
Jun 7, 2025
09:45 AM
ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ ലഹരി പാനീയങ്ങളില്‍ ഒന്നാണ് ബിയര്‍. ഇടയ്ക്ക് ബിയര്‍ ആസ്വദിക്കുന്നത് മിക്ക ആളുകള്‍ക്കും കാര്യമായ ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കില്ല എങ്കിലും പതിവായി ബിയര്‍ കുടിക്കുന്നത് ശരീരത്തില്‍ വിവിധ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ബിയറിന് മദ്യത്തേക്കാള്‍ ലഹരി കുറവാണെന്നും ശരീരത്തിന് ദോഷം ചെയ്യില്ല എന്നുമാണ് പറയപ്പെടുന്നത്. എന്നാല്‍ പതിവായി ബിയര്‍ കഴിക്കുന്നത് ഇനി പറയുന്ന രോഗങ്ങള്‍ക്ക് കാരണമാകും.
കരള്‍ തകരാറ്
അമിതമായ മദ്യപാനം കരളിന് കേടുപാടുകള്‍ വരുത്തും. എല്ലാ ദിവസവും ബിയര്‍ കുടിക്കുന്നത് ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് , സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കും. ജേര്‍ണല്‍ ഓഫ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഗവേഷണം അനുസരിച്ച് ദീര്‍ഘകാലത്തെ ബിയര്‍ ഉപയോഗം കരള്‍ വീക്കം, മുറിവുകള്‍, ഒടുവില്‍ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയിലേക്ക് നയിക്കും.
ശരീര ഭാരം വര്‍ധിക്കുന്നു
ദിവസവും ബിയര്‍ കുടിക്കുന്നതിന്റെ ഏറ്റവും വലിയ ദോഷങ്ങളിലൊന്ന് ശരീരഭാരം വര്‍ധിക്കുക എന്നതാണ്. ബിയറില്‍ കലോറി കൂടുതലാണ്. ഇതിന്റെ അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കില്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പതിവായി ബിയര്‍ കഴിക്കുന്നത് പുരുഷന്മാരില് വയറ് ചാടാനും ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സിനും കാരണമാകുമെന്ന് കണ്ടെത്തി. ബിയറിലെ ഉയര്‍ന്ന കാര്‍ബോ ഹൈഡ്രേറ്റും ആല്‍ക്കഹോളിന്റെ അളവുമാണ് ശരീര ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നത്.
ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു
മിതമായ അളവില്‍ മദ്യം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അമിതമായ ബിയര്‍ ഉപയോഗം വിപരീത ഫലമുണ്ടാക്കും. ദിവസേനെയുള്ള ബിയര്‍ കുടിക്കല്‍ ഉള്‍പ്പടെയുള്ള അമിതമായ മദ്യപാനം രക്താതിമര്‍ദം, കാര്‍ഡിയോമയോപ്പതി, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുളള സാധ്യത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി.
മാനസികാരോഗ്യ പ്രത്യാഘാതങ്ങള്‍
പതിവായി ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ മാനസിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. അമിതമായ മദ്യപാനം വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഉറക്കം തടസപ്പെടുന്നു
ഉറക്ക സഹായിയായി മദ്യം ഉപയോഗിക്കാറുണ്ടെങ്കിലും എല്ലാ ദിവസവും ബിയര്‍ കുടിക്കുന്നത് നിങ്ങളുടെ ഉറക്ക രീതികളെ തടസപ്പെടുത്തും. വേഗത്തില്‍ ഉറങ്ങാന്‍ ഇത് നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ അത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.
കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു
പതിവായി ബിയര്‍ കുടിക്കുന്നത് ചിലതരം കാന്‍സറിനുളള സാധ്യത വര്‍ധിപ്പിക്കുന്നു. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സിസ്റ്റ്യൂട്ടിന്റെ അഭിപ്രായത്തില്‍ കരള്‍, സ്തനം, അന്നനാളം, വന്‍കുടല്‍ തുടങ്ങിയ വിവിധതരം കാന്‍സറുകള്‍ക്ക് മദ്യം അപകടകരമാണ്. ബിയറിലെ എത്തനോള്‍ അസറ്റാള്ഡിഹൈഡായി മാറുന്നു.ഇത് അറിയപ്പെടുന്ന അര്‍ബുദകാരിയാണ്. ഇത് ഡിഎന്‍എയെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
(അമിത മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സ്വയം പരിധികള്‍ അറിയുകയും അവ പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം )
Content Highlights :Drinking beer every day is bad for your health