Top

കെ സുധാകരന്റെ വാഹനത്തിന് പൊലീസ് സുരക്ഷ; കണ്ണൂരിൽ അതീവ ജാ​ഗ്രത

11 Jan 2022 6:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ സുധാകരന്റെ വാഹനത്തിന് പൊലീസ് സുരക്ഷ; കണ്ണൂരിൽ അതീവ ജാ​ഗ്രത
X

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കാെലപാതകവുമായി ബന്ധപ്പെട്ട് സംഘർഷ അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ പൊലീസ് ജാ​ഗ്രത. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വാഹനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കണ്ണൂരിൽ ഡിസിസി ഓഫീസ് കൺവെൻഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പൊലീസ് സംഘമെത്തിയിട്ടുണ്ട്. സിപിഐഎം ശക്തി കേന്ദ്രങ്ങളിലെ കോൺ​ഗ്രസ് ഓഫീസുകൾക്കും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത കോൺ​ഗ്രസ് മേഖലാ കൺവെൻഷനിലേക്ക് ഡിവഐഎഫ്ഐ, സിപിഐഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു.

സ്ഥലത്ത് പൊലീസ് സുരക്ഷയില്ലായിരുന്നെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയായിരുനെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണുണ്ടായതെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തും ആരോപിച്ചിരുന്നു.

ഇതിനിടെ ധീരജ് കൊലക്കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.വധ ശ്രമത്തിനും സംഘം ചേര്‍ന്നതിനും നിഖില്‍ പൈലിയുടെ സുഹൃത്ത് ജെറിന്‍ ജോജോക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയെന്നും ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Next Story