Top

'വിഡി സതീശന്‍ ഉള്ളപ്പോള്‍ എന്തിനാണീ പ്രത്യേക പഠനകേന്ദ്രം'; ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസ് പഠനകേന്ദ്രം ഡയറക്ടറായി നിയമിച്ചതില്‍ പരിഹാസവുമായി പിഎസ് പ്രശാന്ത്

രാഷ്ട്രീയം പഠനകേന്ദ്രം ചെറിയാന്‍ ഫിലിപ്പിനെ പറ്റിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണ് എന്നാണ് പിഎസ് പ്രശാന്തിന്റെ പരിഹാസം

16 Feb 2022 7:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഡി സതീശന്‍ ഉള്ളപ്പോള്‍ എന്തിനാണീ പ്രത്യേക പഠനകേന്ദ്രം; ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസ് പഠനകേന്ദ്രം ഡയറക്ടറായി നിയമിച്ചതില്‍ പരിഹാസവുമായി പിഎസ് പ്രശാന്ത്
X

കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടറായി നിയമിതനായ ചെറിയാന്‍ ഫിലിപ്പിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ പിഎസ് പ്രശാന്ത്. ഇപ്പോള്‍ ഉദയം ചെയ്ത രാഷ്ട്രീയം പഠനകേന്ദ്രം ചെറിയാന്‍ ഫിലിപ്പിനെ പറ്റിക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണ് എന്നാണ് പിഎസ് പ്രശാന്തിന്റെ പരിഹാസം. സിപിഐഎം സഹയാത്രികനായി സുഖലോലുപനായി കഴിഞ്ഞ് വരവേ രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട മോഹഭംഗത്താലാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതെന്നും പ്രശാന്ത് ആരോപിച്ചു.

നിലവില്‍ കെപിസിസിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തില്‍ വലപ്പോഴും നടക്കുന്ന കല്യാണമല്ലാതെ ഒന്നും നടക്കുന്നില്ല. സര്‍വ്വ വിജ്ഞാനകോശമായ വിഡി സതീശനുള്ളപ്പോള്‍ പ്രത്യേക പഠനകേന്ദ്രം ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ അധികപറ്റാണ് എന്നാണ് പുതിയ നിലപാടെന്നും പ്രശാന്ത് പരിഹസിച്ചു.

നേരത്തെ കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന പിഎസ് പ്രശാന്ത്, ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ കലാപത്തെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു.

പിഎസ് പ്രശാന്തിന്റെ വാക്കുകള്‍: എങ്ങനെ നടന്നൊരു മനുഷ്യനാണ്..!

മൂന്ന് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ അവസരം.(സ്വന്തം നിയോജക മണ്ഡലമുള്‍പ്പെടെ)

കെടിഡിസി ചെയര്‍മാന്‍ ( ഏറ്റവും വലിയ കോര്‍പ്പറേഷന്‍)

നവകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ( ഓഫീസ് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് താഴെ)

ഖാദി ബോര്‍ഡ് ചെയര്‍മാനായി ഇപ്പോഴും തുടരേണ്ട വ്യക്തി.. !

ചെറിയാന്‍ജീയുടെ നമ്മുടെ ചെറിയാന്‍ ഫിലിപ്പിന്റെ കഥയാണീ പറഞ്ഞ് വരുന്നത്..!

അങ്ങനെ സിപിഐഎം സഹയാത്രികനായി (സഹയാത്രികനാകുമ്പോള്‍ പണിയെടുക്കണ്ടല്ലോ ) സുഖലോലുപനായി കഴിഞ്ഞ് വരവേ.!

''പെട്ടൊന്നൊരു വെളിപാട് '

എന്റെ രാഷട്രീയ വ്യക്തിത്വം നഷ്ട്ടപ്പെട്ടുവോ..?

('രാജ്യസഭ മോഹഭംഗ' മാണെന്നാണ് കരക്കമ്പി..! )

അമാന്തിച്ചില്ല..

എടുത്തോരു ചാട്ടം..!

'ഞാനെന്റെ തറവാട്ടിലേയ്ക്ക് തിരിച്ച് പോകുന്നു'..!

അങ്ങനെ നമ്മുടെ ചെറിയാന്‍ജീയ്ക്കായി കെപിസിസി ഒരു പുതിയ പഠന ഗവേഷണ കേന്ദ്രം ഒരുക്കുന്നു..!

'ചെറിയാന്‍ജീ സ്‌പെഷ്യല്‍ പഠന ഗവേഷണ കേന്ദ്രം'..!

അങ്ങ് ദൂരെ.. നെയ്യാര്‍ ഡാമിനക്കരെ രാജീവ് ഗാന്ധിയുടെ പേരില്‍ കെപിസിസി യ്ക്ക് ഇപ്പോള്‍ ഒരു പഠന ഗവേഷണ കേന്ദ്രമുണ്ട്.

വല്ലപ്പോഴും നടക്കുന്ന കല്യാണമല്ലാതെ അവിടെ ഒരു ഗവേഷണവും നടക്കുന്നതായി അറിവില്ല..!

പശ്ചിമഘട്ടത്തിന്റെ അതിര്‍ത്തിയ്ക്ക് കുറ്റിയടിച്ച ആ കാനന ദേശത്തേയ്ക്ക് ആരും പോകാറുമില്ല..

അതിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ ആരെന്ന് ആര്‍ക്കും അറിയുകയുമില്ല..!

അല്ലെങ്കില്‍ തന്നെ സര്‍വ്വ വിജ്ഞാനകോശമായ ശ്രീ വി ഡി സതീശനുള്ളപ്പോള്‍ എന്തിനാണീ പ്രത്യേക പഠന കേന്ദ്രം..!

ശ്രീ ഉമ്മന്‍ ചാണ്ടിയും ശ്രീ രമേശ് ചെന്നിത്തലയും തന്നെ അധികപറ്റാണ് എന്നാണ് പുതിയ പ്രതിപക്ഷ നേതാവിന്റെ നിലപാട്..!

പിന്നെയാണി ചെറിയാന്‍ജീ..!

ഇപ്പോള്‍ ഉദയം ചെയ്തിരിക്കുന്ന

'ചെറിയാന്‍ജീ സ്‌പെഷ്യല്‍ പഠന കേന്ദ്രം' പാവം ചെറിയാന്‍ജിയെ പറ്റിയ്ക്കാന്‍ വേണ്ടി തട്ടിക്കൂട്ടിയതാണെന്ന് ആര്‍ക്കാണറിയാത്തത്.. (ഒരു പക്ഷേ ചെറിയാന്‍ജീ ഒഴികെ)

ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ.?

പക്ഷേ.. ചെറിയാന്‍ജീ..

കുറച്ച് പാഠങ്ങള്‍ പഠിച്ച് കഴിയുമ്പോള്‍ ഈ രാഷ്ട്രീയ പഠന കേന്ദ്രത്തില്‍ നിന്നും അധികം വൈകാതെ ചില പഠനശകലങ്ങള്‍ പുറത്ത് വരും..!

അത് കേട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഞെട്ടും...!


വാല്‍കഷണം -:

ചെറിയാന്‍ജീ യുടെ ഭാഷയില്‍ പറഞ്ഞാല്‍

'സിപിഐഎം എന്നെ പട്ടിണിക്കിട്ടിട്ടില്ല'.

ചെറിയാന്‍ജീയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം കോശീ..!

മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറപ്പ് കേറ്റുന്നതും ഭവാന്‍..


STORY HIGLIGHTS: PS Prashant mocks appointment of Cherian Philip as Director of Congress Study Center

Next Story