Top

'ബുള്ളറ്റിലാണ് കക്ഷിയുടെ സഞ്ചാരം, മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍, ഉള്ളുതുറന്ന ചിരി'; ഓര്‍ത്തെടുത്ത് തോമസ് ഐസക്ക്

'കുട്ടികളെ ഓമനിക്കുന്ന ചിത്രങ്ങള്‍ നമ്മുടെ കണ്ണുനിറയ്ക്കും'

3 Dec 2021 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബുള്ളറ്റിലാണ് കക്ഷിയുടെ സഞ്ചാരം, മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയില്‍, ഉള്ളുതുറന്ന ചിരി; ഓര്‍ത്തെടുത്ത് തോമസ് ഐസക്ക്
X

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സിപിഐഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പിബി സന്ദീപ് കുമാറിനൊപ്പമുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് തോമസ് ഐസക്ക്. തിരുവല്ലയില്‍ താന്‍ എത്തിയാല്‍ ഏത് തിരക്കായാലും സന്ദീപ് ഓടിയെത്തുമെന്നും നാട്ടുകാര്യങ്ങളും രാഷ്ട്രീയവും അടങ്ങുന്ന സംഭാഷണങ്ങളാണ് നടത്തിയിട്ടുള്ളെതന്നും തോമസ് ഐസക്ക് പറഞ്ഞു.

തോമസ് ഐസക്ക് പറഞ്ഞത്: ''പെരിങ്ങരയിലെ നാട്ടുവഴികളില്‍ സന്ദീപിന്റെ ചിരിയും ബുള്ളറ്റിന്റെ ശബ്ദവും ചിരപരിചിതമാണ്. ഒരു ബുള്ളറ്റിലാണ് കക്ഷിയുടെ സഞ്ചാരം. പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരിക്കുമ്പോഴും മുഴുവന്‍ സമയവും ജനങ്ങള്‍ക്കിടയിലായിരിക്കും. നാട്ടുകാരുടെ ഏത് പ്രശ്‌നത്തിലും ഇടപെടും എല്ലാവരോടും ഉള്ളുതുറന്ന ചിരിയോടെയുള്ള ഇടപെടല്‍. ഏറെ ജനകീയനായ ചെറുപ്പക്കാരന്‍. സന്ദീപിന്റെ ജനകീയ ഇടപെടലിന്റെ ഭാഗമായിക്കൂടെയാണ് നൂറ്റി അമ്പതോളം ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക് ആകൃഷ്ടരായി വന്നത്. 27 വര്‍ഷത്തിനുശേഷം പെരിങ്ങര പഞ്ചായത്ത് തിരിച്ചു പിടിക്കുന്നതില്‍ ഈ 36കാരന്റെ പങ്കു നിര്‍ണ്ണായകമായിരുന്നു. അതുകൊണ്ടായിരിക്കാം കൊലയുടെ ആസൂത്രണവും നേതൃത്വവും ആ പ്രദേശത്തെ അറിയപ്പെടുന്ന ആര്‍എസ്എസുകാരന്‍ ഏറ്റെടുത്തത്. തിരുവല്ലയില്‍ ഞാന്‍ എത്തിയാല്‍ ഏത് തിരക്കായാലും ഓടിയെത്തും. അധികം വര്‍ത്തമാനം പറയാറില്ല. എങ്കിലും കുറച്ചു നാട്ടുകാര്യങ്ങളും രാഷ്ട്രീയവും അടങ്ങുന്ന സംഭാഷണം. മിക്കവാറും കൂടെ കുറച്ച് സഖാക്കളും ഉണ്ടാകും. മകന്‍ നിഹാന് മൂന്നര വയസ്സ്, രണ്ടാമത്തെ കുഞ്ഞിനു മൂന്നുമാസം പ്രായം. കുട്ടികളെ ഓമനിക്കുന്ന ചിത്രങ്ങള്‍ നമ്മുടെ കണ്ണുനിറയ്ക്കും.''

അതേസമയം, സന്ദീപ് കുമാറിന്റെ കൊലപാതകം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് ആരോപിച്ച് സിപിഐഎം രംഗത്തെത്തി. നവംബര്‍ അവസാനവാരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ തിരുവല്ലയില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നെന്നും ഈ യോഗത്തിലാണ് സന്ദീപ് കുമാറിനെ കൊല്ലാനുള്ള തീരുമാനമെടുത്തതെന്നും ജനീഷ് കുമാര്‍ എംഎല്‍എ ആരോപിച്ചു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലാണ് ജനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

''ബിജെപി സംസ്ഥാന നേതാക്കള്‍ പത്തുദിവസത്തോളം പത്തനംതിട്ടയിലുണ്ടായിരുന്നു. തിരുവല്ലയില്‍ എത്തിയ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ അര്‍ധരാത്രി അസ്വാഭാവിക യോഗങ്ങള്‍ ചേര്‍ന്നു. ചില ആളുകളെ മാത്രം വിളിച്ചായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഈ യോഗങ്ങള്‍. ഒരു രാത്രി നടത്തിയ ഗൂഢാലോചനയാണ് സന്ദീപിന്റെ മരണത്തില്‍ കലാശിച്ചത്.'' സുരേന്ദ്രനും നേതാക്കളും നടത്തിയ രഹസ്യയോഗത്തെക്കുറിച്ച് പൊലീസ് അന്വേഷണിക്കണമെന്നും നിലവില്‍ പ്രതികളായവര്‍ക്ക് ഒറ്റയ്ക്ക് തീരുമാനമെടുത്ത് സന്ദീപിനെ കൊല്ലാന്‍ സാധിക്കില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

സന്ദീപിന്റെ അരുംകൊല ആര്‍എസ്എസ് ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ ഉന്നതതല അന്വേഷണം നടത്തണം. കൊലയാളി സംഘത്തെ ജനത്തിനിടയില്‍ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജനം രംഗത്തിറങ്ങണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

''സിപിഐഎം പ്രവര്‍ത്തകരെ കൊലചെയ്യുന്നത് ആര്‍എസ്എസ് തുടരുകയാണ്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ടിയുടെ 20 പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. ഇതില്‍ 15 പേരെ കൊന്നതും ബിജെപി ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസ് ന്റെ കൊലക്കത്തിക്കിരയായത് 215 സിപിഐ എം പ്രവര്‍ത്തകരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തില്‍ 588 സിപിഐ എം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു. ഇത്തരത്തില്‍ കൊല നടത്തി പാര്‍ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്ന് മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എം ന്റെ മുദ്രാവാക്യമല്ല, ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍പെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം.''-കോടിയേരി പറഞ്ഞു.

Next Story

Popular Stories