
തിരുവനന്തപുരം: കേവലം ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമത്തിൽ മാത്രം ഒതുങ്ങുന്നതല്ല മെഡിക്കൽ കോളേജിലെ പ്രതിസന്ധിയെന്ന് റിപ്പോർട്ടറിൻ്റെ എസ്ഐടി അന്വേഷണം. രോഗികൾക്ക് വേണ്ട കിടക്കകളോ വൃത്തിയായ ശുചിമുറികളോ അവശ്യ രോഗങ്ങൾക്ക് വേണ്ട മരുന്നുകളോ ഇല്ലാതെ രോഗികൾ നെട്ടോട്ടമോടുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടു.
രോഗികളെ ബുദ്ധിമുട്ടിലാക്കുന്ന നിരവധി വീഴ്ചകൾ റിപ്പോർട്ടർ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി ആശുപത്രിയിലെ പ്രധാനപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയപ്പോൾ രോഗികളുടെ കിടപ്പ് വാർഡുകളിൽ തറയിലും കോറിഡോറിലും ശുചിമുറികളുടെ സമീപത്തുമായി മാറിയിട്ടുണ്ട്. ഏറ്റവും അധികം രോഗികൾ ചികിത്സയ്ക്ക് എത്തുന്ന ജനറൽ മെഡിസിൻ വിഭാഗത്തിൽ 1,2,3,4,14,27,28 എന്നീ ഏഴ് വാർഡുകളിൽ പ്രതിസന്ധി രൂക്ഷമാണ്. ഒരു കിടക്കയിൽ രണ്ടുപേരെ കിടത്താനും അധികൃതർക്ക് മടിയില്ല.
പ്രമേഹം കരൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് മരുന്നുകൾ രോഗികൾ പുറത്തുനിന്നും വാങ്ങി കഴിക്കേണ്ട അവസ്ഥയുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണത്തിന് 1014 കോടി രൂപ വേണ്ടയിടത്ത് 356 കോടിയാണ് ഇതുവരെ അനുവദിച്ചത്. ഇതോടെ ആശുപത്രിയിൽ എത്തി വലയുന്നത് രോഗികളും കൂട്ടിരിപ്പുകാരുമാണെന്നാണ് വ്യക്തമാകുന്നത്.
Patients in distress at Thiruvananthapuram Medical College