Top

'മികവ് സിപിഐഎമ്മിനും അവകാശപ്പെട്ടത് തന്നെ, പക്ഷെ തങ്ങളുടെ മാത്രമാണെന്ന് പറയുന്നത് രാഷ്ട്രീയ അശ്ലീലം': പിസി വിഷണുനാഥ്

ദരിദ്രസൂചികയിലെ നേട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടമാണെന്ന തരത്തില്‍ പ്രചാരണം ആരംഭിച്ച സാഹചര്യത്തിലാണ് കുറിപ്പ്

27 Nov 2021 10:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികവ് സിപിഐഎമ്മിനും അവകാശപ്പെട്ടത് തന്നെ, പക്ഷെ തങ്ങളുടെ മാത്രമാണെന്ന് പറയുന്നത് രാഷ്ട്രീയ അശ്ലീലം: പിസി വിഷണുനാഥ്
X

നീതി ആയോഗ് പുറത്തുവിട്ട ദരിദ്ര സൂചിക കണക്കില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന കേരളത്തിന്റെ നേട്ടം കക്ഷി രാഷ്ട്രീയ സംഘടനകളുടെ സ്വകാര്യവിജയമാക്കുന്നത് രാഷ്ട്രീയ അശ്ലീലമാണെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പിസി വിഷ്ണുനാഥ് എംഎല്‍എ. കണക്ക് തയ്യാറാക്കപ്പെട്ട കാലത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിരുന്നു, എന്നാല്‍ ഈ കണക്കിലെ മികവ് അദ്ദേഹത്തിന്റേയും ആ സര്‍ക്കാരിന്റെയോ കാലത്തെ മാത്രമല്ല, കേരളത്തിലിന്നോളം ഭരിച്ച സര്‍ക്കാരുകളുടെയും വിവിധ ചരിത്രഘടകങ്ങളുടെയും ആകെത്തുകയാണെന്നും പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

'തിരുകൊച്ചി സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന വികസന മാതൃകയാണ് മുന്നോട്ടു വെച്ചത്. സി കേശവന്‍, പനമ്പിള്ളി ഗോവിന്ദ മേനോന്‍ തുടങ്ങിയ ഭരണകര്‍ത്താക്കളുടെ മികവ് അതിനു പിറകിലുണ്ട്. 1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപപ്പെട്ടതിനു ശേഷം കൂടുതല്‍ കാലം ഭരണത്തിന്റെ ചുമതലയിലിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലിരുന്നതോ പങ്കാളിത്തമുള്ളതോ ആയ സര്‍ക്കാരുകളാണ്. ആര്‍. ശങ്കറിനെപ്പോലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ആദ്യമായി കൊണ്ടുവന്ന വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ തലപ്പത്തിരുന്നു സ്ഥാപിച്ച കര്‍മ്മയോഗിയുടെ അധ്വാനത്തിന്റെ ഫലമുണ്ട്. സംസ്ഥാന ചരിത്രത്തിലെ മികച്ച സര്‍ക്കാരുകളില്‍ ഒന്നായ സി അച്യുതമേനോന്റെ നേതൃത്വത്തത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭാവനാപൂര്‍ണമായ ആസൂത്രണത്തിന് ഈ കണക്കില്‍ പങ്കുണ്ട്. വലിയ സ്വപ്നങ്ങളിലേക്ക് കേരളത്തെ പിടിച്ചുയര്‍ത്തിയ കരുണാകരന്റെയും, ആന്റണിയുടെയും കരുതലും വികസനവും ചേര്‍ത്ത ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാരുകള്‍ക്ക് ഈ കണക്കില്‍ പങ്കുണ്ട്. തീര്‍ച്ചയായും സിപിഎം പങ്കാളിത്തമുള്ള സര്‍ക്കാരുകക്ക് കൂടി അവകാശപ്പെടാവുന്ന കണക്കുകളാണ്. എന്നാല്‍, അവരുടെ മാത്രം സംഭാവനയല്ല ഇതെന്നു ഓര്‍മ്മപ്പെടുത്തേണ്ട വിധത്തിലുള്ള പ്രചാരണങ്ങള്‍ ആരംഭിച്ചതിനാലാണ് ഇങ്ങനെ പറയേണ്ടിവരുന്നത്.' പിസി വിഷ്ണുനാഥ് പറഞ്ഞു.ദരിദ്രസൂചികയിലെ നേട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടമാണെന്ന തരത്തില്‍ പ്രചാരണം ആരംഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിശദീകരണം നല്‍കേണ്ടി വരുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. ഇവിടെ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്ന പോസ്റ്ററിന് ഒപ്പമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടെന്ന കണക്കുകള്‍ പങ്കുവച്ചത്. സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം മുന്നിലാണ്. കേരളം നമ്പര്‍ വണ്‍ എന്ന ഇടത് പക്ഷ പ്രചരണ വാചകം ഉര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം മാത്രമാണ് എന്ന് ചൂണ്ടിക്കാട്ടുന്നു എങ്കിലും നേട്ടം ഇടത് ഭരണകാലത്തേത് ആണ് എന്ന് മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ അവകാശപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്.എന്നാല്‍ ഇതിനകം തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചൂണ്ടികാട്ടി രംഗത്തെത്തിയിട്ടുണ്ട്. മെട്രോയും, അന്താരാഷ്ട്ര ടെര്‍മിനലും, പാലങ്ങളും, റോഡുകള്‍ വികസനത്തിന്റെ വലിയ നേട്ടങ്ങള്‍ കൊണ്ടുവന്ന കാലമാണ് ഉമ്മന്‍ചാണ്ടി നയിച്ച യുഡിഎഫ് സര്‍ക്കാര്‍. ഇതിനൊപ്പം സാധാരണക്കാരനെയും, അരികുവത്ക്കരിക്കപ്പെട്ടവനെയും ചേര്‍ത്ത് പിടിക്കുന്ന നടപടികളും സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്ന കണക്കുകളില്‍ വ്യക്തമാവുന്നത് എന്നാണ് പ്രതിപക്ഷ നിരയിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

കേരളം ദാരിദ്ര്യ സൂചികയില്‍ ഏറ്റവും പിന്നിലാണ് എന്ന നിതി ആയോഗ് റിപ്പോര്‍ട്ട് കേരളത്തിന് അഭിമാനമാണ്. 201516 അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിതി ആയോഗ് പുറത്തു വിട്ടിട്ടുള്ളത്. ഈ അംഗീകാരം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ പരിപാടികളെ പ്രതിഫലിക്കുന്നതാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി.

Next Story

Popular Stories