വംശനാശഭീഷണി നേരിടുന്ന പക്ഷിക്ക് രക്ഷകനായി രാജസ്ഥാനിൽ നിർമ്മിക്കുന്ന ലക്ഷ്വറി വിസ്കി!

ഒരിക്കൽ ഇന്ത്യയുടെ ദേശീയ പക്ഷിയാകാനുള്ള മത്സരത്തിൽ മുന്നിലുണ്ടായിരുന്ന പക്ഷിയാണിത്

വംശനാശഭീഷണി നേരിടുന്ന പക്ഷിക്ക് രക്ഷകനായി രാജസ്ഥാനിൽ നിർമ്മിക്കുന്ന ലക്ഷ്വറി വിസ്കി!
dot image

വംശനാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയ്ക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ നിർമിക്കുന്ന ഒരു സിംഗിൾ മാൾട്ട് വിക്‌സി കമ്പനി രക്ഷകനാവുന്നു. ഒരു കാലത്ത് ധാരാളമായി ഉണ്ടായിരുന്ന പക്ഷിയാണ് ഗോഡവാൻ അഥവാ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്. ഇന്ന് നൂറിലും താഴെയാണ് ഇവയുടെ എണ്ണം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ 1994ലാണ് ഇതിനെ വംശനാശഭീഷണി നേരിടുന്ന പക്ഷിയായി പ്രഖ്യാപിച്ചത്. ഒരിക്കൽ ഇന്ത്യയുടെ ദേശീയ പക്ഷിയാകാനുള്ള മത്സരത്തിൽ മുന്നിലുണ്ടായിരുന്ന പക്ഷിയാണിത്.

ഗ്ലോബൽ സ്പിരിറ്റ് കമ്പനിയായ ഡിയാജിയോ ഇപ്പോൾ ഗോഡവാൻ്റെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുത്തൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. അൽവാറിലാണ് ഡിയാജിയോയുടെ ഗോഡവാൻ എന്ന സിംഗിൾ മാൾട്ട് വിസ്‌കി നിർമിക്കുന്നത്. 2022 മാർച്ചിലാണ് അവർ ഇന്ത്യയിൽ നിർമാണം ആരംഭിച്ചത്. ഇതിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 2023 മെയ് മാസത്തിൽ ലിമിറ്റഡ് എഡിഷനായ 'ഗോഡവാൻ 100' പുറത്തിറക്കിയിരുന്നു. ഒരെണ്ണത്തിന് 92,000 രൂപയായിരുന്നു വില. ഇതിലൊരോ ബോട്ടിലിലും ഗോഡവാൻ പക്ഷിയുടെ ചിത്രവും പതിപ്പിച്ചിരുന്നു. ബാർലിയിൽ നിന്നാണ് ഈ വിസ്‌കി ഉണ്ടാക്കുന്നത്.

നിലവിൽ ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയവുമായി ചേർന്ന് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാഡിന്റെ ആവാസവ്യവസ്ഥകളായ ഗ്രാസ് ലാന്റുകൾ ഉൾപ്പെടെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഈ പക്ഷികൾക്ക് പ്രജനനം നടത്താനുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അതിന്റെ അതിജീവനത്തിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഡിയാജിയോയുടെ പദ്ധതി. റോയൽ ബംഗാൾ കടുവകളെ വംശനാശത്തിന്റെ വക്കിൽ നിന്നും നേരത്തെ സംരക്ഷിച്ചുകൊണ്ടുവന്നിരുന്നു. ഈ പാത പിന്തുടർന്ന് ഗോഡവാനെയും സംരക്ഷിക്കാൻ കഴിയുമെന്നാണ് ഡിയാജിയോയുടെ പ്രതീക്ഷ.

ജില്ലാ ഫോറസ്റ്റ് ഓഫീസിൻ്റെ സഹായത്തോടെ ഡിയാജിയോ ജയ്‌സാൽമീറിലെ പൊക്‌റാനിൽ ഇരുന്നൂറ് ഏക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് ഗോഡവാന്റെ വാസസ്ഥലമാണ്. ബിഷ്‌ണോയി വിഭാഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ഗോഡവാൻ പക്ഷികൾക്ക് ഇണചേരാനും മുട്ടയിടാനുമുള്ള അവസ്ഥ ഉണ്ടാക്കാനാണ് ശ്രമം. പറക്കുന്ന പക്ഷികളിൽ ഏറ്റവും ഭാരമേറിയവയാണ് ഗോഡവാൻ. 15 കിലോഗ്രാമോളം ഭാരമുള്ള ഇവയ്ക്ക് 1.2 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും. നീണ്ട കാലുകൾ, ബ്രൗൺ നിറം, നീണ്ട കഴുത്ത് എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ.

ഇനി മുതൽ ഡിയാജിയോയുടെ വിസ്‌കിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നൊരു ഭാഗം ഗോഡവാൻ സംരക്ഷണത്തിനായി മാറ്റിവയ്ക്കാണ് കമ്പനിയുടെ തീരുമാനം.
Content Highlights: Luxury Whisky to save endangered bird species

dot image
To advertise here,contact us
dot image