ദ്രാവിഡിന് വീണ്ടും ചെക്ക് വെച്ച് റൂട്ട്; ഒരു ഐതിഹാസിക നേട്ടം കൂടി

ടെസ്റ്റ് കരിയറിലെ മൊത്തം സെഞ്ച്വറി നേട്ടത്തില്‍ റൂട്ട് നേരത്തേ ദ്രാവിഡിനെ മറികടന്നിരുന്നു

dot image

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറല്ലാത്ത ഒരു ഫീല്‍ഡര്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ റെക്കോര്‍ഡില്‍ രാഹുല്‍ ദ്രാവിഡിനെ പിന്നിലാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ലോര്‍ഡ്സില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ഈ സുവര്‍ണ നേട്ടം റൂട്ട് സ്വന്തമാക്കിയത്. ഒറ്റക്കയ്യന്‍ ക്യാച്ച് എടുത്ത് കരുണ്‍ നായരെ പുറത്താക്കിയതോടെ ദ്രാവിഡിന്‍റെ പേരിലുള്ള റെക്കോര്‍ഡ് പഴങ്കഥയായി. ടെസ്റ്റ് ക്രിക്കറ്റില്‍ റൂട്ടിന്റെ 211-ാമത്തെ ക്യാച്ചായിരുന്നു ഇത്. 164 മത്സരങ്ങളില്‍ നിന്ന് 210 ക്യാച്ചുകളാണ് ദ്രാവിഡിന്‍റെ പേരിലുള്ളത്.

ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ കരുണ്‍ നായരുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയാണ് പന്തെത്തിയത്. ഫസ്റ്റ് സ്ലിപ്പില്‍ നിന്ന റൂട്ട് ഇടത് വശത്തേക്ക് അതിവേഗം ഡൈവ് ചെയ്ത് ഒറ്റക്കൈകൊണ്ട് അത് പിടിച്ചെടുത്തു. ഹെഡിംഗ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജോഷ് ടങ്ങിന്റെ ബൗളിംഗില്‍ ഷാര്‍ദുല്‍ താക്കൂറിനെ ക്യാച്ചെടുത്തുകൊണ്ട് റൂട്ട് ദ്രാവിഡിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.

നേരത്തേ ടെസ്റ്റ് കരിയറിലെ മൊത്തം സെഞ്ച്വറി നേട്ടത്തില്‍ റൂട്ട് ദ്രാവിഡിനെയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നിരുന്നു. ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറിവേട്ടക്കാരില്‍ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗക്കാര(38) എന്നിവര്‍ മാത്രമാണ് 37 സെഞ്ച്വറികളുള്ള റൂട്ടിന് മുന്നിലുള്ളത്.

Content Highlights: England Star joe root breaks rahul dravids record for most catches by a fielder in tests

dot image
To advertise here,contact us
dot image