Top

'ജേക്കബ് തോമസിന് നേരെയായിരുന്നു ആദ്യ കത്തി, അഴിമതിക്കാരെ പിടിച്ചുകെട്ടാനുള്ള പഴുതുകൾ അടച്ചുപൂട്ടുകയാണ് സർക്കാർ'; പിസി വിഷ്ണുനാഥ്

സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാറിന്റെ ധൃതിപ്പെട്ടുള്ള നീക്കം

25 Jan 2022 12:05 PM GMT
അന്‍ഷിഫ് ആസ്യ മജീദ്

ജേക്കബ് തോമസിന് നേരെയായിരുന്നു ആദ്യ കത്തി, അഴിമതിക്കാരെ പിടിച്ചുകെട്ടാനുള്ള പഴുതുകൾ അടച്ചുപൂട്ടുകയാണ് സർക്കാർ; പിസി വിഷ്ണുനാഥ്
X

ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി പിസി വിഷ്ണുനാഥ്. അഴിമതി വിരുദ്ധ ഭരണം എന്ന മാനിഫെസ്റ്റോ മുന്നിൽവെച്ച് അധികാരത്തിൽ എത്തിയ പിണറായി സർക്കാർ അഴിമതിക്കാരെ പിടിച്ചുകെട്ടാനുള്ള എല്ലാ പഴുതുകളും സസൂക്ഷ്മം അടച്ചുപൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധതയുടെ 'പോസ്റ്റർ ബോയ്' ആയി ഉയർത്തിക്കാട്ടിയ ജേക്കബ് തോമസിനു നേർക്കു തന്നെയാണ് ആദ്യത്തെ കത്തി ഉയർന്നത്. അദ്ദേഹം ചുമതല വഹിച്ച വിജിലൻസിനുണ്ടായിരുന്ന അധികാരമെല്ലാം വെട്ടിക്കുറച്ച് തുടങ്ങിയ 'അഴിമതി സംരക്ഷണ ജൈത്രയാത്ര' ഇപ്പോൾ ലോകായുക്തയുടെ അധികാരം കവർന്നെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കയാണെന്നും അദ്ദേഹം വിമർശിച്ചു.

പിസി വിഷ്ണുനാഥിന്റെ കുറിപ്പ്

ആദ്യത്തെ ഇഎംഎസ് സർക്കാറിന്റെ കാലത്ത് അന്നത്തെ കോൺഗ്രസ് നേതാവ് ടി ഒ ബാവ സാഹിബാണ് ആന്ധ്രാ അരി കുംഭകോണം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഐക്യ കേരളത്തിലെ ആദ്യത്തെ സാമ്പത്തിക അഴിമതിയാണ് അന്ന് വെളിച്ചത്തുവന്നത്. തുടർന്ന് ജസ്റ്റിസ് രാമൻനായർ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ നിർബന്ധിതരായി. അരി ഇടപാടിൽ വൻ ക്രമക്കേട് കണ്ടെത്തിയെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചത്. അത് നിയമസഭയിൽ വെച്ചപ്പോൾ മന്ത്രി ഉൾപ്പെടെയുള്ള അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി റിപ്പോർട്ട് അംഗീകരിക്കുന്നില്ല, തള്ളിക്കളയുകയാണെന്ന നിലപാടാണ് ഇഎംഎസ് എടുത്തത്. 'അഴിമതി വിരുദ്ധത' എന്നത് എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് കേവലം വാചാടോപം മാത്രമാണെന്ന് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിൽ നിന്നു തന്നെ വ്യക്തമാണ്.

1983-ലാണ് അഴിമതി തടയാനുള്ള നിയമം നിയമസഭയുടെ മുന്നിൽ വന്നത്. പിന്നീട് ഇകെ നായനാർ സർക്കാറിന്റെ കാലത്താണ് ഇന്നു കാണുന്ന വിധത്തിലുള്ള ലോകായുക്ത നിയമം പ്രാബല്യത്തിൽ വന്നത്. ആ നിയമത്തിന്റെ അന്ത:ത്ത തന്നെ ഇല്ലാതാക്കാനാണ് മറ്റൊരു എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നത് വിരോധാഭാസമാണ്.

അഴിമതി വിരുദ്ധ ഭരണം എന്ന മാനിഫെസ്റ്റോ മുന്നിൽവെച്ച് അധികാരത്തിൽ എത്തിയ പിണറായി സർക്കാർ അഴിമതിക്കാരെ പിടിച്ചുകെട്ടാനുള്ള എല്ലാ പഴുതുകളും സസൂക്ഷ്മം അടച്ചുപൂട്ടുകയാണ്. അഴിമതി വിരുദ്ധതയുടെ 'പോസ്റ്റർ ബോയ്' ആയി ഉയർത്തിക്കാട്ടിയ ജേക്കബ് തോമസിനു നേർക്കു തന്നെയാണ് ആദ്യത്തെ കത്തി ഉയർന്നത്. അദ്ദേഹം ചുമതല വഹിച്ച വിജിലൻസിനുണ്ടായിരുന്ന അധികാരമെല്ലാം വെട്ടിക്കുറച്ച് തുടങ്ങിയ 'അഴിമതി സംരക്ഷണ ജൈത്രയാത്ര' ഇപ്പോൾ ലോകായുക്തയുടെ അധികാരം കവർന്നെടുക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കയാണ്.

സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാറിന്റെ ധൃതിപ്പെട്ടുള്ള നീക്കം. ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെയും ലോകായുക്തയുടെ മുന്നിൽ പരാതി നിൽക്കുകയാണ്.

ഒന്നാം പിണറായി സർക്കാറിൽ കെ ടി ജലീലിനെതിരായ ലോകായുക്തയുടെ വിധിയും തുടർന്ന് അദ്ദേഹം രാജിവെക്കേണ്ടി വന്ന സാഹചര്യവും എൽഡിഎഫിന് തിരിച്ചടിയായിരുന്നു. അത്തരമൊരു അവസ്ഥ ബിന്ദുവിനുൾപ്പെടെ ഉണ്ടാകുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉണ്ടെന്നിരിക്കെ പ്രതിപക്ഷ നേതാവിനെയോ പ്രതിപക്ഷത്തെയോ അറിയിക്കാതെയാണ് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള വലിയ ഭേദഗതി കൊണ്ടുവരുന്നത്. ഈ ഓർഡിനൻസ് പ്രബുദ്ധ കേരളത്തിന് അപമാനമാണ്.

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന ഒരു സ്ഥാപനത്തിന്റെ അധികാരത്തെ തന്നെ ഇല്ലാതാക്കി അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുമ്പോഴും നമ്മുടെ സാംസ്‌കാരിക ലോകം മൗനത്തിലാണ്. അഴിമതി വിരുദ്ധതയുടെ വക്താക്കളായി സിപിഎമ്മിനെയും പിണറായി വിജയനെയും അവതരിപ്പിക്കുന്ന ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും ഇനി ഈ വഴിക്ക് കണ്ടുപോകരുത്...

Next Story