
വെറും ഏഴ് സെക്കന്റ് കൊണ്ട് ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്താമെന്നോ? അതിശയം തോന്നുന്നുണ്ടല്ലേ. എന്നാല്‍ സംഗതി സത്യമാണ്. ടെക്സസിലെ ഫ്രിസ്കോയില്‍ നിന്നുള്ള ഒരു 14 വയസുകാരന് വെറും 7 സെക്കന്റിനുളളില്‍ ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടെത്താനുള്ള ഒരു വിപ്ലവകരമായ സ്മാര്‍ട്ട്ഫോണ്‍ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ' സര്‍ക്കാഡിയന്‍ AI ' എന്ന ഈ ആപ്പ് ഹൃദയ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ആംബിയന്‍സ് നോയ്സ് ഫില്‍റ്റര്‍ ചെയ്യുകയും, ക്ലൗഡ് അധിഷ്ഠിത മെഷീന് ലേണിംഗ് മോഡല്‍ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യുകയും ചെയ്യും.
ഹൃദയമിടിപ്പ്, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍, കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ സൂചനകള്‍, ഹൃദയ വാല്‍വിനുണ്ടാകുന്ന അസാധാരണതകള്‍ എന്നിവയെല്ലാം ഈ ആപ്പ് തിരിച്ചറിയുന്നു.
ടെക്സ് യൂണിവേഴിസിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന 14 വയസുകാരനായ സിദ്ധാര്‍ഥ് നന്ദ്യാലയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. അമേരിക്കയിലെയും ഇന്ത്യയിലെയും ആശുപത്രികളില്‍ നിന്ന് ഡാറ്റ ശേഖരിക്കുന്നതിനായി സിദ്ധാര്‍ഥ് മാസങ്ങള്‍ ചെലവഴിച്ചിരുന്നു. കൂടാതെ തന്റെ ആപ്പ് പരിഷ്കരിക്കുന്നതിനായി മെഡിക്കല്‍ പ്രൊഫഷണലുകളുമായും രോഗികളുമായും സഹകരിക്കുകയും, ഇന്ത്യയില്‍ 3,500 രോഗികളെയും അമേരിക്കയില്‍ 15,000 രോഗികളെയും പങ്കെടുപ്പിച്ചിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. ഹൃദയ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് ആപ്പ് 96 ശതമാനത്തിലധികം സഹായിച്ചതായി നന്ദ്യാല പറഞ്ഞു.
നിലവില്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഈ ആപ്പ് ക്ലിനിക്കല്‍ നിര്‍ദേശത്തിനായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. വൈദ്യ സഹായം ലഭിക്കാതിരുന്ന രോഗികളില്‍ നേരത്തെ രോഗനിര്‍ണയം നടത്തുന്നത് ദീര്‍ഘകാല രോഗാവസ്ഥയും മരണ നിരക്കും നിര്‍ണയിക്കാന്‍ സഹായിക്കുമത്രേ. മുന്‍പ് സിദ്ധാര്‍ഥ് കുറഞ്ഞ ചെലവില്‍ ഒരു കൃത്രിമ കൈ രൂപകല്‍പ്പന ചെയ്യുകയും വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര സാങ്കേതിക കിറ്റുകള്‍ ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പായ STEM IT സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights :This app can detect heart disease symptoms in just seven seconds. An Indian-American teenager has developed a smartphone app that can detect early signs of heart disease in just 7 seconds