ഒരു വെറൈറ്റി KSRTC കല്യാണക്കഥ; റിപ്പോർട്ടർ പങ്കുവെച്ച വീഡിയോയിൽ ആശംസ അറിയിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

വരനും വധുവിനും കല്യാണത്തിന് പങ്കെടുത്തവര്‍ക്കും കെഎസ്ആര്‍ടിസിയുമായി അടുത്ത ഒരു ബന്ധമുണ്ട്

dot image

കണ്ണൂര്‍: വിവാഹം പല രീതിയില്‍ വെറൈറ്റിയാക്കാന്‍ പലരും ശ്രമിക്കും. എന്നാല്‍ അടിമുടി വെറൈറ്റിയായ ഒരു കല്യാണക്കഥയാണ് കണ്ണൂരില്‍ നിന്നും വരുന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ വ്യത്യസ്തമായ ഒരു കെഎസ്ആര്‍ടിസി കല്യാണമാണ് പറഞ്ഞുവരുന്നത്. വരനും വധുവിനും കല്യാണത്തിന് പങ്കെടുത്തവര്‍ക്കും കെഎസ്ആര്‍ടിസിയുമായി അടുത്ത ഒരു ബന്ധമുണ്ട്. വരന്‍ കെഎസ്ആര്‍ടിസി ഡ്രൈവറും വധു അതിലെ സ്ഥിരം യാത്രക്കാരിയുമാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരുമെത്തി. കല്യാണത്തിന് വരനും സംഘവും എത്തിയത് ഇതേ കെഎസ്ആര്‍ടിസി ബസിലുമാണ്.

കണ്ണൂര്‍ ശ്രീകണ്ഠപുരം അടുക്കം സ്വദേശി സിനു 10 വര്‍ഷമായി ഈ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറാണ്. സ്ഥിരം യാത്രക്കാര്‍ക്ക് അവരുടെ കുടുംബത്തിലെ ഒരംഗമാണ്. കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരാണ് ഈ കെഎസ്ആര്‍ടിസി ബസ്സിലെ സ്ഥിരം യാത്രക്കാരില്‍ കൂടുതലും. അധ്യാപികയായ പരപ്പ സ്വദേശി സുനന്ദയും ഇടക്കാലത്ത് ബസ്സിലേക്ക് കയറി. പിന്നീട് സ്ഥിരം യാത്രക്കാരി. അങ്ങനെ ജീവിതത്തില്‍ ഒറ്റക്കോടിയ ഡ്രൈവര്‍ സിനുവിന്റെ ജീവിതത്തിന് അധ്യാപികയായ സുനന്ദ ഡബിള്‍ ബെല്ലടിച്ചു.

ഈ ബസിലെ സ്ഥിരം യാത്രക്കാരായ 150ലധികം പേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പുമുണ്ട്. സിനുവും സുനന്ദയും തമ്മിലുള്ള സൗഹൃദം വിവാഹത്തിലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ സന്തോഷിച്ചതും ഈ ബസിലെ യാത്രക്കാരാണ്. അങ്ങനെയാണ് ഒരു കെഎസ്ആര്‍ടിസി കല്യാണമായി ഇത് മാറുന്നത്.

കല്യാണത്തിന് പോകാന്‍ ഇതേ കെഎസ്ആര്‍ടിസി ബസ് തന്നെ ഡിപ്പോയില്‍ അപേക്ഷിച്ച് അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ആകെ മൊത്തത്തില്‍ കല്യാണം ഒരു കെഎസ്ആര്‍ടിസി കല്യാണമാകുകയായിരുന്നു. ജീവിതത്തില്‍ വ്യത്യസ്തമായ ഓര്‍മ്മ സമ്മാനിച്ച എല്ലാവരോടും ദമ്പതികളായ സുനന്ദയും സിനുവും റിപ്പോര്‍ട്ടറിലൂടെ നന്ദി അറിയിച്ചു.

അതേസമയം റിപ്പോര്‍ട്ടര്‍ പങ്കുവെച്ച ഈ കെഎസ്ആര്‍ടിസി കല്യാണത്തിന് ആശംസയുമായി ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്തെത്തി. 'നല്ല വാര്‍ത്ത, നല്ല സന്തോഷം, വധുവിനും വരനും വിവാഹ ആശംസകള്‍', എന്നായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയായിരുന്നു ഗണേഷ് കുമാര്‍ കമന്റായി ആശംസകള്‍ അറിയിച്ചത്.

Content Highlights: Variety KSRTC wedding in Kannur Sreekandapuram

dot image
To advertise here,contact us
dot image