
സ്രാവ് നമുക്ക് എല്ലാവർക്കും പരിചിതമായ ഒരു കടൽ മത്സ്യമാണല്ലോ. വലിപ്പം കൊണ്ട് കടലിലെ ഭീമന്മാർ തിമിംഗലമാണെങ്കിൽ കടൽ ജീവികൾക്ക് തിമിംഗലത്തെക്കാൾ പേടി സ്രാവിനെയാണത്രെ. ആക്രമണ സ്വഭാവം കൂടുതലായതിനാലും, വേഗതയിൽ അസാമാന്യ കഴിവുള്ളതിനാലും കടൽ ജീവികൾക്ക് പുറമെ കടലിലേക്ക് പോകുന്ന മനുഷ്യരുടെയും പേടിസ്വപ്‌നമാണ് സ്രാവുകൾ. സ്രാവുകളുടെ ശരീരം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. കടൽ ഒരു അത്ഭുത പ്രതിഭാസമാണെന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ അതുപോലെ സവിശേഷതകളുള്ള കടൽ ജീവിയാണ് സ്രാവുകളെന്ന് അറിയാമോ…
ക്യാൻസർ മനുഷ്യനെ പോലെ മറ്റ് ജീവികളെയും ദുരിതത്തിലാക്കുന്ന അസുഖമാണ്. എന്നാൽ സ്രാവുകൾക്ക് കാൻസർ വരുന്നത് അപൂർവ്വങ്ങളില്‍ അപൂർവ്വമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ഞെട്ടിക്കുന്ന ആയുർദൈർഘ്യവും, പെട്ടെന്ന് മുറിവുകൾ കരിയാനുള്ള ചില പ്രത്യേകതകളും സ്രാവുകളുടെ ശരീരത്തിനുണ്ട്. കൊമ്പൻ സ്രാവുകളുടെ ഈ പ്രത്യേകതയ്ക്ക് പിന്നിലെ കാരണങ്ങൾ എന്തൊക്കെയെന്ന് നിങ്ങൾക്കറിയാമോ. നമുക്കൊന്ന് പരിശോധിക്കാം.
കടൽ മത്സ്യങ്ങളിൽ ഇന്ന് വരെ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ളത് സ്രാവുകൾക്കാണ്. എന്നാൽ ഇവയിൽ തന്നെ പ്രത്യേകതകൾ പലതുള്ള കൊമ്പൻ സ്രാവ് എന്ന ഇനവുമുണ്ട്. വലുപ്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ആണെങ്കിലും, വേഗത്തിലും മറ്റ് കാര്യങ്ങളിലും കൊമ്പൻ സ്രാവുകൾ തന്നെയാണ് ഒന്നാമൻ. വേട്ടയാടാനുള്ള കഴിവിലും, മറ്റ് ജനിതക പ്രത്യേകതകളിലും കൊമ്പൻ സ്രാവ് മുന്നിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്രാവുകളുടെ ജീനിൻ്റെ 60 ശതമാനവും മനുഷ്യരുടേതിനു സമാനമാണെന്നു ഗവേഷകർ പറയുന്നു. മനുഷ്യരിലുള്ളതു പോലെ ആവർത്തിക്കുന്ന ജനിതക ഘടകങ്ങൾ സ്രാവുകളിലും കാണാം. എന്നാൽ സ്രാവുകളിൽ ഒരു വ്യത്യാസമുണ്ട്. ഈ ആവർത്തിക്കുന്ന ജനിതക ഘടകങ്ങൾ ചേർന്ന് ലൈൻസ് (LINES) എന്നു വിളിക്കുന്ന ഒരു കൂട്ടം ജനിതക ഘടകങ്ങളായി മാറും. ഈ ലൈനുകൾ സ്വന്തം പകർപ്പുകളുണ്ടാക്കി സൂക്ഷിക്കുന്നവയാണ്. തുടർന്ന് ഇത്തരം പകർപ്പുകൾ ഡിഎൻഎയിൽ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളപ്പോൾ അത്തരം സ്ഥലങ്ങളിൽ ഉപയോഗിക്കും.
ഡിഎൻഎയിൽ തുടർച്ചയായുണ്ടാകുന്ന തകർച്ചയാണ് വൈകാതെ ജനിതക മ്യൂട്ടേഷൻ വരുത്തുന്നതും ഇതുവഴി ക്യാൻസറിനു കാരണമാകുന്നതും. എന്നാൽ സ്രാവുകളിലെ ലൈനുകളുടെ പ്രവർത്തനം ഇത്തരം ജനിതക മ്യൂട്ടേഷനുകൾ ഒഴിവാക്കുന്നു, അതുവഴി ക്യാൻസറും. അതായത് ലൈൻസ് എന്ന ജനിതക പ്രത്യേകത തന്നെയാണ് സ്രാവുകളെ ക്യാൻസറുകളിൽ നിന്നു പരമാവധി രക്ഷിച്ചു നിർത്തുന്നതെന്നു പഠനത്തിൽ പങ്കെടുത്ത കോർണൽ സർവകലാശാലയിലെ മൈക്കൾ സ്‌റ്റാൻഹോപ്, കൺസർവേഷൻ ബയോളജിസ്‌റ്റ് മഹമൂഗ് ശിവ്‌ജി, നോവാ സൗത്ത് ഈസ്റ്റേൺ സർവകലാശാലയിലെ ഗവേഷകർ എന്നിവർ പറയുന്നു.
ജനിതക സ്‌ഥിരത കാത്തുസൂക്ഷിക്കാനുള്ള സ്രാവുകളുടെ ഈ കഴിവാണ് ക്യാൻസർ, ട്യൂമർ പോലുള്ള അവസ്‌ഥകളിൽ നിന്നു ഇവയെ സംരക്ഷിക്കുന്നതും ഇവയെ നട്ടെല്ലുള്ള മത്സ്യങ്ങളിൽ ഏറ്റവുമധികം ആയുസ്സുള്ളവയാക്കി മാറ്റുന്നതും അതേസമയം തന്നെ സ്രാവിനെ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ക്യാൻസർ വരുന്നതു തടയാനാകുമെന്ന ധാരണ തെറ്റാകാനാണ് സാധ്യതയെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. ജനിതകമായ പ്രത്യേകതകളാണ് സ്രാവിനെ ക്യാൻസറിൽനിന്നു സംരക്ഷിക്കുന്നത്. സ്രാവിനെ കൂടുതൽ ഭക്ഷിക്കുന്നത് കൊണ്ട് ഈ പ്രത്യേകതകൾ മനുഷ്യർക്കു ലഭിക്കില്ല അതിനാൽ തന്നെ സ്രാവിനെ കഴിക്കുന്നത് കൊണ്ടു ക്യാൻസറിൽ നിന്നു രക്ഷനേടാൻ കഴിയുമെന്നത് അബദ്ധ ധാരണയാണെന്നും ഗവേഷകർ പറയുന്നു.
Content Highlight; How Sharks May Naturally Prevent Cancer And What We Can Learn