Top

ദീപുവിന്റെ കൊലപാതകം; പ്രതിപ്പട്ടികയിലുൾപ്പെട്ടവരുടെ പാർട്ടിയുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്ന പരാമർശം സുപ്രീംകോടതി നീക്കി

ഹണി എം വർഗീസ് നൽകിയ ഹർജിയിൽ ജഡ്ജിമാരായ എസ്. അബ്ദുൽ നസീർ, ജെ. മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണു നടപടി.

6 Aug 2022 12:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദീപുവിന്റെ കൊലപാതകം; പ്രതിപ്പട്ടികയിലുൾപ്പെട്ടവരുടെ പാർട്ടിയുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്ന പരാമർശം സുപ്രീംകോടതി നീക്കി
X

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഉത്തരവിലെ പരാമർശം നീക്കി സുപ്രീംകോടതി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പാർട്ടിയുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിനു ബന്ധമുണ്ടെന്ന പരാമർശമാണ് സുപ്രീംകോടതി നീക്കിയത്. ജുഡീഷ്യൽ ഓഫിസർമാരെ സംരക്ഷിക്കുന്ന നിലപാടാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നു വേണ്ടിയിരുന്നത്. ഇത്തരം പരാമർശങ്ങൾ അനുവദനീയമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഹണി എം വർഗീസ് നൽകിയ ഹർജിയിൽ ജഡ്ജിമാരായ എസ്. അബ്ദുൽ നസീർ, ജെ. മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണു നടപടി. നേരത്തെ ഈ പരാമർശം കോടതി മരവിപ്പിച്ചിരുന്നു. ജഡ്ജിക്കു സിപിഐഎം ബന്ധമുണ്ടെന്നും കേസിൽ തനിക്കു നീതി ലഭിക്കില്ലെന്നും കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛൻ ആരോപിച്ചിരുന്നു.

കേസിൽ പ്രതികളായ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്.

സിപിഐഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് വീയൂട്ട് അബ്ദുല്‍ റഹ്മാന്‍ (36), സിപിഐഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍ (27), നെടുങ്ങാടന്‍ വീട്ടില്‍ ബഷീര്‍ (27), കാവുങ്ങപ്പറമ്പ് വലിയ പറമ്പില്‍ അസീസ് (42) എന്നിവരാണ് പ്രതികൾ.

കുന്നത്തുനാട് എംഎല്‍എയ്‌ക്കെതിരെ നടത്തിയ വിളക്കണയ്ക്കല്‍ പ്രതിഷേധ സമരത്തിനിടെയാണു ദീപുവിനു സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ട്വന്റി ട്വന്റിയുടെ എല്‍ഇഡി സ്ട്രീറ്റ്ലൈറ്റ് പദ്ധതി തടഞ്ഞുവെന്നാരോപിച്ച എംഎല്‍എയ്ക്കെതിരെയാണ് വിളക്കണക്കല്‍ സമരം സംഘടിപ്പിച്ചത്.

പ്രതികളുടെ ജാമ്യഹർജി നേരത്തെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരിക്കുന്നത്. പട്ടികജാതി/ വര്‍ഗ പീഡനം തടയല്‍ നിയമപ്രകാരമപള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കോടതി വീഴ്ച്ച വരുത്തിയതായി ഹൈക്കോടതി കണ്ടെത്തിയതോടെയാണ് കേസ് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

STORY HIGHLIGHTS: Death of Twenty20 leader Deepu; supreme court remove the statement of high court verdict

Next Story