Top

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ എസ് യു സംസ്ഥാന നേതാവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു

അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

27 Jun 2022 12:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശാഭിമാനി ഓഫീസ് ആക്രമണം; കെ എസ് യു സംസ്ഥാന നേതാവുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു
X

വയനാട്: കൽപ്പറ്റയിൽ ദേശാഭിമാനിയുടെ ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം ഏഴ് പേർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കോൺ​ഗ്രസ് പ്രതിഷേധത്തിന് പിന്നാലെയാണ് ഓഫീസിന് നേരെ കല്ലേറ് ഉണ്ടായത്. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ അടക്കം 50ഓളം പേര്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു. ദേശാഭിമാനി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

കൽപ്പറ്റയിലെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കാനാണ് താന്‍ പോയതെന്ന് ജഷീര്‍ പള്ളിവയല്‍ റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. എസ്എഫ്‌ഐ ഓഫീസിന്റെ സമീപത്താണ് ദേശാഭിമാനി ബ്യൂറോ. ''ഇന്നലെ നടന്ന യുഡിഎഫിന്റെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് എസ്എഫ്‌ഐ ഓഫീസിലേക്ക് കല്ല് എറിയാന്‍, ആക്രമിക്കാന്‍ പോയ ഒരാള്‍ തന്നെയാണ് ഞാന്‍. എന്റെ കൈയില്‍ നിന്ന് കല്ല് പതിഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സംഭവിച്ചിട്ടുണ്ടാകാം. ആ സഹപ്രവര്‍ത്തകരുടെ മുന്നില്‍ നിന്നയാള്‍ തന്നെയാണ് ഞാന്‍.'' എന്നും ജഷീർ പറഞ്ഞു.

സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും ദേശാഭിമാനി പത്രത്തിന് നേരെയും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നിരുന്നു. സിപിഐഎമ്മിൻറെ ഓഫീസുകളും പത്ര സ്ഥാപനങ്ങളും അക്രമിക്കുകയാണെന്നും കലാപം ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

STORY HIGHLIGHTS: Police Arrest Seven Youth Congress Activists in Pelting Stone on Deshabhimani Office

Next Story