ഹൃദയം പട പടാ മിടിക്കുന്നുണ്ടോ, ബിപി കൂടുതലാണോ? പെട്ടെന്നുണ്ടാകുന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വഴിയുണ്ട്

പെട്ടെന്നുണ്ടാകുന്ന ഹൃദയമിടിപ്പ് നിയന്ത്രണത്തിലാക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കും

dot image

വിട്ടുമാറാത്ത രക്തസമ്മര്‍ദ്ദം(ബ്ലഡ് പ്രഷര്‍) പല അവസരങ്ങളിലും നിങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടാവും അല്ലേ? ചിലരൊക്കെ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ജീവിതകാലം മുഴുവന്‍ മരുന്നുകളും കഴിക്കുന്നുണ്ടാവും. സമ്മര്‍ദ്ദം, കോപം, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടല്‍, അമിതമായ വ്യായാമം എന്നിവയൊക്കെ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകാറുണ്ട്. രക്തസമ്മര്‍ദ്ദം അമിതമായി ഉയര്‍ന്നാല്‍ അത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകാറുണ്ട്. രക്ത സമ്മര്‍ദ്ദം പെട്ടെന്ന് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്ന ചില വഴികളിതാ….

ആഴത്തില്‍ ശ്വസിക്കുക

രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുളള ഏറ്റവും വേഗതയേറിയ മാര്‍ഗ്ഗങ്ങളിലൊന്നാണ് ആഴത്തിലുളള ശ്വസന വ്യായാമങ്ങള്‍. ആഴത്തിലും സാവധാനത്തിലും ശ്വസിക്കുമ്പോള്‍ അത് നിങ്ങളുടെ നാഡീവ്യവസ്ഥയെ സജീവമാക്കുകയും ഇത് ഹൃദയമിടിപ്പിനെ മന്ദഗതിയിലാക്കുകയും രക്തപ്രവാഹം സാധാരണ ഗതിയിലാക്കുകയും ചെയ്യുന്നു.

തണുത്ത വെള്ളം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം വേഗത്തില്‍ കുറയാന്‍ തണുത്ത വെള്ളം സഹായിക്കും. മുഖത്തും തലയിലും കാലുകളിലും തണുത്ത വെള്ളം തളിക്കുമ്പോള്‍ അത് ചര്‍മ്മത്തിലെ രക്തക്കുഴലുകള്‍ മുറുകാന്‍ കാരണമാകുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ അളവ് കുറയ്ക്കാനും ധമനികളിലെ മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. തണുത്ത വെള്ളം parasympathetic nervous system ത്തെ സജീവമാക്കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുഖത്ത് തണുത്ത വെള്ളം തളിക്കുന്നതും പാദങ്ങള്‍ തണുത്ത വെളളത്തില്‍ കുറച്ച് സമയം മുക്കി വയ്ക്കുന്നതും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും.

പഞ്ചസാരയോ ഉപ്പോ ചേര്‍ക്കാത്ത നാരങ്ങ വെള്ളം

നാരങ്ങവെള്ളം ഉന്മേഷദായകമാണ്, ഇത് സ്വാഭാവികമായി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങയില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും രക്തക്കുഴലുകള്‍ക്ക് വിശ്രമം നല്‍കാനും സഹായിക്കുന്ന ധാതു ആണ്. പഞ്ചസാരയോ ഉപ്പോ ചേര്‍ക്കാതെ വേണം നാരങ്ങാവെള്ളം കുടിക്കാന്‍. ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞ് പതുക്കെ കുടിച്ച് ഇറക്കുക. ഇത് ശരീരത്തില്‍ ജലാംശം നല്‍കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനുള്ള ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുകയും ചെയ്യുന്നു.

സാധാരണ വെളളം കുടിക്കുക

നിര്‍ജലീകരണം മൂലം രക്തസമ്മര്‍ദ്ദം ഉയരാന്‍ സാധ്യത കൂടുതലാണ്. അപ്പോള്‍ രക്തത്തിന്റെ അളവ് കുറയുകയും ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതായും വരുന്നു. വെള്ളം കുടിക്കുന്നത് രക്തത്തിന്റെ അളവ് നിലനിര്‍ത്താനും രക്തക്കുഴലുകളുടെ വഴക്കം നിലനിര്‍ത്താനും സഹായിക്കുന്നു. തലകറക്കം അനുഭവപ്പെടുകയോ രക്തസമ്മര്‍ദ്ദം കൂടുതലാവുകയോ ചെയ്യുകയാണെങ്കില്‍ ഒരു ഗ്ലാസ് വെളളം സാവധാനം കുടിക്കുക.

കാലുകള്‍ ഉയര്‍ത്തി മലര്‍ന്ന് കിടക്കുക

ശരീരത്തിന്റെ പൊടുന്നനെയുള്ള സ്ഥാനമാറ്റങ്ങള്‍ രക്തസമ്മര്‍ദ്ദത്തെയും ബാധിച്ചേക്കാം. മലര്‍ന്നു കിടന്നുകൊണ്ട് കാലുകള്‍ ഉയര്‍ത്തി ഹൃദയ നിരപ്പിന് മുകളില്‍ കൊണ്ടുവരുന്നത് രക്തപ്രവാഹം ഹൃദയത്തിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ തിരികെ ഒഴുകാന്‍ സഹായിക്കുന്നു. 10 മുതല്‍ 15 മിനിറ്റ് വരെ ഇങ്ങനെ കിടക്കാം. ഇത് ഹൃദയത്തിന്റെ ജോലിഭാരം കുറയ്ക്കുകയും ധമനികളിലെ മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

Content Highlights :What to do if your heart rate suddenly increases. Here are some ways to help you quickly bring your blood pressure under control

dot image
To advertise here,contact us
dot image