
മിലാന്‍: ഇറ്റലിയിലെ മിലാൻ ബെർഗാമോ വിമാനത്താവളത്തിൽ പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിൻ്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. സ്‌പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിൻ്റെ എന്‍ജിനില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. യുവാവ് റൺവേയിലേക്ക് കടന്നതാണ് അപകടത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പൊലീസ് പിന്തുടര്‍ന്നതിനെ തുടർന്നാണ് യുവാവ് റണ്‍വേയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റണ്‍വേയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 35 വയസ്സുകാരനാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ അറിയിച്ചു. സംഭവത്തിൽ ബെര്‍ഗാമോ വിമാനത്താവള അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
ഇറ്റലിയിലെ മിലാൻ ബെർഗാമോ വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനഗതാഗതം തടസ്സപ്പെട്ടതായി ബെര്‍ഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്‌തെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്‌ളൈറ്റ്‌റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു.
Content Highlight : A young man died tragically after getting stuck in the engine of the plane in Italy