'ഉറുമ്പുകളെ സോമ്പി'യാക്കുന്ന ഭീകരൻ; സോമ്പി ആന്റ് ഫം​ഗസ്

യഥാര്‍ത്ഥ ജീവിതത്തില്‍ സോമ്പി സ്വഭാവം കാണിക്കുന്ന ഒരു സൂക്ഷ്മാണു ഉണ്ട്!!

dot image

മനുഷ്യരെ എക്കാലത്തും പേടിപ്പെടുത്തിയിട്ടുള്ള ഒരു ആശയമായിരുന്നു സോമ്പികള്‍. ഇംഗ്ലീഷ് സിനിമകളിലും സീരീസുകളിലും സോമ്പി കഥാപാത്രങ്ങള്‍ പലപ്പോഴും പേടിപ്പെടുത്താറുണ്ട്. മനുഷ്യമാംസം കഴിക്കുന്ന ജീവനുള്ള പ്രേതങ്ങളായാണ് സിനിമകളില്‍ സോമ്പികളെ പ്രദര്‍ശിപ്പിക്കുന്നത്. സോമ്പികള്‍ക്ക് വികാരങ്ങളുണ്ടാകില്ലെന്നും, സോമ്പികളുടെ കടിയേറ്റാല്‍, കടിയേറ്റയാളും സോമ്പികളായി മാറും തുടങ്ങിയ പേടിപ്പിക്കുന്ന കഥകളാണ് പൊതുവില്‍ സോമ്പികളെ വില്ലന്മാരാക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ സോമ്പി സ്വഭാവം കാണിക്കുന്ന ജീവിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ അത്തരത്തില്‍ ഒരു ഫംഗസുണ്ട്. പക്ഷെ, അത് മനുഷ്യരെ ആക്രമിക്കാറില്ല. ഉറുമ്പുകളെ ലക്ഷ്യമിടുന്ന ഈ ഫംഗസുകള്‍ സോമ്പി ആന്റ് ഫംഗസ് അല്ലെങ്കില്‍ ഓര്‍ഫിയോകോര്‍ഡിസെപ്‌സ് ഫംഗസ് എന്നാണ് അറിയപ്പെടുന്നത്. സോമ്പി ആന്റ് ഫംഗസ് ഒരു പരാദ ജീവിയാണ്, ഇവ അതിജീവനത്തിനായി ഉറുമ്പുകളെ കടിക്കുന്നു.

മഴക്കാടുകളില്‍ നിലത്തും മരത്തിന് മുകളിലുമായി സോമ്പി ആന്റ് ഫംഗസുകളുടെ ധാരാളം ബീജം ഒട്ടിപ്പിടിച്ചിരിക്കും. ഈ ബീജത്തില്‍ ചവിട്ടുന്നതിലൂടെ ഫംഗസ് ഉറുമ്പുകളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ആദ്യം ഉറുമ്പിന്റെ ശരീരത്തിലെത്തുന്ന ഫംഗസ് ഏകകോശമായി പ്രവര്‍ത്തിക്കുകയും, പിന്നീട് വിഭജിച്ച് പെരുകുകയും ചെയ്യും. ഈ കോശങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് അവയ്ക്കാവശ്യമായ പോഷകങ്ങള്‍ തമ്മില്‍ കൈമാറുന്നു. പതിയെ പതിയെ ആധിപത്യം സ്ഥാപിച്ച് ഫംഗസുകള്‍ ഉറുമ്പിന്റെ ശരീരത്തിന്റെ പകുതിയോളം കീഴടക്കും.

ഇതിന് ശേഷമുള്ള ഉറുമ്പിന്റെ ജീവിതം വളരെ പരിതാപകരമാണ്. സോമ്പി ഫംഗസ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഉറുമ്പുകള്‍ അതിന്റെ സാധാരണ ജീവിതം അവസാനിപ്പിക്കുന്നു. ശാസ്ത്രജ്ഞര്‍ സോമ്പി ഫേസ് എന്ന് വിളിക്കുന്ന ഈ ഘട്ടത്തില്‍ ഉറുമ്പ് കൂട്ടമായുള്ള ജീവിതം അവസാനിപ്പിക്കും. പിന്നീട് ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന ഫംഗസുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് ഉറുമ്പുകള്‍ ജീവിതം മാറ്റും.

ശരീരത്തില്‍ പ്രവേശിച്ച ഫംഗസ് തലച്ചോറിന്റെയും, പേശികളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഉറുമ്പ് പൂര്‍ണമായും സോമ്പി ആന്റ് ഫംഗസിന്റെ വരുതിയിലാകും. ഈ സമയത്ത് ഉറുമ്പിനെക്കൊണ്ട് വിചിത്രമായ കാര്യങ്ങളാണ് ഫംഗസുകള്‍ ചെയ്യിക്കുക. സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് ഫംഗസുകള്‍ക്കാവശ്യമായ ഈര്‍പ്പം ലഭിക്കുന്ന പ്രദേശത്തേക്ക് പലായനം ചെയ്യാന്‍ ഉറുമ്പുകള്‍ നിര്‍ബന്ധിതരാവും. അങ്ങനെ ഫംഗസിന്റെ ഇംഗിതത്തിന് വഴങ്ങി, ഉറുമ്പുകള്‍ നിലത്ത് നിന്ന് 10 മുതല്‍ 25 ഇഞ്ച് വരെ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറും.

ഫംഗസിന്റെ പിടിയിലായ ഉറുമ്പുകളുടെ അവസാനം ദാരുണമാണ്. അവര്‍ വസിക്കുന്ന സ്ഥലത്തെ ഏതെങ്കിലും മരക്കൊമ്പില്‍ ഇലയില്‍ താടിയെല്ലുകള്‍ അമര്‍ത്തിവെക്കും. പിന്നീട് ജീവിതകാലത്തില്‍ ഒരിക്കലും ആ ഇരിപ്പ് മാറ്റാന്‍ അവയ്ക്ക് സാധിക്കില്ല. അങ്ങനെ സ്വയം തടവുകാരനായ ഉറുമ്പ് ദാരുണമായി മരണപ്പെടുന്നു. മരണപ്പെട്ട ഉറുമ്പ് അടുത്ത ഫംഗസായി വീണ്ടും അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരിക്കും.

Content Highlight; The Fungus That Controls Minds: Unraveling the Zombie Ant Mystery

dot image
To advertise here,contact us
dot image