ഫോൺ കാണാതാകുമ്പോൾ പരിഭ്രാന്തി തോന്നാറുണ്ടോ? നിങ്ങള്‍ക്ക് നോമോഫോബിയ ഉണ്ടാകാം

മൊബൈൽ ഫോണിനെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ആകുലതയാണ് നോമോഫോബിയ അല്ലെങ്കിൽ നോ മൊബൈൽ ഫോൺ ഫോബിയ

dot image

ഫോൺ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാനഭാഗമായി മാറിയിരിക്കുകയാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ കാര്യം അംഗീകരിക്കാനും മടിയാണ്. ചോറ് കഴിക്കുമ്പോൾ മുതൽ ഉറങ്ങാൻ കിടക്കുമ്പോൾ വരെ മൊബൈൽ ഇല്ലാതെ പറ്റാറില്ല. ഇനി മറ്റൊരു കാര്യം. മൊബൈൽ ഫോൺ അൽപനേരത്തേക്ക് കയ്യിൽ ഇല്ലാതെ ഇരിക്കുമ്പോഴോ, ചാർജ് തീരുമ്പോഴോ, ബാലൻസ് തീരുമ്പോഴോ മനസ് വല്ലാതെ അസ്വസ്ഥമാകാറുണ്ടോ? ഇങ്ങനെ മൊബൈൽ ഫോണിനെക്കുറിച്ചുള്ള ആവശ്യമില്ലാത്ത ആകുലതയാണ് നോമോഫോബിയ അല്ലെങ്കിൽ നോ മൊബൈൽ ഫോൺ ഫോബിയ.

മൊബൈൽ ഫോൺ ഓഫാക്കുമ്പോഴേക്ക് അകാരണമായ ടെൻഷൻ തോന്നുന്നത് നോമോഫോബിയ കാരണമാണ്. പഠനങ്ങൾ പറയുന്നത് പകുതിയിലധികം നോമോഫോബിയ ബാധിതരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറില്ല എന്നാണ്. മൊബൈൽ കുറച്ച് നേരത്തേക്ക് കിട്ടാതിരിക്കുമ്പോൾ ഉത്കണ്ഠ, ശ്വാസംമുട്ട്, വിറയൽ, സ്ഥലകാലബോധമില്ലായ്മ, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയാണ് നോമോ ഫോബിയയുടെ ലക്ഷണങ്ങൾ. ചെറുപ്പക്കാരിലാണ് നോമോഫോബിയ പ്രധാനമായും കണ്ടുവരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്ത് കാര്യത്തിലും നമ്മൾ കൂടുതൽ സമയവും ശ്രദ്ധയും കൊടുക്കുന്നുവോ അതിനോട് നമുക്കൊരു പ്രത്യേക അഭിനിവേശം ഉണ്ടാകാറുണ്ട്. ഇതുപോലെയാണ് ഫോണിനോടും. എന്നും എപ്പോഴും കൂടെ ഉണ്ടാവുന്നതിനാൽ‌ നാം പോലും അറിയാതെ നമ്മുടെ ഒരു അഡിക്ഷനായി മൊബൈൽ മാറും. അതിലെന്താ കുഴപ്പം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അതിൽ ധാരാളം കുഴപ്പങ്ങളുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ആത്മാഭിമാനക്കുറവ്, അന്തർമുഖത, അരക്ഷിതാവസ്ഥ, മൂഡ് സ്വിങ്‌സ് തുടങ്ങിയവ അതിൽ ഏറ്റവും മുന്നിൽ വരുന്ന ചിലത് മാത്രം.

മൊബൈൽ ഫോൺ അഡിക്ഷനുള്ള ആളുകൾക്ക് സമൂഹത്തോടും അകല്‍ച്ച തോന്നും. സമൂഹമാധ്യമങ്ങളിലെ ലോകവും യഥാർത്ഥ ലോകവും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. സോഷ്യൽ ഫോബിയ, സാമൂഹിക ഉത്കണ്ഠ, പരിഭ്രാന്തി പോലുള്ള മാനസിക പ്രശ്‌നങ്ങൾക്കും ഫോൺ അഡിക്ഷൻ കാരണമാകുന്നു.

മൊബൈൽ ഫോണിനോടുള്ള ആസക്തി മൂലം ഒരാൾ നോമോഫോബിക് ആയതാണോ, അതോ നിലവിലെ ഉത്കണ്ഠ വൈകല്യങ്ങൾ നോമോഫോബിക് ലക്ഷണങ്ങളായി പ്രകടമാകുന്നതാണോ എന്ന് തിരിച്ചറിയുക പ്രയാസമാണ്. നോമോഫോബിയ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം എന്ന സാധ്യതയും പഠനങ്ങൾ തള്ളിക്കളയുന്നില്ല. നോമോഫോബിയ കാരണം ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാം, അല്ലാതെ തിരിച്ചും സംഭവിക്കാം. രോഗനിർണയം വളരെ പ്രധാനപ്പെട്ടതാണ്.

പലതരം ഫോബിയകൾ അനുഭവിക്കുന്ന ആളുകൾ ചേർന്നതാണ് നമ്മുടെ ലോകം. എന്നാൽ ലോകം നേരിടുന്ന ഏറ്റവും പുതിയ ഫോബിയയാണ് നോമോഫോബിയ. വെർച്വൽ ലോകത്തേക്കാൾ സാധാരണ ലോകത്ത് സമയം ചെലവഴിക്കാനും, ആളുകളോട് സംസാരിക്കാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

Content Highlight; What is Nomophobia? – The Fear of Being Without Your Phone

dot image
To advertise here,contact us
dot image