
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ഓട്ടിസം ഉണ്ടെന്ന് ഗായിക ജോത്സ്യന രാധാകൃഷ്ണന് വെളിപ്പെടുത്തിയത്. തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും ഓട്ടിസം തിരിച്ചറിഞ്ഞതിനെക്കുറിച്ചുമൊക്കെ അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഓട്ടിസത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഇത് തുറന്നുപറയുന്നതെന്നായിരുന്നു ജ്യോത്സന പറഞ്ഞത്. എന്താണ് മുതിര്‍ന്നവരിലുണ്ടാകുന്ന ഓട്ടിസം തിരിച്ചറിയുന്നത് എങ്ങനെയെന്ന് നോക്കാം.
'വളരെ വൈകി രോഗനിര്‍ണയം നടന്ന ഹൈലി മാസ്കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധന്‍ തന്നെ വിശേഷിപ്പിച്ചത്. ഇവര്‍ എന്താണ് പറയുന്നത്, കാഴ്ചയില്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ അത് അങ്ങനെയല്ല. ഒന്നുകില്‍ നിങ്ങള്‍ക്ക് ഓട്ടിസം ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഇല്ലായിരിക്കും. ഓട്ടിസം, അല്ലെങ്കില്‍ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങള്‍ (ന്യൂറോ ഡൈവര്‍ജന്റ്സ്) എന്ന് പറയുന്നത് വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും എനിക്ക് ഉത്തരം ലഭിക്കുന്നത്.
എന്റെ ചുറ്റും നടക്കുന്ന എല്ലാറ്റിനോടും ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നതെന്താണെന്നും ചുറ്റുമുള്ളവര്‍ എല്ലാറ്റിനെയും എളുപ്പത്തില്‍ എടുക്കാന്‍ പറയുമ്പോഴും എനിക്കതിന് കഴിയാതിരുന്നതിന്റെ കാരണവും മനസ്സിലായത് അപ്പോഴാണ്. വര്‍ഷങ്ങളായി തന്റെ യഥാര്‍ഥ സ്വഭാവത്തെ മറച്ചുവച്ച് ജീവിക്കേണ്ടിവന്നതിന്റെ പരിണിത ഫലമായാണ് ഒടുവില്‍ മാനസികമായി തകര്‍ന്നടിഞ്ഞത്. ന്യൂറോ ടിപ്പിക്കലായിട്ടുള്ള ആളുകള്‍ക്ക് വേണ്ടി അവര്‍ നിര്‍മിച്ച ലോകത്ത് ജീവിക്കുന്നതിന്റെ ഭാഗമായി എന്നെ മാസ്ക് ചെയ്യാനുള്ള ശ്രമങ്ങളായിരുന്നു നിരന്തരമായി എന്നെ തളര്‍ത്തിയത്. ഓട്ടിസം കണ്ടെത്താനുള്ള ടൂളുകളെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും സജ്ജമായിരിക്കണം. കാരണം അവര്‍ക്കുവേണ്ടി നിര്‍മ്മിക്കാത്ത ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്തുകാണാന്‍ കഴിയുന്നതല്ല' ജ്യോത്സന പറഞ്ഞു.
ഒരു വ്യക്തി വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതിനെ ബാധിക്കുന്ന ഒരു നാഡീവികസന അവസ്ഥയാണ് ഓട്ടിസം. ഇത് സാമൂഹിക ഇടപെടല്‍, ആശയവിനിമയം, പെരുമാറ്റം എന്നിവയെ എല്ലാം ബാധിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ ഓട്ടിസം വൈവിധ്യമാര്‍ന്ന സ്വഭാവ സവിശേഷതകള്‍ ഉളളതാണ്. പല വ്യക്തികള്‍ക്കും പല രീതിയിലാണ് ഇത് കാണപ്പെടുക. സാമൂഹിക സൂചനകള്‍, ആശയവിനിമയം, ആവര്‍ത്തിച്ചുളള പെരുമാറ്റങ്ങള്‍, ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട സംവേദനങ്ങള്‍ എന്നിവയാണ് ഓട്ടിസം ബാധിച്ച മുതര്‍ന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍.
നിങ്ങള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഓട്ടിസം ഉണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ ASD (ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍) യില്‍ വൈദഗ്ധ്യം നേടിയ ഒരു ന്യൂറോ സൈക്കോളജിസ്റ്റിനെയോ, സൈക്യാട്രിസറ്റിനെയോ കാണാവുന്നതാണ്.
Content Highlights :What are the symptoms of autism in adults and what to do if you see symptoms?