Top

കെ ബ്യൂട്ടിയെ കേരള ബ്യൂട്ടിയാക്കാം

എത്ര പ്രായം ചെന്നാലും കൊറിയക്കാർ കണ്ണാടി പോലെ തിളങ്ങുന്ന ചുറുചുറുക്കുള്ള ചർമ്മവതികളും ചർമവാൻമാരുമായിരിക്കുന്നത് അവരുപയോഗിക്കുന്ന പരമ്പരാഗതമായ ചില സൗന്ദര്യ കൂട്ടുകളും കുറുക്കുവഴികളും കൊണ്ടാണത്രേ.

1 Sep 2021 11:05 AM GMT
നിഷ അജിത്ത്

കെ ബ്യൂട്ടിയെ കേരള ബ്യൂട്ടിയാക്കാം
X

മധ്യവയസ്സോടടുക്കുമ്പോഴേക്കും ഒരു മിക്കപേരെയും അലട്ടുന്ന ഒരു പ്രധാന വിഷയമാണ് ചർമ്മത്തിലുണ്ടാകുന്ന, പ്രത്യേകിച്ച് മുഖത്തുണ്ടാകുന്ന കൊച്ചുകൊച്ചു പാടുകളും, ചുളിവുകളും, നിറവ്യത്യാസവുമെല്ലാം. പ്രായമേറും തോറും മുഖചർമ്മത്തിന്റെ സ്നിഗ്ദ്ധതയും തിളക്കവുമെല്ലാം കുറയുകയും മടക്കുകളുടെ എണ്ണം കൂടുകയും ചെയ്യും. ഇതൊരു സങ്കടവിഷയമാണെങ്കിലും കുടുംബപ്രാരാബ്ദമെല്ലാം ഒന്നൊതുങ്ങുന്ന സമയമായതു കൊണ്ട് അല്പം മനസമാധാനത്തോടെ ഈ വിഷയങ്ങൾ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറുണ്ട്.

ഇന്ന് ഈ ഇന്റർനെറ്റ് യുഗത്തിൽ ചർമ്മസൗന്ദര്യവുമായി ബന്ധപ്പെടുത്തി എന്തെങ്കിലുമൊന്ന് അന്വേഷിക്കാൻ തുടങ്ങുമ്പോഴേ ആദ്യമേ വരുന്ന ഫലങ്ങളിലൊന്ന് കൊറിയക്കാരുടെ പ്രായമേശാത്ത സൗന്ദര്യവും ആ സൗന്ദര്യത്തിലേക്കുള്ള കുറുക്കുവഴികളുമാണ്. എത്ര പ്രായം ചെന്നാലും കൊറിയക്കാർ കണ്ണാടി പോലെ തിളങ്ങുന്ന ചുറുചുറുക്കുള്ള ചർമ്മവതികളും ചർമവാൻമാരുമായിരിക്കുന്നത് അവരുപയോഗിക്കുന്ന പരമ്പരാഗതമായ ചില സൗന്ദര്യ കൂട്ടുകളും കുറുക്കുവഴികളും കൊണ്ടാണത്രേ.

ജനിതകപരമായ സവിശേഷതകളുടെ ബലത്തിലാണ് കൊറിയക്കാർ എന്നും ചെറുപ്പമായി നിലകൊള്ളുന്നത് എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതെന്ന് പറയുമ്പോഴും, ഈ വാദം ശരിയെന്നു തെറ്റെന്നോ അംഗീകരിക്കാൻ ശാസ്ത്രലോകം ഇതുവരെയും മുതിർന്നിട്ടില്ല. എങ്കിലും ചർമ്മസൗന്ദര്യം കാത്തുസൂക്ഷിക്കാനായി കൊറിയക്കാർ എടുക്കുന്ന പ്രയത്നങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല.

നമുക്കും എളുപ്പത്തിൽ പരീക്ഷിച്ചു നോക്കാവുന്ന ചില നുറുങ്ങ് വിദ്യകൾ ഇതാ:-

വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ നാരങ്ങാനീരും, ശക്തമായ ആസ്ട്രിജന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സ്ട്രോബെറിയും ചേർന്നുള്ള മിശ്രിതം ആണ് കൊറിയക്കാരുടെ ഇടയിലെ വളരെ സാധാരണമായ ഒരു സൗന്ദര്യവർധക സഹായി. ഈ മിശ്രിതം ചർമ്മത്തിന്റെ കേടുപാടുകളും പ്രായാധിക്യത്തിന്റെ ചുളിവുകളും കുറക്കുകയും ഒപ്പം മുഖക്കുരുവിനെ അകറ്റി അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.

5-6 സ്ട്രോബെറി അരച്ച് കുഴമ്പ് പരുവത്തിലാക്കിയതിലേക്ക്, 2 തുള്ളി നാരങ്ങ നീരും 2 ടേബിൾസ്പൂൺ തൈരും ചേർത്ത് ഇളക്കുക. ഈ മിശ്രിതത്തെ മാസ്ക് രൂപത്തിലാക്കി മുഖത്തും കഴുത്തിലും മൃദുവായി പുരട്ടി 30 മിനിറ്റ് നേരം വെക്കുക. മാസ്ക് വലിഞ്ഞു തുടങ്ങുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് ചർമ്മത്തിന് ഉന്മേഷവും പുതുമയും നൽകും. ആഴ്ചയിൽ രണ്ടുതവണ ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടിയാൽ തീർച്ചയായും ഫലം മികച്ചതായിരിക്കും.

മറ്റൊരു കൊറിയൻ ഗൃഹവൈദ്യമാണ് അരിപ്പൊടിയും കറ്റാർവാഴയുടെ കുഴമ്പും ചേർന്നുള്ള മിശ്രിതം. ഇത് ചർമ്മത്തിന്റെ വാർദ്ധക്യലക്ഷണങ്ങൾ തടയുമെന്നും സൂര്യരശ്മികളിൽ നിന്നും പ്രതിരോധിക്കുമെന്നും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുമെന്നുമാണ് പറയപ്പെടുന്നത്. കൂടാതെ ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു.

മൂന്ന് ടേബിൾസ്പൂൺ നന്നായി പൊടിച്ച അരിപ്പൊടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴയുടെ നീരും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് നേര്‍പ്പിച്ച്‌ ദ്രാവകരൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി പൂർണ്ണമായും ഉണങ്ങുന്നത് വരെ കാക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ മാസ്ക് ഉപയോഗിച്ചാൽ അത്ഭുതകരമായ മാറ്റമുണ്ടാകുമെന്നാണ് കൊറിയൻ ജനത സാക്ഷ്യപ്പെടുത്തുന്നത്.

നമ്മൾ കേരളീയർക്ക് താരതമ്യേന എളുപ്പമുള്ള മാർഗ്ഗമാണ് അടുത്തത്. പുളിച്ച കഞ്ഞിവെള്ളം കൊണ്ടുള്ള ഒരു ചർമ്മസംരക്ഷണ ഉപാധിയാണത്. ഈ പുളിപ്പിച്ച കഞ്ഞിവെള്ളം സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തിനുണ്ടാകണടയുള്ള കേടുപാടുകൾ ഭേദമാക്കുന്നു. കൂടാതെ ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിച്ച്‌ മൃദുവാക്കുകയും ചുളിവുകൾ തടയാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്.

തിളപ്പിച്ച അരിയിൽ നിന്നും വെള്ളം അരിച്ചു മാറ്റി തണുപ്പിച്ച്‌ ഒരു സ്പ്രേ കണ്ടെയ്നറിൽ സൂക്ഷിക്കുക. അല്ലെങ്കിൽ അരി വെള്ളത്തിൽ കുതിർത്തിയ ശേഷം ആ വെള്ളം ശേഖരിച്ചുപയോഗിച്ചാലും മതി. ഇത് 2-3 ദിവസം കൊണ്ട് പുളിപ്പിച്ച്‌ പിന്നീട് രാവിലെ കുളിക്കുമ്പോഴും ഉറങ്ങുന്നതിനുമുമ്പും മുഖത്തു ഉപയോഗിക്കുക.

കൊറിയ എന്നോർക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്ന വിപ്ലവകരമായ പല മാറ്റങ്ങളുടെയും കാഴ്ചപ്പാടിന്റെയും കൂട്ടത്തിൽ തീർച്ചയായും ഇനി കൊറിയൻ സൗന്ദര്യവർദ്ധക മാർഗ്ഗങ്ങൾ കൂടിയുണ്ടാകും എന്നതിൽ ഒരു സംശയവും വേണ്ട. പ്രകൃതിദത്തമായ മാർഗങ്ങൾ മടികൂടാതെ പരീക്ഷിച്ചാണ് അവർ ചർമസൗന്ദര്യം നിലനിർത്തുന്നതെന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.

Next Story