Top

ആവിക്കല്‍ മലിനജല സംസ്‌കരണപ്ലാന്റ്: ജനസഭയില്‍ സംഘര്‍ഷം, പൊലീസ് ലാത്തിവീശി, രണ്ട് പേര്‍ കസ്റ്റഡിയില്‍

മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് ജനസഭ ചേർന്നത്

1 Aug 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആവിക്കല്‍ മലിനജല സംസ്‌കരണപ്ലാന്റ്: ജനസഭയില്‍ സംഘര്‍ഷം, പൊലീസ് ലാത്തിവീശി, രണ്ട് പേര്‍ കസ്റ്റഡിയില്‍
X

കോഴിക്കോട്: ആവിക്കല്‍തോട് മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനസഭയില്‍ സംഘര്‍ഷം. സമരസമിതി പ്രവര്‍ത്തകരെ ജനസഭയിലേക്ക് ക്ഷണിക്കാത്തതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തി. പൊലീസ് ലാത്തി വീശുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോര്‍പറേഷന്റെ ആറാം വാര്‍ഡിലായിരുന്നു ജനസഭ ചേര്‍ന്നത്. സെക്കുലര്‍ വോയ്‌സ് ഓഫ് വെള്ളയില്‍ എന്ന പേരില്‍ സിപിഐഎമ്മിന്റെ പിന്തുണയോടെയായിരുന്നു യോഗം. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആവിക്കല്‍തോട് നിവാസികള്‍ രംഗത്തെത്തി, ഇതിനെ സംഘാടകര്‍ എതിര്‍ക്കുകയായിരുന്നു. ജനസഭ സംഘടിപ്പിച്ചത് കോര്‍പറേഷനല്ലെന്നും പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കില്ലെന്നും സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് ആളുകളെ പുറത്താക്കാനുള്ള പൊലീസിന്റെ ശ്രമത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തി. ഇതേതുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights: Protest In Kozhikode Avikkal Janasabha

Next Story