Top

'സമസ്ത വേദിയിലേത് താലിബാന്‍ മോഡല്‍ അലര്‍ച്ച'; ഇത് ജനാധിപത്യകേരളമാണെന്ന് വി മുരളീധരന്‍

വാളയാര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നാണ്. യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്നും മുരളീധരന്‍.

13 May 2022 2:02 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമസ്ത വേദിയിലേത് താലിബാന്‍ മോഡല്‍ അലര്‍ച്ച; ഇത് ജനാധിപത്യകേരളമാണെന്ന് വി മുരളീധരന്‍
X

സമസ്ത വേദിയിലുണ്ടായത് താലിബാന്‍ മോഡല്‍ അലര്‍ച്ചയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. രാജ്യത്ത് താലിബാന്‍ ഭരണമല്ല നടക്കുന്നതെന്നും ഇത് ജനാധിപത്യ കേരളമാണെന്നും മുരളീധരന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

''വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരും നാല് ദിവസമെടുത്തു. പരസ്യമായി പെണ്‍കുട്ടിയെ അവഹേളിച്ച ആള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്. യോഗി ആദിത്യനാഥിനെതിരായ അമര്‍ഷം എന്ത് കൊണ്ട് സമസ്ത നേതാവിനെതിരെ കാണിക്കുന്നില്ല. കോടിയേരിയുടെ മകന്റെ കുട്ടിക്ക് ഹോര്‍ലിക്‌സ് കിട്ടാത്തത്തിന് കേസ് എടുത്തവരാണ് ബാലാവകാശ കമ്മീഷന്‍.'' എന്നാല്‍ സമസ്ത വേദിയിലെ അപമാനത്തില്‍ കമ്മീഷന് മിണ്ടാട്ടമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് രണ്ട് നീതിയാണ്. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് പോലെ എന്ത് കൊണ്ട് സമസ്ത നേതാവിനെതിരെ നടപടി ഉണ്ടാകുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തെറ്റ് തിരുത്തുമെന്നും ബിജെപിക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും വി മുരളീധരന്‍ പറഞ്ഞു. ''പിണറായി വിജയന്‍ പറയുന്നത് സിപിഐഎം നേതാക്കളുടെ പോക്കറ്റ് നിറക്കുന്ന വികസനമാണ്. കെ റെയില്‍ പോലെ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പദ്ധതി മറ്റാരും അവതരിപ്പിച്ചിട്ടില്ല.'' ഹൃദയം ഇല്ലാത്തവരുടെ പക്ഷമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ആവാത്തവര്‍ എങ്ങനെ വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും. കേന്ദ്രത്തെ വിമര്‍ശിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിനും സര്‍ക്കാരിനും ഉറക്കമില്ല. ക്രിയാത്മക പ്രതിപക്ഷമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. എന്നാല്‍ സര്‍ക്കാരുമായി പ്രതിപക്ഷം നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. ഇവര്‍ തമ്മില്‍ നടക്കുന്നത് സൗഹൃദ മത്സരമാണ്. വാളയാര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഒന്നാണ്.'' യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്നും മുരളീധരന്‍ പറഞ്ഞു.

Next Story