ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലല്ല; ഭൂമിക്കുമുണ്ട് ഹൃദയ താളം

വലിയൊരു പ്രപഞ്ച രഹസ്യമാണ് ഭൂമിക്ക് ഹൃദയ സ്പന്ദനം ഉണ്ടോ എന്ന ചോദ്യം

dot image

നെഞ്ചിലൊന്ന് കൈവച്ചാല്‍ അറിയാം നമ്മുടെ ഉള്ളിലെ ജീവന്റെ താളം, നമ്മുടെ ഹൃദയത്തിന്റെ തുടിപ്പ്. മനുഷ്യര്‍ക്ക് ഉള്ളതുപോലെ നാം ജീവിക്കുന്ന ഭൂമിക്കും ഒരു സ്പന്ദനമുണ്ട്. കൃത്യമായ ഇടവേളയില്‍ അതങ്ങനെ താളത്തോടെ സ്പന്ദിച്ചുകൊണ്ടിരിക്കും. ഓരോ 26 സെക്കന്റിലും ഭൂമി ഒരു പ്രകമ്പനം പുറപ്പെടുവിക്കുന്നുണ്ട്. 1960 കളുടെ തുടക്കത്തിലാണ് ജാക്ക് ഒലിവര്‍ എന്ന ജിയോഫിസിസ്റ്റ് അക്കാലത്ത് ലഭ്യമായിരുന്ന ഭൂകമ്പ ഉപകരണങ്ങള്‍ ഉപയോഗിച്ച് സീസ്‌മോഗ്രാഫുകളില്‍ അസാധാരണമായ ഒരു സിഗ്നല്‍ ശ്രദ്ധിക്കുന്നത്. പ്രത്യേകിച്ചും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്ക് മുകളില്‍.

ചില സീസണുകളില്‍ ഈ സിഗ്നല്‍ കൂടുതല്‍ ശക്തമാകുന്നത് ജാക്ക് ഒലിവര്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ അക്കാലത്ത് ആധുനിക ഉപകരണങ്ങള്‍ ഒന്നും ഇല്ലായിരുന്നതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ലത്രേ. അതുകൊണ്ടുതന്നെ ഭൂമിയുടെ ഹൃദയതാളം എന്നത് വര്‍ഷങ്ങളായി ഒരു അത്ഭുത പ്രതിഭാസമായും ജിജ്ഞാസ ഉണര്‍ത്തുന്ന ചോദ്യമായും ശാസ്ത്രജ്ഞന്മാരുടെ ഉള്ളില്‍ അവശേഷിച്ചു.

പിന്നീട് 2005 ല്‍ കൊളറോഡോ ബൗള്‍ഡര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഈ വിചിത്ര പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്താന്‍ വീണ്ടും താല്‍പര്യം പ്രകടിപ്പിച്ചു. കൂടുതല്‍ സെന്‍സിറ്റീവും അത്യാധുനികമായ ഉപകരണങ്ങളും ഉപയോഗിച്ച് ശാസ്ത്രജ്ഞന്മാരായ മൈക്ക് റിറ്റ്‌സ്‌വോളറും സഹപ്രവര്‍ത്തകരും ഒരോ 26 സെക്കന്റിലും കൃത്യമായി ഒരേ സിഗ്നല്‍ ലഭിക്കുന്നതായി കണ്ടെത്തി. അതിന്റെ ഉറവിടം പശ്ചിമാഫ്രിക്കയുടെ തീരത്ത് ഗിനിയ ഉള്‍ക്കടലിലായിരുന്നു. പക്ഷേ ഇതിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്.

ഈ സ്പന്ദനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പല തരത്തിലുള്ള സിദ്ധാന്തങ്ങളും ഇന്ന് നിലവിലുണ്ട്. അതിലൊന്ന് സമുദ്ര തിരമാലകള്‍ കരയിലേക്ക് ഇടിച്ചുകയറുന്നതിനെക്കുറിച്ചാണ്. ചില ഗവേഷകര്‍ പറയുന്നതുപ്രകാരം തിരമാലകള്‍ കരയില്‍ ഇടിച്ചുകയറുന്ന വൈബ്രേഷനുകളാണ് ഈ സ്പന്ദനങ്ങള്‍ക്ക് കാരണം എന്നാണ്.

ഒരു മേശയുടെ അറ്റത്ത് തട്ടിയാല്‍ അപ്പുറത്തെ വശത്ത് സ്പന്ദനം അനുഭവപ്പെടുന്നതുപോലെയാണ് ഇതിന്റെ തിയറി. എന്നാല്‍ 2013 ല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ നടത്തിയ കണ്ടെത്തല്‍ അനുസരിച്ച് സാവോ ടോം ദ്വീപിനടുത്തുള്ള അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങളാണ് ഈ സ്പന്ദനങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. പക്ഷേ ഇതിനും തെളിവില്ല. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുളള സീസ്‌മോമീറ്ററുകള്‍ ഇന്നും ഈ ഹൃദയമിടിപ്പിനുള്ള ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്.

Content Highlights :The question of whether the Earth has a heartbeat is a great cosmic mystery

dot image
To advertise here,contact us
dot image