135-ാം വയസില്‍ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിച്ച് ഗോലിയാത്ത്

വർഷങ്ങളോളം നിരവധി പെൺ ആമകളുമായി ഇണചേർന്നിട്ടും ഗോലിയാത്തിന് അച്ഛനാകാൻ കഴിഞ്ഞിരുന്നില്ല

dot image

ജന്മദിനവും, തന്റെ ആദ്യത്തെ ഫാദേഴ്‌സ് ഡേയും ഒരുമിച്ച് ആഘോഷിക്കുകയാണ് അമേരിക്കയിലെ ഒരു ആമ. യുഎസ് മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസിയാണ് 135 കാരനായ ഗോലിയാത്ത്. 517 പൗണ്ട് ഭാരമുള്ള ഗോലിയാത്ത് ഗാലപ്പഗോസ് സ്വദേശിയാണ്. 1885നും 1990 നും ഇടയിൽ എപ്പഴോ ഗാലപ്പഗോസിൽ സാന്താക്രൂസ് ദ്വീപിലാണ് ഗോലിയാത്തിന്റെ ജനനം എന്നാണ് മൃഗശാല അധികൃതർ വ്യക്തമാക്കുന്നത്.

128 ദിവസത്തെ ഇൻകുബേഷന് ശേഷം, ജൂൺ 4നായിരുന്നു ഗോലിയാത്തിന് കുഞ്ഞ് പിറന്നത്. ഗോലിയാത്ത് ഇണ ചേര്‍ന്ന പെണ്‍ ആമയുടെ എട്ട് മുട്ടകളില്‍ ഒന്നാണ് വിരിഞ്ഞത്. ഗോലിയാത്തിന്റെ ആദ്യത്തെ കുഞ്ഞ് എന്ന സവിശേഷത മാത്രമല്ല, ആ മൃഗശാലയിലെ തന്നെ ആദ്യത്തെ ഗാലപ്പഗോസ് ആമയുടെ കുഞ്ഞും കൂടിയാണ് അത്.

വർഷങ്ങളോളം നിരവധി പെൺ ആമകളുമായി ഇണചേർന്നിട്ടും ഗോലിയാത്തിന് അച്ഛനാകാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് സ്വീറ്റ് പിയ എന്ന ആമയെ 1960ൽ ക്രാണ്ടർ പാർക്ക് മൃഗശാലയിൽ എത്തിക്കുന്നത്. പ്രായപൂർത്തിയായപ്പോൾ ക്രാണ്ടർ പാർക്കിലെത്തിയ അവൾക്ക് ഇപ്പോൾ 85നും 100നും ഇടയിൽ പ്രായമുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.

ആമകൾക്കായി അനുവദിച്ച സ്ഥലത്ത് മാതാപിതാക്കൾ സുഖമായിരിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ആരോഗ്യവാനായിരിക്കുന്ന ആമക്കുഞ്ഞിനെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. ആമക്കുഞ്ഞുങ്ങള്‍ പൊതുവെ മാതാപിതാക്കളുമായി വലിയ അടുപ്പം സൂക്ഷിക്കാറില്ല. ജനനശേഷം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മാതാപിതാക്കളില്‍ നിന്നും അകന്നുമാറുന്ന ആമകള്‍, ആരെയും ആശ്രയിക്കാതെ സ്വതന്ത്രമായാണ് ഇവര്‍ ജീവിക്കുന്നത്.

ഏറ്റവും കൂടിയ പ്രായത്തില്‍ ആദ്യമായി പിതാവായ ജീവി എന്ന നിലയില്‍ ഗോലിയത്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടിയിട്ടുണ്ട്. ഗോലിയാത്തിന്റെ ആദ്യത്തെ പിതൃത്വവും, 135-ാം പിറന്നാളും വലിയ ആഘോഷമാക്കിയിരിക്കുകയാണ് മൃഗശാല ജീവനക്കാർ. ഗോലിയാത്ത് പ്രതീക്ഷയുടെ പ്രതീകമാണ് എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്.

Content Highlight: 135-Year-Old Tortoise Celebrates Birthday and First Father's Day

dot image
To advertise here,contact us
dot image