
2027 ഓഗസ്റ്റ് രണ്ടിന് ലോകത്ത് ഒരു അപൂര്‍വ്വ പ്രതിഭാസം നടക്കാന്‍ പോകുന്നു. ഗ്രേറ്റ് നോര്‍ത്ത് ആഫ്രിക്കന്‍ എക്ലിപ്‌സ് എന്നറിയപ്പെടുന്ന പൂര്‍ണ സൂര്യഗ്രണമാണ് ലോകത്തിന്റെ ആകാശത്തെ വിസ്മയം കൊള്ളിക്കാന്‍ പോകുന്നത്. ഏകദേശം ആറ് മിനിട്ടോളം നീണ്ടുനില്‍ക്കുന്ന ഈ പ്രതഭാസം യൂറോപ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണപാത കടന്ന് പോവുക. മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ഈ ദിവസം പൂര്‍ണ ഇരുട്ട് പരത്തും. ഇന്ത്യയ്ക്ക് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഭാഗികമായി പ്രതിഭാസത്തിന്റെ ഭാഗമാകാന്‍ നമുക്കും സാധിക്കും.
ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഈ പ്രതിഭാസം ലോകത്തെ അല്‍പനേരത്തേക്ക് നിശ്ചലമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും സൂര്യനെ മറയ്ക്കുന്ന പ്രതിഭാസത്തെയാണ് പൂര്‍ണ സൂര്യഗ്രഹണം എന്ന് പറയുന്നത്. ഈ സമയത്ത് പക്ഷികള്‍ പോലും നിശബ്ദമാകുമെന്നും തണുത്ത കാറ്റ് വീശുകയും, അന്തരീക്ഷം സന്ധ്യാ സമയം പോലെ ഇരുളുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം. സൂര്യന്റെ നേര്‍ത്ത വെളിച്ചം ഓജസ് പോലെ ചന്ദ്രനെ വളയം വയ്ക്കുകയും ചെയ്യും.
ആധുനിക കാലത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും 2027ല്‍ സംഭവിക്കുക എന്നാണ് കരുതുന്നത്. ഈ നിമിഷങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ചന്ദ്രന്റെ നിഴലിന്റെ മറവിലായിരിക്കും, പകല്‍ സമയത്ത് കൂടുതല്‍ ഇരുട്ട് അനുഭവപ്പെടും. അപൂര്‍വ ബഹിരാകാശ വിന്യാസമാണ് ഈ ഗ്രഹണത്തെ കൂടുതല്‍ പ്രത്യേകമാക്കുന്നത്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയം കൂടിയായിരിക്കും ഇത്. അതുകൊണ്ട് ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏറ്റവും വലുതായും കാണാനാവും.
യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ പ്രദേശങ്ങളിലാണ് ഗ്രഹണം അതിന്റെ പൂര്‍ണതയില്‍ ദൃശ്യമാകുന്നത്. ഗ്രഹണത്തിന്റെ പാത അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആരംഭിച്ച് തെക്കന്‍ സ്‌പെയിനിലൂടെയും, ജിബ്രാള്‍ട്ടറിലൂടെയും കടന്ന് പോകും, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് കടന്ന് പോവുക. ഈജിപ്ഷ്യന്‍ നഗരമായ ലക്‌സറില്‍ ആറ് മിനിട്ടിലധികം പൂര്‍ണ ഇരുട്ട് വ്യാപിക്കുമെന്നാണ് കരുതുന്നത്.
സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ശ്രമിക്കുന്നത് കണ്ണിന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകാം. അതിനാല്‍, സൂര്യഗ്രഹണം കാണുന്നതിനായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷനുള്ള സോളാര്‍ ഫില്‍ട്ടര്‍ കണ്ണടകള്‍ ഉപയോഗിക്കുക. സാധാരണ സണ്‍ഗ്ലാസുകളോ, മറ്റ് ഫില്‍റ്ററുകളും ഉപയോഗിക്കുന്നതും സുരക്ഷിതമല്ല. ടെലിസ്‌കോപ്പോ, ബൈനോക്കുലറോ ഉപയോഗിക്കുന്നെങ്കില്‍ അതിന് മുന്നിലായും ഫില്‍റ്ററുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
Content Highlight; Solar Eclipses Happening on Earth