Top

'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല"; കെ ടി ജലീലിനെ വിമർശിച്ച് പി കെ ഫിറോസ്

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു

7 Jun 2022 3:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിരിയാണിച്ചെമ്പ്  വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല; കെ ടി ജലീലിനെ വിമർശിച്ച് പി കെ ഫിറോസ്
X

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെ പരിഹസിച്ച് തള്ളിയ കെ ടി ജലീലിനെ പരോക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഫിറോസ് കെ ടി ജലീലിനെ പരിഹസിച്ചത്. 'സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..' എന്ന ജലീലിന്‍റെ പ്രതികരണത്തിൻ്റെ അതെ രീതിയിലായിരുന്നു ഫിറോസിന്‍റെ വിമർശനം. "ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് 'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല" എന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.


2016ല്‍ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നു വെച്ച ഒരു ബാഗ് ശിവശങ്കറിന്റെ ആവശ്യപ്രകാരം ദുബായില്‍ എത്തിച്ചിരുന്നെന്നും ഇതില്‍ കറന്‍സിയായിരുന്നെന്നുമാണ് സ്വപ്‌ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

സ്വപ്‌ന സുരേഷ് പറഞ്ഞത് ഇങ്ങനെ:

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്‍മന്ത്രി കെ.ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ട്.

2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് ദുബായില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നെന്ന് സ്‌കാനിംഗ് മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ മനസിലായി. ഇതോടെയാണ് എല്ലാം തുടങ്ങുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കില്ല.

പിന്നീട് പല തവണ കോണ്‍സുല്‍ ജനറലിന്റെ ജവഹര്‍ നഗറിലെ വീട്ടില്‍നിന്ന് ബിരിയാണി വെസല്‍സ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതില്‍ മെറ്റലിന് സമാനമായ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ മൊഴികളില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പറയാന്‍ സാധിക്കില്ല. എല്ലാവരുടെയും പങ്കാളിത്തക്കുറിച്ചും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് മറ്റ് അജണ്ടകളില്ല. അന്വേഷണം കാര്യക്ഷമമാകണം

അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്

ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയില്‍ പ്രതിയായ വ്യക്തി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല.

അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിക്കട്ടെ.

ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും. എന്ന് മുഖ്യമന്ത്രി പറഞ്ഞു

STORY HIGHLIGHTS: PK Feroz criticizes KT Jaleel against swapna suresh statement

Next Story