ബാധിക്കുകയും ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത് ക്ഷീണത്തിനും, തളർച്ചയ്ക്കും കാരണമാകുന്നു.
കൂടാതെ ശരീരത്തിലെ ഊർജോൽപാദനത്തിന് സഹായിക്കുന്ന ഹോർമോണായ എറിത്രോപോയിറ്റിൻ ഉൽപ്പാദിപ്പിക്കുന്നത്
വൃക്കകളാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിൽ പ്രധാന പങ്കുവഹിക്കുന്നത് എറിത്രോപോയിറ്റിനാണ്, അതിനാൽ വൃക്കകളുടെ തകരാർ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെ ബാധിക്കുകയും വിളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മിക്ക വൃക്ക രോഗികൾക്കും ക്ഷീണവും, തളർച്ചയും അനുഭവപ്പെടുന്നത് ഇതിനാലാണ്.
മൂത്രശങ്ക
മൂത്രത്തിന്റെ നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ നാം ശ്രദ്ധിക്കാറുള്ളതാണ്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രശങ്ക, മൂത്രത്തിൽ പത പോലുള്ളവ അത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ ഇവ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാകാമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം ലക്ഷണങ്ങൾ നിസാരമായി തോന്നുമെങ്കിലും അവ വരുത്തി വയ്ക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കാം.
കാലുകളിൽ, മുഖത്ത് വീക്കം
വൃക്കകൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ അവയ്ക്ക് ശരീരത്തിൽ അധികമുള്ള സോഡിയം പോലുള്ള പദാർത്ഥങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ല. ഇത് ശരീരഭാഗങ്ങളിൽ വീക്കം (എൻഡീമ) ഉണ്ടാകാൻ കാരണമാകുന്നു. ഈ വീക്കം പ്രത്യേകമായി കാലുകളിലും മുഖത്തുമാണ് കാണപ്പെടുക എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചൊറിച്ചിൽ അല്ലെങ്കിൽ ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ
വൃക്കയ്ക്ക് തകരാർ സംഭവിച്ചാൽ ചർമത്തിന് പ്രശ്‌നമുണ്ടാകും എന്നത് അത്ര പരിചിതമായ അറിവല്ല. എന്നാൽ രക്തത്തിലെ മാലിന്യം നീക്കം ചെയ്യുന്നതിന് വൃക്ക പര്യാപ്തമല്ലെങ്കിൽ ചൊറിച്ചിലും, ചർമത്തിൽ അസ്വസ്ഥതകളും അനുഭവപ്പെടും. കൂടാതെ രക്തത്തിലെ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ അസന്തുലിതാവസ്ഥയും ചർമത്തിലെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. വരണ്ട ചർമം, മുൻപ് ഇല്ലാത്തത് പോലെ ചർമത്തിൽ പാടുകൾ തുടങ്ങിയവ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാവാം.
വിശപ്പില്ലായ്മ, അരുചി
വൃക്കകളുടെ ആരോഗ്യം ക്ഷയിക്കുമ്പോൾ ശരീരത്തിൽ യൂറിമിക് അടിഞ്ഞുകൂടുകയും, വായിൽ അരുചി അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ അന്നനാളത്തിന് പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പ്രകടമാകുന്നത് പോലെ ഓക്കാനവും, വിശപ്പില്ലായ്മയും അനുഭവപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങൾ സാധാരണയായി ദഹന സംബന്ധമായ അസുഖമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത് രോഗനിർണയം വൈകാൻ കാരണമാകാറുണ്ട്.
ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിക്കുമ്പോൾ ഉടൻ വൈദ്യസഹായം തേടുക. പെട്ടെന്നുള്ള രോഗനിർണയം ചികിത്സയ്ക്ക് ഗുണം ചെയ്യും.
Content Highlight; Silent Kidney Damage: Early Signs Often Missed