Top

'പാര്‍ലമെന്റിലും തദ്ദേശ തെരഞ്ഞെടുപ്പിലും 20,000 വോട്ട് വീതം'; രണ്ടും കൂടെ കിട്ടിയാല്‍ താന്‍ ജയിക്കില്ലേയെന്ന് എ എന്‍ രാധാകൃഷ്ണന്‍

'തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമൊന്നുമല്ല'

21 May 2022 10:29 AM GMT
വിജയലക്ഷ്മി വി

പാര്‍ലമെന്റിലും തദ്ദേശ തെരഞ്ഞെടുപ്പിലും 20,000 വോട്ട് വീതം; രണ്ടും കൂടെ കിട്ടിയാല്‍ താന്‍ ജയിക്കില്ലേയെന്ന് എ എന്‍ രാധാകൃഷ്ണന്‍
X

തൃക്കാക്കര: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ഇരുപതിനായിരം വോട്ട് വീതമാണ് ലഭിച്ചതെന്നും അത് ഒരുമിച്ച് കിട്ടിയാല്‍ ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയാല്‍ തനിക്ക് ജയിക്കാന്‍ കഴിയുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. റിപ്പോര്‍ട്ടര്‍ ലൈവിനോടാണ് അദ്ദേഹം വിജയപ്രതീക്ഷ പങ്കുവെച്ചത്. മണ്ഡലത്തില്‍ വളര്‍ച്ചയുണ്ടായത് ബിജെപിക്ക് മാത്രമാണ്. നാലിരട്ടി വര്‍ധനവ് പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകളില്‍ ഉണ്ടായെന്നു അദ്ദേഹം പറഞ്ഞു.

തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമൊന്നുമല്ല. കഴിഞ്ഞ ദിവസവും കൂടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ട് പോയി. കോണ്‍ഗ്രസില്‍ നിന്നും എല്ലാവരും പോവുകയാണ്. വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയാത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നതന്നും അദ്ദേഹം പരിഹസിച്ചു.

എ എന്‍ രാധാകൃഷ്ണന്റെ വാക്കുകള്‍:

നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് മുന്നോട്ട് പോകുന്നത്. എല്ലാ പ്രവര്‍ത്തകരും വളരേ ആവേശത്തിലാണ്. വളരേ സന്തോഷകരമായ സാഹചര്യമാണ് ഉള്ളത്. ഇപ്പോള്‍ താമരക്കാലമാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ ജയിച്ചു കഴിഞ്ഞു. ജനങ്ങള്‍ വലിയ അംഗീകാരം നല്‍കിയിരിക്കുന്നു. ഇടതുപക്ഷത്തിന് ഒരു സീറ്റേ ജില്ലയില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. താമരക്കാലത്തിന്റെ അന്തരീക്ഷം ഉയര്‍ത്തിപ്പിടിച്ചാണ് ഞാന്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കെ റെയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതൊരു തട്ടിപ്പ്- തട്ടിക്കൂട്ട് പരിപാടിയാണ്. കമ്മീഷന്‍ പരിപാടിയാണ്. ഒരിക്കലും വരാന്‍ പോകുന്നില്ല. എല്ലാ വീടിന്റേയും അടുക്കളയില്‍ വെള്ളം കയറുന്നു. വെള്ളം കൊണ്ട് ആളുകള്‍ക്ക് ജീവിക്കാന്‍ വയ്യാതെയായിരിക്കുന്നു. അതിന് കുറച്ച് പൈസകൊടുക്കാന്‍ വയ്യ. അവരാണ് ഇത് ഉണ്ടാക്കാന്‍ പോകുന്നത്. 23 കിലോമീറ്റര്‍ റോഡ് ഉണ്ടാക്കാന്‍ 40 കൊല്ലം. കൊല്ലം ബൈപ്പാസ് ഉണ്ടാക്കാന്‍ 30 കൊല്ലം. ആലപ്പുഴ ബൈപ്പാസ് ഉണ്ടാക്കാന്‍ 32 കൊല്ലം. നമ്മുടെ ഈ മണ്ഡലത്തിലെ ചെലവന്നൂര്‍ റോഡ് 1972ല്‍ തുടങ്ങിയതാ. അത് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലേപ്പടി തുതിയൂര്‍ റോഡ്, അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ അങ്ങനെ അവര്‍ കെ റെയില്‍ ഉണ്ടാക്കും.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഐഎം ഇല്ലല്ലോ. അങ്ങനെയാണെങ്കില്‍ അവരുടെ ഓള്‍ ഇന്ത്യാ ഓഫീസ് ഒക്കെ പൂട്ടേണ്ട. പണ്ട് എല്‍ഡിഎഫിന് ഇവിടെ 65,000 വോട്ട് ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ ഉള്ളത് 42,000 വോട്ടാണ്. അത് എവിടെപ്പോയി. 2015ന് ശേഷം ഗ്രാഫ് എടുത്ത് നോക്കൂ. നാലിരട്ടി വര്‍ധനവ് ഉണ്ടായത് ഞങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങള്‍ മാത്രമേ ഇവിടെ വളര്‍ന്നിട്ടുള്ളൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 20,000ത്തിനു മുകളില്‍ വോട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 20,000ത്തിന് മുകളില്‍ വോട്ടുണ്ട്. രണ്ടും കൂടെ കിട്ടിയാല്‍ എനിക്ക് ജയിക്കാന്‍ കഴിയില്ലേ.

തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമൊന്നുമല്ല. അതൊക്കെ കഴിഞ്ഞു. ഇനി യുഡിഎഫിനൊപ്പം ആര് പോകാനാണ്. കഴിഞ്ഞ ദിവസവും കൂടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ട് പോയില്ലേ. എല്ലാരും പോവുകയാണ്.

അല്‍ഫോണ്‍സ് കണ്ണന്താനം ദേശീയ നേതാവാണ്. കെ സുരേന്ദ്രന്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. പികെ കൃഷ്ണദാസ് ക്യാമ്പ് ചെയ്യുന്നുണ്ട്, കുമ്മനം രാജശേഖരന്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാന നേതാക്കന്മാര്‍ക്കും നാലഞ്ച് ബൂത്തുകളുടെ ചുമതലയുണ്ട്. എല്ലാ നേതാക്കന്മാരും ഇവിടെയുണ്ട്.

STORY HIGHLIGHTS: Thrikkakara By Election BJP Candidate AN Radhakrishnan says he can win the election if he gets the 40,000 votes that BJP bagged in Parliament and local body elections

Next Story