Top

ഡെങ്കിപ്പനി: ഏഴ് ജില്ലകൾക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം

മറ്റ് ജില്ലകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം

15 Nov 2022 6:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡെങ്കിപ്പനി: ഏഴ് ജില്ലകൾക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം
X

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപിക്കുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ പ്രത്യേക ജാ​ഗ്രതാ നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാ​ഗ്രതാ നിർദേശം. സംസ്ഥാന തലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം.

മറ്റ് ജില്ലകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. ഇതിനായി ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കണമെന്നും യോ​ഗത്തിൽ നിർദേശമുണ്ടായി. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം, അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം, ഫോ​ഗിം​ങ് ശസ്ത്രീയമാക്കണം, നീണ്ടു നിൽക്കുന്ന പനി ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗത്തിൽ നിർദേശിച്ചു. വീടിനകത്തും പുറത്തും വെളളം കെട്ടിനിൽക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം, ചെടിച്ചട്ടികളിലും ഫ്രിഡ്ജിലെ ട്രേയിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നും നിർദേശമുണ്ടായി.

STORY HIGHLIGHTS: Special alert for seven districts for Dengue outbreak

Next Story