ഐസിയു പീഡന കേസ്; ചീഫ് നഴ്സിംഗ് ഓഫീസർക്കും നഴ്സിംഗ് സൂപ്രണ്ടിനും സ്ഥലം മാറ്റം

വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി
ഐസിയു പീഡന കേസ്;  ചീഫ് നഴ്സിംഗ് ഓഫീസർക്കും നഴ്സിംഗ് സൂപ്രണ്ടിനും സ്ഥലം മാറ്റം

കോഴിക്കോട്: ഐസിയു പീഡന കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിലെ ചീഫ് നഴ്സിംഗ് ഓഫീസർക്കും നഴ്സിംഗ് സൂപ്രണ്ടിനും സ്ഥലം മാറ്റം. കേസ് സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. അതിജീവിതയെ ഭീഷണിപ്പെടുത്തിയ അഞ്ച് യൂണിയൻ നേതാക്കളുടെ പേരുകൾ പറഞ്ഞ് കൊടുത്തത് ഇവരാണെന്ന സംശയത്തിൽ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി.

ചീഫ് നഴ്സിംഗ് ഓഫീസറെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും നഴ്സിംഗ് സൂപ്രണ്ടിനെ കോന്നി മെഡിക്കൽ കോളേജിലെക്കുമാണ് മാറ്റിയത്. ഇരുവരോടും വിശദീകരണം പോലും ചോദിക്കാതെയാണ് മാറ്റിയതെന്നാണ് ആരോപണം. പീഡനത്തിനിരയായ അതിജീവിതയെ വാർഡിലെത്തി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അഞ്ച് യൂണിയൻ പ്രവർത്തകരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇവരുടെ പേരുകൾ ആരാണ് പറഞ്ഞു കൊടുത്തതെന്ന് ഡിഎംഇ നിയോഗിച്ച അന്വേഷണ സംഘം അന്വേഷിക്കുകയും ചെയ്തിരുന്നു.

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ സീനിയർ നഴ്സിംഗ് ഓഫീസർ, ചീഫ് നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് സൂപ്രണ്ട് എന്നിവർ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും നടത്തിയെന്നും ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീനിയർ നഴ്സിംഗ് ഓഫീസർ പിബി അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ അവർ അഡ്മിനിസ്ടേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com