Top

യുവതിയെ അപമാനിച്ച കേസ്; യൂട്യൂബർ സൂരജ് പാലാക്കാരൻ റിമാൻഡിൽ

29 July 2022 6:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവതിയെ അപമാനിച്ച കേസ്; യൂട്യൂബർ സൂരജ് പാലാക്കാരൻ റിമാൻഡിൽ
X

കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരനെ കോടതി റിമാ‍ൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സൂരജ് നൽകിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്ന് രാവിലെ എറണാകുളം എസിപിക്ക് മുൻപാകെ കീഴടങ്ങിയ സൂരജ് പാലാക്കാരനെ ഉച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നമായിരുന്നു സൂരജ് പാലാക്കാരൻറെ പ്രതികരണം. പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളിയത്.

ക്രൈം ഓൺലൈൻ മാനേജിങ് ഡയറക്ടർ ടി പി നന്ദകുമാറിനെതിരേ പരാതി നൽകിയ അടിമാലി സ്വദേശിനിയുടെ പരാതിയിൽ തന്നെയാണ് സൂരജിനെതിരേയും കേസെടുത്തിരിക്കുന്നത്. ടി പി നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് സൂരജ് മോശമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. പട്ടികജാതിപട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യാമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.

STORY HIGHLIGHTS: youtuber sooraj palakkaran remanded for 14 days

Next Story