Top

എകെജി സെന്റർ ആക്രമണം: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഹർജി

പ്രതിയെ പിടികൂടാൻ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

30 July 2022 9:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എകെജി സെന്റർ ആക്രമണം: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ഹർജി
X

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐഎം പിബി അം​ഗം പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിനും, ​ഗൂഢാലോചനക്കും കേസെടുക്കണമെന്ന് ഹർജി. പൊതു പ്രവർത്തകനായ പായ്ച്ചിറ നവാസ് ആണ് ഹർജി നൽകിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.

എകെജി സെന്റർ ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിച്ചിട്ടില്ല. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞതോടെ ഇനിയെങ്കിലും പ്രതിയെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പാർട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിലൂടെ സിപിഐഎം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ചർച്ചയായി.

കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്കൂട്ടറിലെത്തിയ ആൾ സിപിഐഎം ആസ്ഥാനത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനകം അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു.

പരിശോധിച്ച ദൃശ്യത്തിന്റെ പിക്‌സൽ കുറവായതിനാൽ വ്യക്തത വരുത്താൻ സാധിക്കാതെ വന്നതും പൊലീസിന് തിരിച്ചടിയായി. രണ്ട് ഡിവൈഎസ്പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘം അന്വേഷിച്ച കേസ് തെളിവില്ലാതെ പ്രതിസന്ധിയിലായിരുന്നു. പ്രതി സഞ്ചരിച്ചത് ഹോണ്ട ഡിയോ മോഡൽ സ്‌കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോണ്ട ഡിയോ മോഡൽ വാഹനങ്ങളെല്ലാം പരിശോധിച്ചു. 350ൽ അധികം സ്‌കൂട്ടറുകളാണ് ആകെ പരിശോധിച്ചത്. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാൽ അക്രമിയുടെ വാഹനം ഡിയോയുട സ്റ്റാൻഡേർഡ് മോഡൽ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരിൽ നിന്ന് വിവരം ലഭിച്ചു. അതോടെ വണ്ടി കേന്ദ്രീകരിച്ച അന്വേഷണവും വഴിമുട്ടിയിരുന്നു.

സംഭവത്തിന് പിന്നാലെ എ കെ ജി സെന്ററിന് മുന്നിൽ സുരക്ഷയും പരിശോധനയും ശക്തമാക്കുകയും ചെയ്തു. ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലീസ് സംഘത്തിൽ നിന്നും കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എസ് പി എസ്. മധുസൂദനൻറെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ അന്വേഷണ സംഘം കേസിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളിൽ കണ്ടറിയാം.

STORY HIGHLIGHTS: AKG Centre Attack, Petition to file a case against EP Jayarajan and pk sreemathi for incitement

Next Story