
പശ്ചിമബംഗാളിലെ കുര്‍സെയോങില്‍ വെള്ളപ്പൊക്കത്തില്‍ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയ പതിനഞ്ച് ദിവസം മാത്രം പ്രായമായ കുട്ടിയാനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കാസവാനാണ് കുട്ടിയാനയുടെ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. അമ്മ ഉപേക്ഷിച്ച കുഞ്ഞന്‍ ആനയ്ക്ക് സുരക്ഷിതമായൊരിടം ഉദ്യോഗസ്ഥര്‍ സജ്ജമാക്കുകയും ചെയ്തു. ജല്‍ദാപാര നാഷണല്‍ പാര്‍ക്കിലെ പില്‍ഖാനയില്‍ പരിശീലനം ലഭിച്ച ഫോറസ്റ്റ് സ്റ്റാഫുകളുടെ സംരക്ഷണയില്‍ കഴിയുകയാണ് കുട്ടിയാനക്കുട്ടി ഇപ്പോൾ. സമയത്തിന് ഭക്ഷണമെല്ലാമൊരുക്കി മികച്ച സുരക്ഷയാണ് ഈ കുഞ്ഞൻ ആനയ്ക്ക് നല്‍കുന്നത്.
കുര്‍സെയോങ് ഡിവിഷനിലെ മേത്തിബാരി പ്രദേശത്ത് വച്ച് മേച്ചി നദിയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടു പോകുകയായിരുന്നു കുട്ടിയാന. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലില്‍ കുട്ടിയാനയെ രക്ഷപ്പെടുത്തി. പിന്നാലെ കുട്ടിയെ അമ്മയ്‌ക്കൊപ്പം അയക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിനെ ഒപ്പം കൂട്ടാന്‍ അമ്മയാന തയ്യാറായില്ല. പിന്നാലെ ഫോറസ്റ്റ് സംഘം ക്ഷീണിതയായ കുട്ടിയാനയ്ക്ക് പാല്‍പ്പൊടിക്കൊപ്പം മരുന്ന് കലക്കി കൊടുക്കുകയും ഒപ്പംകൂട്ടുകയും ചെയ്തു.
കുട്ടിയാനയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആനക്കുട്ടിയെ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. എത്രയും പെട്ടെന്ന് കുഞ്ഞനാനയ്ക്ക് തിരികെ കാട്ടിലേക്ക് മടങ്ങാന്‍ കഴിയട്ടെ എന്നാണ് ചിലരുടെ ആശംസ. എന്നാല്‍ ചിലര്‍ വിഷമമാണ് പങ്കുവച്ചത്. പതിനഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോള്‍ അനാഥമായി പോകേണ്ടി വന്നല്ലോയെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: 15 days old elephant baby rescued, mother refused to accept