

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നത്. തിരുവല്ല സ്വദേശികളായ സന്ദീപ് - പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിക്കാണ് ദുരവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെവച്ചും രോഗനിർണയം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചതോടെയാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗനിർണയം വൈകിയതിനാൽ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
'ജൂലായ് 20നാണ് സായിലക്ഷ്മിയെ പനിയെ തുടർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒരാഴ്ചയായിട്ടും അസുഖം മാറാത്തതിനാൽ 25ന് വീണ്ടും അവിടെയത്തി. പിന്നാലെ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയായിരുന്നു കുട്ടി. പല പരിശോധനകൾ നടത്തിയെങ്കിലും രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ടിബി മെനിഞ്ചൈറ്റിസ് ആണെന്ന പേരിൽ ചികിത്സ ആരംഭിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ ആരോഗ്യം വഷളായത് ചോദ്യ ചെയ്തപ്പോൾ നിസഹകരണ മനോഭാവമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പിന്നീടാണ് അമീബിക്ക് മസ്തിഷ്ക ജ്വരമാണെന്ന് വ്യക്തമായത്. അപ്പോഴേക്കും സാഹചര്യം ഗുരുതരമായി'- കുട്ടിയുടെ പിതാവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ജൂലായ് 18 മുതലാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പ്രാഥമിക ചികിത്സ തേടി മടങ്ങിയെങ്കിലും കുട്ടിക്ക് ചൂട് കൂടുന്ന അവസ്ഥ ഉണ്ടായെന്ന് മാതാപിതാക്കൾ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കുഞ്ഞിന്റെ മൂന്നാം ജന്മദിനം. കഴിഞ്ഞ 45 ഓളം ദിവസങ്ങളായി കുഞ്ഞ് ഈ അവസ്ഥയിലാണ്. അതേസമയം കുട്ടിക്ക് അസുഖം എങ്ങനെ ബാധിച്ചുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരുവല്ല മേഖല പ്രളയ സാധ്യതയുള്ള പ്രദേശമായതിനാൽ അവിടെ പ്രളയജലം കിണറുകളിൽ നിറയാറുണ്ട്. കുടിക്കാനായി വേറെ ജലമാണ് ഉപയോഗിക്കുന്നതെങ്കിലും ചെടി നനയ്ക്കുന്നതിനും മറ്റും കിണർ വെള്ളം ഉപയോഗിക്കാറുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. ടാപ്പ് വെള്ളത്തിൽ കളിക്കുമ്പോഴാകാം അസുഖം വന്നതെന്ന സംശയമാണ് നിലവിലുള്ളത്. അതേസമയമം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മൂന്ന് വയസുകാരിയുടെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. ആശുപത്രികൾക്കെതിരെ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് കുടുംബം.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി പുഷ്പഗിരി ആശുപത്രി രംഗത്തെത്തി. അമ്മ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പനി ഒഴികെ രോഗത്തിന്റെ ഉറവിടം സൂചിപ്പിക്കുന്ന ലക്ഷണങ്ങളൊന്നും കുട്ടിയില്‍ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രാഥമിക പരിശോധനയില്‍ കുട്ടിയില്‍ മെനിഞ്ചൈറ്റിസിന്റെ (മസ്തിഷ്കജ്വരത്തിന്റെ) രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, സിടി സ്കാന്‍, എംആര്‍ഐ ഉള്പ്പെടെയുള്ളപരിശോധനകള് നടത്തുകയും രോഗനിര്‍ണയം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തുവെന്നും ന്യൂറോളജി വിഭാഗത്തിന്റെ വിദഗ്ധാഭിപ്രായവും തേടിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
കുട്ടി ആശുപത്രിയില്‍ ഉണ്ടായിരുന്നത് 6 ദിവസം മാത്രമായിരുന്നു. ഈ പരിമിതമായ കാലയളവിനുള്ളില്‍ രോഗനിര്‍ണയത്തിന് അത്യന്താപേക്ഷിതമായ എല്ലാ പരിശോധനകളും ആവശ്യമായ ചികിത്സാ മാര്‍ഗങ്ങളും പിന്തുടരാന് ചികിത്സാ സംഘം ശ്രമിക്കുകയും, അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മസ്തിഷ്കജ്വരത്തിന് കാരണമായ അണുബാധ ഏതാണെന്ന് കണ്ടെത്തുന്നതിനായി വിവിധ പരിശോധനകള്‍ നടത്തുകയും, ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രിയിലും സര്‍ക്കാര്‍ ലബോറട്ടറിയിലും അംഗീകൃത സ്ഥാപനങ്ങളിലേക്കും പരിശോധനാ സാമ്പിളുകള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ലഭിച്ച പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ചികിത്സ നല്കി. കുട്ടിക്ക് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി TB ചികിത്സയായ ATT എത്രയും വേഗം ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും ചികിത്സ വൈകുന്നതിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകളും കുടുംബത്തെ വിശദമായി അറിയിച്ചു. എന്നാല്‍, ഈ ചികിത്സ തുടരുന്നതില്‍ താല്പര്യമില്ലാത്തതിനാല് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
Content Highlights: A family has alleged a treatment error involving their three-year-old child, who was diagnosed with an amoebic meningoencephalitis later, but was reportedly given treatment for tuberculosis at Pushpagiri Hospital