
പത്തനംതിട്ട: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 2026 ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരുമെന്നും അധികാരത്തിലെത്തി ആദ്യമാസം തന്നെ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കുമെന്ന് വാക്കുനല്‍കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇടതുപക്ഷസര്‍ക്കാരിനും മുഖ്യമന്ത്രിക്കും അയ്യപ്പ ഭക്തിയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സുപ്രീംകോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിക്കുകയാണ്. അതിന് തയ്യാറുണ്ടോ മുഖ്യമന്ത്രീ? ശബരിമലയില്‍ സമരമുണ്ടായപ്പോള്‍ ആയിരക്കണക്കിന് സ്ത്രീകളടക്കം നാമജപഘോഷയാത്ര നടത്തിയതിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഈ ദേവസ്വം മന്ത്രിയെ രാജിവയ്പ്പിക്കണം. ഈ ദേവസ്വം ബോര്‍ഡിനെ പുറത്താക്കണം. കമഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊളളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സര്‍ക്കാരിന്റെ അവസാന നാളുകളാണിത്. ഈ കേസുകള്‍ അവസാനിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറായില്ലെങ്കില്‍ കേസുകളില്‍ പ്രതികളായ ഭക്തജനങ്ങള്‍ വിഷമിക്കേണ്ട. 2026 ഏപ്രില്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ വരും. ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ആദ്യത്തെ മാസം തന്നെ ഈ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കും. ഞങ്ങളുടെ വാക്കാണിത്': വി ഡി സതീശന്‍ പറഞ്ഞു.
തനിക്ക് കുറച്ചേ കിട്ടിയുളളൂ എന്നും ബാക്കി മുഴുവന്‍ അവന്മാര്‍ അടിച്ചുകൊണ്ടുപോയി എന്നുമാണ് ഇന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞതെന്നും ആരാണ് അടിച്ചുകൊണ്ടുപോയതെന്ന് മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. 'ആരാണ് അടിച്ചുകൊണ്ടുപോയതെന്ന് നിങ്ങള്‍ക്കറിയാം. അയ്യപ്പന്റെ സ്വര്‍ണവും ദ്വാരപാലക വിഗ്രഹവും ആരാണ് കട്ടുകൊണ്ടുപോയി വിറ്റത് എന്ന് കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളോട് പറയണം. അത്രയും വലിയ കവര്‍ച്ചയാണ്, ഭക്തരുടെ ഹൃദയത്തില്‍ മുറിവുണ്ടാക്കിയ സ്വര്‍ണക്കൊളളയാണ് നിങ്ങള്‍ ശബരിമലയില്‍ നടത്തിയത്. എന്നിട്ട് കപട അയ്യപ്പ ഭക്തിയുമായി പമ്പയിലേക്ക് പോകുന്നു. ഭഗവാന്റെ സ്വര്‍ണം കൊളളയടിച്ചതിന്റെ കമ്മീഷന്‍ അടിക്കുന്ന ആളുകളുളള നേതൃത്വമാണ് കേരളത്തിലുളളത്. യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ, കവര്‍ന്നതെല്ലാം അയ്യപ്പസന്നിധിയില്‍ തിരിച്ചെത്തുന്നതുവരെ യുഡിഎഫും കോണ്‍ഗ്രസും സമരവുമായി മുന്നോട്ടുപോകും': വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇടതുപക്ഷത്തോട് കൂടുതല്‍ അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്‍എസ്എസിനെ പിണക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുക്ക കേസുകള്‍ പിന്‍വലിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം.
Content Highlights: UDF will withdraw cases against Namajapa yatra if Congress comes to power: VD Satheesan