Top

'വിശ്വപൗരനെ എംപിയാക്കിയത് പിണറായി വിജയനല്ല'; ശശി തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

21 Dec 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിശ്വപൗരനെ എംപിയാക്കിയത് പിണറായി വിജയനല്ല; ശശി തരൂരിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിന്റെ നിലപാടിനെ വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശശി തരൂരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനല്ല ശശി തരൂരിനെ എംപിയാക്കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

'തരൂര്‍ ഒരു വിശ്വ പൗരനാണ്. അതെല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ ആ വിശ്വപൗരന് പാര്‍ലമെന്റില്‍ മത്സരിക്കാന്‍ സീറ്റ് കൊടുത്തത് പിണറായി വിജയനല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അദ്ദേഹത്തെ ജയിപ്പിച്ചത് അവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരുമാണ്. കെ റെയില്‍ വിഷയത്തില്‍ യുഡിഫ് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ഒരു നിവേദനം കൊണ്ടു വന്നാല്‍ എല്ലാവരും അത് വായിച്ച് നോക്കിയിട്ടേ ഒപ്പിടൂ. ഞാനുമത് വായിച്ച് നോക്കിയിട്ടാ ഒപ്പിട്ടു കൊടുത്തത്. ശശി തരൂര്‍ അത് വായിച്ച്് നോക്കിയിട്ടാണ് ഒപ്പിട്ടത്. അദ്ദേഹം അതിന്റെ ഉള്ളടക്കം മനസ്സിലാക്കിയില്ല, വായിച്ചില്ല എന്ന് പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ,' ശശി തരൂര്‍ ചോദിച്ചു.

ഇത് തിരുവനന്തപുരം മണ്ഡലത്തെ മാത്രം ബാധിക്കുന്ന ഒരു തീരുമാനമാണെങ്കില്‍ ശശി തരൂരിന് അങ്ങനെ ഒരു തീരുമാനമെടുക്കാം. ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ പറ്റില്ല. ശശി തരൂര്‍ ഇക്കാര്യത്തില്‍ ഉറക്കം നടിക്കുകയാണ്. ഇത് കൊണ്ട് വലിയ ഗുരുതരമായ പ്രതിസന്ധി ഉണ്ടാവാന്‍ പോവുകയാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കോണ്‍ഗ്രസും യുഡിഎഫും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്താക്കാനിറങ്ങില്ല,' രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മേലേ ചാഞ്ഞാല്‍ വെട്ടണം. കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഐഎം കിണഞ്ഞ് പരിശ്രമിച്ചപ്പോള്‍ തരൂരിന് ഒപ്പം നിന്നത് കോണ്‍ഗ്രസാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Next Story