Top

'വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണം'; പ്രണയ ബന്ധങ്ങളിലെ സ്വഭാവഹത്യയില്‍ വിമര്‍ശനവുമായി വനിത കമ്മീഷന്‍

ഏതൊരു ബന്ധത്തിലും വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാന്‍ പരിശീലിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് സതീദേവി പറഞ്ഞു.

15 Jan 2022 5:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണം; പ്രണയ ബന്ധങ്ങളിലെ സ്വഭാവഹത്യയില്‍ വിമര്‍ശനവുമായി വനിത കമ്മീഷന്‍
X

വളര്‍ന്നുവരുന്ന യുവതലമുറ പ്രണയബന്ധത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് അജ്ഞരാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഒരാള്‍ പ്രണയബന്ധത്തില്‍നിന്ന് പിന്മാറിയാല്‍ അയാളെ വ്യക്തിഹത്യയും സ്വഭാവഹത്യയും ചെയ്യുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്നും സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്‍ മെഗാ അദാലത്തിലെ പരാതികള്‍ പരിഗണിച്ച ശേഷം സംസാരിക്കുവെയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. അദാലത്തില്‍ ഇത്തരത്തില്‍ നിരവധി പരാതികളാണ് ഉയര്‍ന്നുവന്നതെന്നും സതീദേവി പറഞ്ഞു.

ഏതൊരു ബന്ധത്തിലും വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറുന്ന പങ്കാളിയെ ഇല്ലാതാക്കുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

പ്രധാനമായും ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് ഓരോ സ്ഥാപനത്തിലും ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. നിലവിലെ നിയമങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ നടപടിയുണ്ടാകണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റികള്‍ ശക്തമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 88 പരാതികളാണ് ആകെ ലഭിച്ചിട്ടുള്ളത്. ഇതില്‍ 28 എണ്ണം തീര്‍പ്പാക്കി. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും മൂന്നെണ്ണത്തില്‍ പൊലീസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും കമ്മീഷന്‍ വ്യക്തമാക്കി.

Next Story

Popular Stories