'വിഡ്ഡികളെ വിശ്വസിപ്പിക്കാന്‍ നമ്പി നാരായണന് മിടുക്കന്'; വാദങ്ങള്‍ ഐഎസ്ആര്‍ഒയിലെ ആരും അംഗീകരിക്കില്ലെന്ന് ശശികുമാര്‍
ടെലിവിഷന്‍ ചാനലുകളിലൂടെയും 'റോക്കട്രി ദി നമ്പി ഇഫക്ട്' എന്ന സിനിമയിലൂടെയും നമ്പി നാരായണന് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം
10 Aug 2022 1:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെതിരെ വിമര്‍ശനവുമായി ചാരവൃത്തി കേസില്‍ കൂട്ടുപ്രതിയായിരുന്ന ശശികുമാര്‍ രംഗത്ത്. ടെലിവിഷന്‍ ചാനലുകളിലൂടെയും 'റോക്കട്രി ദി നമ്പി ഇഫക്ട്' എന്ന സിനിമയിലൂടെയും നമ്പി നാരായണന് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇത്തരം പ്രചരണങ്ങള്‍ ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ് എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ രാജന് ചെറുകാടുമായി നടത്തിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട ശശികുമാര്‍ ഐഎസ്ആര്‍ഒ ഫാബ്രിക്കേഷന്‍ ആന്റ് ടെക്നോളജി ഡിവിഷനിലെ സീനിയര്‍ ശാസ്ത്രജ്ഞനായിരുന്നു.
'ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ എന്ന സ്ഥാപനത്തെ അപമാനിക്കുകയാണ് നമ്പി നാരായണന് ചെയ്യുന്നത്. ഇതിലൂടെ നമ്മുടെ രാജ്യത്തെ തന്നെയാണ് അപമാനിക്കുന്നത്. ഐഎസ്ആര്‍ഒയിലെ മുഖ്യ ശാസ്ത്രജ്ഞന് താനായിരുന്നു എന്ന രീതിയിലുള്ള നമ്പിയുടെ പ്രചരണങ്ങള്‍ തെറ്റാണ്. നമ്പിയേക്കാള്‍ നൂറിരട്ടി സേവനങ്ങള്‍ ചെയ്ത ഉന്നത ശാസ്ത്രജ്ഞര്‍ ഇത് നിസ്സഹായരായി കേള്‍ക്കുകയാണ്. കേള്‍ക്കുന്നവര്‍ വിഡ്ഡികളാണെന്ന് തോന്നിയാല്‍ അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ മിടുക്കനാണ് നമ്പി നാരായണന്. ഐഎസ്ആര്‍ഒയിലെ ഒരു വ്യക്തി പോലും നമ്പിയുടെ അവകാശവാദങ്ങളെ അംഗീകരിക്കില്ലെന്ന് മാത്രമല്ല പുച്ഛിച്ച് തള്ളുകയും ചെയ്യും', ശശികുമാര്‍ പറഞ്ഞു.
'റോക്കട്രി ദി നമ്പി ഇഫക്ട്' എന്ന ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ക്രൂരവും രാജ്യദ്രോഹവുമാണ്. സിനിമയില്‍ ഭാവനയാകാം. പക്ഷേ അത് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ അവതരിപ്പിക്കരുത്. പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കയാണ്. സിനിമ വിജയിച്ചതിനാല്‍ അയാള്‍ക്ക് ലാഭം കിട്ടും. എന്നാല്‍ സിനിമയിലധികവും കാണിച്ചിരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. ബയോപിക് എന്ന നിലയില്‍ വന്ന സിനിമയില്‍ 90 ശതമാനവും അവാസ്തവമായ കാര്യങ്ങളാണ്. സിനിമയുടെ അവസാന ഭാഗത്ത് നമ്പി പ്രത്യക്ഷപ്പെടുന്നതിനാല്‍ സിനിമ പൂര്‍ണമായും ഫിക്ഷനല്ല. ഇതൊക്കെ തെറ്റാണോ ശരിയാണോ എന്ന് തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് കഴിയുകയുമില്ല', എന്ന് ശശികുമാര്‍ ചൂണ്ടിക്കാട്ടി.
'നമ്പിക്ക് പത്മഭൂഷന്‍ ലഭിക്കുന്നതിനായി ഐഎസ്ആര്‍ഒയില്‍ നിന്ന് ശുപാര്‍ശയൊന്നും പോയിട്ടില്ല. ഐഎസ്ആര്‍ഒയിലെ 400 ശാസ്ത്രജ്ഞര്മാര്ക്കെങ്കിലും നമ്പിയേക്കാള്‍ അര്‍ഹതയുണ്ട് പത്മഭൂഷന്‍ നേടാന്‍. സിനിമയില്‍ എപിജെ അബ്ദുള്‍ കലാമിനെ നമ്പിയുടെ കഥാപാത്രം തിരുത്തുന്ന രംഗം കലാം ജീവിച്ചിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ല. മരിച്ചുപോയവരെപ്പറ്റി എന്തും പറയാമല്ലോ. ആദ്യ കാലത്ത് കലാമിനൊപ്പം പ്രവര്‍ത്തിച്ചു എന്നല്ലാതെ പിന്നീട് ഇരുവരും ഒരുമിച്ച് ഒരു പ്രൊജക്ടില്‍ ഉന്ടായിരുന്നില്ല. നമ്പിയേക്കാള്‍ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞത് ഞാനാണ്. എന്നാല്‍ എനിക്ക് മര്‍ദ്ദനമൊന്നും കിട്ടിയിട്ടില്ല. ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര് ബി ശ്രീകുമാര്‍ മാന്യമായാണ് പെരുമാറിയത്. പീഡനമേറ്റുവെന്ന് നമ്പി പലരേക്കൊണ്ടും പറയിച്ചു', ശശികുമാര്‍ ആരോപിച്ചു.
'ചാരക്കേസില്‍ അന്യായമായി പീഡിപ്പിക്കപ്പെട്ടെന്ന പേരില്‍ കേരള സര്‍ക്കാര്‍ നമ്പിക്ക് ഫണ്ട് നല്‍കിയത് തന്നെ കൗതുകകരമാണ്. ഞാന്‍ ആ പണത്തിനായി പോയില്ല. ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റിന് പാവപ്പെട്ടവന്റെ നികുതിപ്പണം വാങ്ങുന്നതിനോട് എനിക്ക് യോജിപ്പില്ല. അപ്പോഴും നമ്പിയേക്കാള്‍ പ്രയാസമനുഭവിച്ച രണ്ടു സ്ത്രീകളുണ്ടായിരുന്നു. അവര്‍ക്ക് 10,000 രൂപയെങ്കിലും കൊടുക്കാമായിരുന്നു. ഐഎസ്ആര്‍ഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന എഇ മുത്തുനായകം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നമ്പിയുടെ സ്വയം പൊക്കിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രയോജനിക് വികസിപ്പിക്കുന്നതില്‍ നമ്പിയുടെ പങ്കാളിത്തമൊന്നും തന്നെയില്ല എന്ന് പറയാം. നമ്പിയെ അറസ്റ്റ് ചെയ്തതു കൊണ്ട് ഇന്ത്യയില്‍ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ വൈകി എന്ന പ്രചരണത്തില്‍ ഒരു വസ്തുതയുമില്ല. കഴിഞ്ഞ ദിവസം ഒരു ഇന്റര്‍വ്യൂ കണ്ടു. ഞാന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് എന്തോ സംഭവിക്കുമായിരുന്നു എന്ന രീതിയിലാണ് വെച്ചുകാച്ചുന്നത്. നമ്പി എന്റെ സുഹൃത്തൊക്കെ തന്നെയാണ്. എന്നാല്‍ ഇങ്ങനെയുള്ള പ്രചരണങ്ങളെ പിന്തുണയ്ക്കാനാകില്ല. ഒരു സാമാന്യ മര്യാദ വേണ്ടേ? വസ്തുതകള്‍ അറിയുന്നവര്‍ക്ക് കേള്‍ക്കുമ്പോള്‍ അരോചകമായി തോന്നില്ലേ? എല്ലാവരും വിഡ്ഡികളാണെന്ന് ധരിക്കാന്‍ പാടുണ്ടോ? ആയിരക്കണക്കിന് ശാസ്ത്രജ്ഞര്‍ നിശബ്ദമായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെയാണ് ഇങ്ങനെ അപമാനിക്കുന്നത്', എന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു.
STORY HIGHLIGHTS: Sasikumar's Allegations Against Nambi Narayanan