
ബെംഗളൂരു: ഷൊർണൂരിൽ 'മുങ്ങിമരിച്ച' ഗുജറാത്തിലെ വ്യവസായിയെ ബെംഗളൂരുവിൽ ജീവനോടെ കണ്ടെത്തി. ഹുനാനി സിറാജ് അഹമദ് ഭായി എന്ന ആളെയാണ് പൊലീസ് കണ്ടെത്തിയത്. സെപ്തംബർ 17നാണ് റബ്ബർ ബാൻഡ് സംബന്ധിച്ച ബിസിനസ് ആവശ്യങ്ങൾക്കായി ഇയാൾ ഷൊർണൂരിലെത്തിയത്. എന്നാൽ ബിസിനസ് സംബന്ധിച്ച കരാർ നടപ്പായില്ല. ഇതോടെ സാമ്പത്തിക ബാധ്യതയിലായി. ഏകദേശം 50 ലക്ഷത്തോളം കടമായതോടെ വീട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് ഹുനാനി സിറാജ് വ്യാജ ആത്മഹത്യയിലേക്ക് തിരിഞ്ഞത്.
ചെറുതുരുത്തി പാലത്തിൽനിന്നും ഭാരതപുഴയുടെ ചിത്രമെടുത്ത് ഭാര്യയ്ക്ക് അയച്ചുകൊടുത്ത് താൻ ഈ പുഴയിൽ ചാടുകയാണെന്ന് സന്ദേശം അയച്ചു. പിന്നാലെ ഫോൺ സ്വിച്ച് ഓഫാക്കി. സിറാജിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്ന് ദിവസത്തോളം പുഴയിൽ തിരച്ചിലും നടത്തി. സിറാജിന്റെ നീക്കങ്ങളിൽ സംശയം തോന്നിയ പൊലീസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഒടുവിൽ സിറാജ് ജീവനോടെയുണ്ടെന്ന് കണ്ടെത്തി.
ഇയാൾ ബെംഗളൂരുവിൽ ഊബർ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ചോദ്യം ചെയ്യലിൽ വ്യാജ ആത്മഹത്യ സന്ദേശമാണ് അയച്ചതെന്നും കടം നൽകാനുള്ളവരെ ഭയന്നാണ് അങ്ങനെ ചെയ്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ജില്ലാ കോടതിയിൽ ഹാജരാക്കിയ സീറാജിനെ വെറുതെ വിട്ടു.
Content Highlights: Gujarat businessman who faked death in kerala now uber driver in bengaluru