റീ ഇമാജിനിങ് കേരളം: ബഹുരാഷ്ട്ര കമ്പനി എത്തിയത് ഇവന്റ് മാനേജ്‌മെന്റിന് വേണ്ടിയല്ല; പദ്ധതികൾ ആസൂത്രണം ചെയ്യാൻ

വിവിധ വകുപ്പുകളുടെ ഏകോപനം, ചര്‍ച്ച, റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കലായിരുന്നു കമ്പനിയുടെ ചുമതല

റീ ഇമാജിനിങ് കേരളം: ബഹുരാഷ്ട്ര കമ്പനി എത്തിയത് ഇവന്റ് മാനേജ്‌മെന്റിന് വേണ്ടിയല്ല; പദ്ധതികൾ ആസൂത്രണം ചെയ്യാൻ
dot image

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളുടെ നിര്‍വഹണം എങ്ങനെ വേണമെന്ന് നിശ്ചയിക്കാന്‍ നടത്തിയ 'റീ ഇമാജിനിങ് കേരളം' പരിപാടിയില്‍ ബഹുരാഷ്ട്ര കമ്പനി എത്തിയത് ഇവന്റ് മാനേജ്‌മെന്റിന് വേണ്ടിയല്ലെന്ന് വിവരം. ഗ്രാന്‍ഡ് തോണ്‍ടണെ ചുമതലപ്പെടുത്തിയത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ്. വിവിധ വകുപ്പുകളുടെ ഏകോപനം , ചര്‍ച്ച, റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കലായിരുന്നു കമ്പനിയുടെ ചുമതല. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസി, ഗ്രാന്‍ഡ് തോണ്‍ടണിന് കൊടുത്ത കത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് വ്യക്തമാക്കുന്നുണ്ട്.

സര്‍ക്കാരിന്റെ മുന്‍ഗണന പദ്ധതികള്‍ തീരുമാനിക്കാനായിരുന്നു യോഗം ചേര്‍ന്നതെന്നാണ് കത്തിലൂടെ വ്യക്തമാകുന്നത്.
കെഎസ്‌ഐഡിസി കമ്പനിക്ക് കൊടുത്ത കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ചെയ്യേണ്ടത് ഇവന്റ് മാനേജ്‌മെന്റ് അല്ല എന്ന് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ആസൂത്രണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എല്ലാം ഉണ്ടായത് ഈ കമ്പനിയുടെ നേതൃത്വത്തിലാണ്.

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസിലേയും യുഡിഫിലെയും നേതാക്കന്മാര്‍ക്ക് കഴിയുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് മുന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ വിഷയത്തിൽ പ്രതികരിച്ചത്. ബജറ്റ് കമ്മിറ്റിയിലെയും പ്ലാനിങ് ബോര്‍ഡിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സാധാരണ ഇത്തരം കാര്യങ്ങളിലേക്ക് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള കാര്യങ്ങള്‍ പുറത്തുള്ള കമ്പനികള്‍ക്ക് കൊടുക്കുന്നത് ശരിയായ കാര്യമല്ലെന്നും ബാലാഗോപാല്‍ പറഞ്ഞു.

വിഷയത്തിൽ വിമർശനവുമായി മുന്‍ ധനകാര്യ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസകും രംഗത്തെത്തി. ബഡ്ജറ്റില്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കുന്ന കാര്യം ആലോചിച്ചില്ലേ എന്ന് ചോദിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. പ്രഖ്യാപിച്ച പദ്ധതികളെ കുറിച്ച് സര്‍ക്കാരിന് വ്യക്തതയില്ലെന്നും പ്ലാനിങ് ബോര്‍ഡും സര്‍ക്കാര്‍ ഏജന്‍സികളും എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. കെപിഎംജിഎ പ്രളയകാലത്ത് വീടുകളുടെ കണക്കെടുത്തപ്പോള്‍ പോലും വിമര്‍ശിച്ചവരാണ്. പിഡബ്ല്യുഡിയെ മാറ്റിനിര്‍ത്തി ഏല്‍പ്പിച്ചതില്‍ വിമര്‍ശിച്ചവരാണിപ്പോള്‍ കേരളം എന്തെന്ന് ഇമാജിന്‍ ചെയ്യാന്‍ പോലും വിദേശ ഏജന്‍സികളുടെ സഹായം തേടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

യൂടേണ്‍ എന്നത് സര്‍ക്കാറിന്റെ മുഖമുദ്രയായി മാറിയെന്നും തോമസ് ഐസക് വിമര്‍ശിച്ചു. കേരളീയം നടത്തിയതില്‍ വിമര്‍ശിച്ചവര്‍ കേരളത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എല്‍ഡിഎഫിനെ അടിക്കാന്‍ എന്തും പറയാമെന്നായിരുന്നു. അധികാരത്തില്‍ എത്തിയപ്പോള്‍ മറ്റൊരു നിലപാട്. ഇതിനുള്ള തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും കേരളത്തിന്റെ ജനവികാരം യുഡിഎഫിനെതിരായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പദ്ധതികളുടെയും പരിപാടികളുടെയും ഏകോപനച്ചുമതല 40 പേരടങ്ങിയ ഗ്രാന്റ് തോണ്‍ടണ്‍ എന്ന കമ്പനിയുടെ ജീവനക്കാര്‍ക്കായിരുന്നു. 50 ലക്ഷം രൂപ മുടക്കിയാണ് ഗാന്റ് തോണ്‍ടണ്‍ എന്ന കമ്പനിയെ KNOWLEDGE പാര്‍ട്ട്ണറാക്കിയത്. ഇത്തരം പരിപാടികൾ നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് എന്ന കാര്യം ദുരൂഹമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുറം കരാറുകളെ ശക്തമായ എതിര്‍ത്ത ആള്‍ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പുറം കമ്പനിക്ക് സര്‍ക്കാര്‍ പരിപാടിയുടെ കരാര്‍ നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

ഇക്കഴിഞ്ഞ 16,17,18 ദിവസങ്ങളിലായിരുന്നു തിരുവനന്തപുരത്ത് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് നടന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് വികസന പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു കോണ്‍ഫറന്‍സ് സഘടിപ്പിച്ചത്. ആറ് മാസത്തിനകം പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കുമെന്നും രണ്ട് വര്‍ഷത്തിനകം പദ്ധതികളെ ട്രാക്കിലാക്കുമെന്നും മുഖ്യമന്ത്രി പരിപാടിയില്‍ പറഞ്ഞിരുന്നു.

Content Highlights: A multinational company that arrived for Reimagining Kerala was involved in planning projects and not event management.

dot image
To advertise here,contact us
dot image