Top

'കേരളത്തിൽ ട്രെയിൻ വേഗം 160 കിലോമീറ്റർ വരെയാക്കും'; പി കെ കൃഷ്ണദാസ്

17 March 2023 9:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിൽ ട്രെയിൻ വേഗം 160 കിലോമീറ്റർ വരെയാക്കും; പി കെ കൃഷ്ണദാസ്
X

കൊല്ലം: കേരളത്തിലോടുന്ന എല്ലാ എക്‌സ്പ്രസ് ട്രെയിനുകളുടെയും വേഗത 130 മുതൽ 160 കിലോമീറ്റർ വരെയാക്കും. ഇതുസംബന്ധിച്ച തീരുമാനം റെയിൽവേ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വേഗതയിൽ ഓടിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലിഡാസ് എന്ന് പറയുന്ന പുതിയ സർവെ റെയിൽവേ ഈ മാസം ആരംഭിക്കും.

തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ലിഡാസ് സർവെ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചായിരിക്കും സർവെ നടപ്പിലാക്കുന്നത്. സർവെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റെയിൽ പാതയിലുള്ള അതിവേഗ തീവണ്ടികൾ ഓടിക്കാൻ തടസമായി നിൽക്കുന്ന വളവുകൾ പരിഹരിക്കുന്നതിന് ഭൂമി ഏറ്റെടുക്കും. ഇതിന് സമാന്തരമായി സിഗ്നൽ സിസ്റ്റവും മോഡനൈസ് ചെയ്യും. ഇതുരണ്ടും പൂർത്തിയായിക്കഴിഞ്ഞാൽ കേരളത്തിലോടുന്ന എല്ലാ എക്‌സപ്രസ് ടെയിനുകളുടെയും വേഗത 130 മുതൽ 160 വരെ കിലോമീറ്റർ വേഗതയിലാക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

കൊല്ലം റയിൽവെ സ്റ്റേഷനിൽ നടക്കുന്ന 361 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും പി കെ കൃഷ്ണദാസ് വിലയിരുത്തി. 2024ൽ കൊല്ലം സ്റ്റേഷൻ്റെ ആദ്യഘട്ടം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച അദ്ദേഹം യാത്രക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കൂടാതെ ആലപ്പുഴ റെയിൽവേസ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് പി കെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തു മുതൽ 12 കോടിവരെ രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ യാത്രക്കാർക്കുവേണ്ട സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Train speed to be increased up to 160 km in Kerala says PK Krishna das

Next Story